മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് ഇ.ഡി സമന്‍സ് അയച്ചത് എസ്.എന്‍.സി ലാവലിന്‍ കേസിലെന്ന വിവരങ്ങള്‍ പുറത്ത്. 2023ലാണ് വിവേകിന് ഇ.ഡി സമന്‍സ് അയച്ചത്. ക്രൈം നന്ദകുമാറിന്റെ പരാതിയിലായിരുന്നു മകനെതിരെ ഇ.ഡി അന്വേഷണം. ലാവലിന്‍ കമ്പനി ഡയറക്ടറായിരുന്ന ദിലീപ് രാഹുലന്‍ വിവേക് കിരണിന്റെ വിദ്യാഭ്യാസ ചെലവിന് പണം നല്‍കി എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി സമന്‍സ് അയച്ചത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഹാജരാകാനായി വിവേകിന് ഇ.ഡി സമന്‍സ് അയച്ചതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. 2023ല്‍ അയച്ച സമന്‍സിന്റെ പകര്‍പ്പാണ് പുറത്തു വന്നത്.
അതേസമയം വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഭവന പദ്ധതിയിലെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇ.ഡി സമന്‍സ് അയച്ചത് എന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരങ്ങള്‍.
2020 ലാണ് ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് ഇ.ഡി എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇ.സി.ഐ.ആര്‍) രജിസ്റ്റര്‍ ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന പ്രകാരമായിരുന്നു നടപടി. മുഖ്യമന്ത്രിയുടെ മകന്റെ യു.കെയിലെ വിദ്യാഭ്യാസത്തിനായി ദിലീപ് രാഹുലന്‍ വലിയ തുക ചെലവഴിച്ചുവെന്ന മൊഴിയും ഇ.സി.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴിയിലെ വിവരങ്ങള്‍ പരിശോധിക്കുന്നതിനു വേണ്ടിയാണ് വിവേകിന് ഇ.ഡി സമന്‍സയച്ചത്.
എന്നാല്‍ പിന്നീട് സമന്‍സില്‍ തുടര്‍നടപടികളുണ്ടായില്ല.