kerala

ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം, സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; ഇഡി സുപ്രീം കോടതിയില്‍

By Test User

March 20, 2021

ഡല്‍ഹി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി എം ശിവശങ്കറിന്റെ ജാമ്യം അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീം കോടതിയില്‍. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് ശിവശങ്കര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് അപേക്ഷയില്‍ ഇഡി പറയുന്നു. ഡല്‍ഹിയിലെ ഇഡി ആസ്ഥാനത്തെ ഡെപ്യൂട്ടി ഡയറക്ടര്‍ ജിതേന്ദ്ര കുമാര്‍ ഗോഗിയയാണ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കാന്‍ ശിവശങ്കര്‍ ശ്രമിക്കുന്നുവെന്ന് ഇഡി പറയുന്നു. ശിവശങ്കറിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജി നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്ത കാര്യവും ഇഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഈ നീക്കം നിയമവാഴ്ച ഉറപ്പാക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് അപേക്ഷയില്‍ പറയുന്നു.