എടപ്പാള്‍: മലപ്പുറം എടപ്പാളില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. ചേകന്നൂര്‍ മുതുമുറ്റത്ത് വീട്ടില്‍ മുഹമ്മദ് കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. 125 പവനും 65,000 രൂപയുമാണ് കവര്‍ന്നത്. വ്യാഴാഴ്ചയാണ് മോഷണം നടന്നത്.

രാവിലെ 11.30 ഓടെ വീട് പൂട്ടി പുറത്ത് പോയ മുഹമ്മദ് കുട്ടിയും കുടുംബവും രാത്രി 9.30 യോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

പൊന്നാനി പൊലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും വീട്ടിലെത്തി തെളിവെടുത്തു.

ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മുഹമ്മദ് കുട്ടിയുടെ മകന്‍ സുഹൈലിന്റെ വിവാഹം നടന്നത്. മകളുടെ വിവാഹത്തിന് കരുതിവെച്ചതും മരുമകളുടെ സ്വര്‍ണവുമാണ് കവര്‍ന്നതെന്നാണ് വീട്ടുകാര്‍ പറയുന്നത്.

കുടുംബം വീട് പൂട്ടി പുറത്ത് പോകുന്നതിന് മുമ്പു തന്നെ മോഷ്ടാവ് അകത്ത് കയറിയിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. വീട്ടുകാരുമായി അടുത്ത ബന്ധമുള്ളവരെ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. ശാസ്ത്രീയ പരിശോധനകള്‍ നടന്നുവരികയാണ്.