kerala

മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമന്‍സ്: വിവരം പൂഴ്ത്തിവെച്ചതില്‍ ദുരൂഹതയെന്ന് കെസി വേണുഗോപാല്‍ എംപി

By webdesk14

October 11, 2025

കള്ളപ്പണം വെളിപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമന്‍സ് അയച്ച വിവരം പൂഴ്ത്തിവെച്ചതില്‍ ദുരൂഹതയുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.

ഇ.ഡി 2023ലാണ് നോട്ടീസ് നല്‍കിയത്. എന്നാലത് ഇപ്പോഴാണ് പുറത്തുവന്നത്. അതീവ രഹസ്യമായിട്ടാണ് ഇ.ഡി മുഖ്യമന്ത്രിയുടെ മകന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സമന്‍സ് നല്‍കിയത്. കോണ്‍ഗ്രസിന്റെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതാക്കള്‍ക്കെതിരെ നോട്ടീസ് നല്‍കിയാല്‍ അത് ഇ.ഡി ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തന്നെ രാജ്യവ്യാപകമായിയത് പ്രസിദ്ധീകരിക്കും. ഒരു കാര്യവുമില്ലെങ്കിലും ചോദ്യം ചെയ്യലും അറസ്റ്റും മറ്റുമായി വലിയ വാര്‍ത്താപ്രാധാന്യം അവര്‍ ഉണ്ടാക്കിയെടുക്കും. നാഷണല്‍ ഹെറാള്‍ഡ് കേസ്, ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ തുടങ്ങിയവരുടെ കേസില്‍ കാട്ടിയ കോലാഹലം നമ്മുക്ക് മുന്നിലുണ്ട്. കേരളത്തിലെ സിപിഎം മുഖ്യമന്ത്രിയുടെയും മകന്റെയും കാര്യത്തില്‍ ഇ.ഡി അത്തരം വലിയ പ്രചരണത്തിന് നിന്നില്ല. മുഖ്യമന്ത്രിയുടെ മകനെതിരായ തുടര്‍ നടപടിയെന്തായിരുന്നുവെന്ന് ഇ.ഡി സമാധാനം പറയണം. ഈ കേസിന്റെ നിലവിലെ അവസ്ഥയെന്താണ്? മുഖ്യമന്ത്രിയുടെ മകനെ ചോദ്യം ചെയ്‌തോ? ഈ കേസ് ഇപ്പോഴും നടക്കുന്നുണ്ടോ? ഉള്‍പ്പെടെ ഇ.ഡിയില്‍ നിന്ന് മറുപടി കിട്ടേണ്ട നിരവധി ചോദ്യങ്ങളുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ഇഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് വാദത്തിന് പറഞ്ഞാല്‍ പോലും മുഖ്യമന്ത്രിയും സിപിഎമ്മും എന്തുകൊണ്ട് അന്ന് ഈ സമന്‍സിനെതിരെ പ്രതികരിച്ചില്ലെന്ന് കെസി വേണുഗോപാല്‍ ചോദിച്ചു.ഇഡിയുടെ സമന്‍സിനെതിരെ നിയമപോരാട്ടത്തിന് മുന്നോട്ട് വരാതിരുന്ന മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാടിനേയും കെസി വേണുഗോപാല്‍ വിമര്‍ശിച്ചു. ഇ.ഡിയുടേത് പോലെ സമന്‍സിന്റെ വിവരം രഹസ്യമാക്കി വെയ്ക്കണമെന്ന് മുഖ്യമന്ത്രിക്കും സിപിഎമ്മിനും നിര്‍ബന്ധമുണ്ടായിരുന്നു. സിപിഎമ്മും ഇഡിയും കേരള സര്‍ക്കാരും മുഖ്യമന്ത്രിയും ഈ സമന്‍സ് വിവരം പൂഴ്ത്തിവെച്ചത് കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്നും കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

പ്രോട്ടോക്കോള്‍ ലംഘിച്ചുള്ള മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും തമ്മിലുള്ള കേരള ഹൗസിലെ പ്രഭാത ഭക്ഷണം കഴിക്കലും കേന്ദ്ര മന്ത്രിമാരുടെ വീടുകളില്‍ ഉദ്യോഗസ്ഥരില്ലാതെയുള്ള പിണറായി വിജയന്റെ സന്ദര്‍ശനവും ഇതിനിടെയാണ് നടന്നത്. ഇതൊല്ലം കൂട്ടിവായിച്ചാല്‍ ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്ന് വ്യക്തമാണ്. അതില്‍ വ്യക്തത വരുത്തേണ്ട ഉത്തരവാദിത്തം കേരള മുഖ്യമന്ത്രിക്കുണ്ട്. ഇതെല്ലാം തെറ്റാണെന്നും തട്ടിപ്പാണെന്നും തുറന്ന് പറയാന്‍ മുഖ്യമന്ത്രി തയ്യാറാകുമോ? അതല്ലാതെ മടിയില്‍ കനമില്ലെന്ന് വെറുതെ പറഞ്ഞിട്ട് കാര്യമില്ലെന്നും വസ്തുനിഷ്ഠമായി മറുപടിപറയണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ഷാഫിക്കെതിരായ ആക്രമം സ്വര്‍ണ്ണക്കൊള്ളയില്‍ നിന്ന് സര്‍ക്കാരിന് രക്ഷപെടാനുള്ള തന്ത്രം:

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരായ ആക്രമണം ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ നിന്ന് സര്‍ക്കാരിന് രക്ഷപെടാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ഒരു ജനപ്രതിനിധിക്ക് സ്വന്തം മണ്ഡലത്തില്‍ ഒരു സംഭവസ്ഥലം സന്ദര്‍ശിച്ചാല്‍ ഇതാണ് അനുഭവം.ഇത് കാട്ടുനീതിയാണ്. രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് പോലീസുകാര്‍ക്ക്.ഇതൊന്നും കണക്കില്‍പ്പെടാതെ പോകില്ലെന്ന് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ മറക്കണ്ട. ഇത്രയും വലിയ ആക്രമണം ഉണ്ടായിട്ടും അതിനെ ന്യായീകരിക്കുന്ന സിപിഎം നിലപാട് നട്ടുച്ചയ്ക്ക് ഇരുട്ടാണെന്ന് പറയുന്നത് പോലെയാണ്. ശബരിമലയിലെ സ്വര്‍ണ്ണമോഷണത്തിലും ആദ്യം ഒന്നും സഭവിച്ചില്ലെന്നാണ് അവര്‍ പറഞ്ഞത്. കോടതിയും മാധ്യമങ്ങളും അതിലെ സത്യം പുറത്തുകൊണ്ടുവന്നപ്പോള്‍ എല്ലാത്തിനും ഉത്തരവാദികള്‍ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് കൈകഴുകയാണ്. സിപിഎമ്മിന്റെ തട്ടിപ്പ് കേരള ജനതയ്ക്ക് നന്നായിയറിയാമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.