ഭരണപരാജയത്തിന്റെ സാക്ഷ്യപ്പെടുത്തലായി നീതീന്യായ കോടതിയില്‍നിന്നും ജനകീയ കോടതിയില്‍നിന്നും ഒരുപോലെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടും, വീഴ്ചകള്‍ കണ്ടെത്താനോ തിരുത്താനോ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമല്ലെന്ന് വ്യക്തമാക്കുന്നതാണ് സെന്‍കുമാര്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രതികരണം. ഇന്നു വന്ന കോടതി ഉത്തരവ് നാളെത്തന്നെ നടപ്പാക്കാന്‍ കഴിയില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം നീതീന്യായ സംവിധാനത്തെ വെല്ലുവിളിക്കുന്നതും കോടതി ഉത്തരവിനെ നിന്ദിക്കുന്നതുമാണ്. ടി.പി സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്ത് പുനഃപ്രതിഷ്ഠിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് വന്ന് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുവരെ ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. രൂക്ഷമായ വിമര്‍ശനങ്ങളോടെയാണ് പരമോന്നത നീതിപീഠം ലോക്‌നാഥ് ബെഹ്‌റയെ ഡി.ജി.പിയായി നിയമിച്ചത് നിയമപരമായല്ലെന്ന് വിലയിരുത്തിയതും. സെന്‍കുമാറിനെ പുനര്‍ നിയമിക്കാന്‍ ഉത്തരവിട്ടതും. കഴിഞ്ഞ ദിവസം എറണാകുളത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പൊലീസ് മേധാവിയായി ലോക്‌നാഥ് ബെഹ്‌റയെ പങ്കെടുപ്പിച്ച് സര്‍ക്കാര്‍ കോടതി ഉത്തരവിനെ പരസ്യമായി വെല്ലുവിളിച്ചിരുന്നു.
കോടതി ഉത്തരവ് നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജിയുമായി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. എന്നാല്‍ ഇതിനു ശേഷവും കോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാറിന് താല്‍പര്യമില്ലെന്ന് സൂചിപ്പിക്കുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്.
സുപ്രീംകോടതി ഉത്തരവോടെ ലോക്‌നാഥ് ബെഹ്‌റയെ ഡി.ജി.പിയായി നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി അസാധുവായെന്നാണ് നിയമ വൃത്തങ്ങളില്‍നിന്നുള്ള വിലയിരുത്തല്‍. കോടതി ഉത്തരവോടെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് താന്‍ സ്വാഭാവികമായി നിയമിക്കപ്പെട്ടെന്ന വാദം സെന്‍കുമാറും ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിന് കടകവിരുദ്ധമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. ചീഫ് സെക്രട്ടറി നളിനി നെറ്റോയെ പ്രതിസ്ഥാനത്തു നിര്‍ത്തിയാണ് സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, കേന്ദ്ര സര്‍ക്കാര്‍ എന്നിവരെയും കേസില്‍ കക്ഷിയാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരുവശത്ത് നീതിന്യായ സംവിധാനത്തെ വെല്ലുവിളിക്കുമ്പോള്‍ മറുവശത്ത് ജനങ്ങളെയും വെല്ലുവിളിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. സ്ത്രീകള്‍ക്കെതിരെ അശ്ലീലം കലര്‍ത്തി അധിക്ഷേപ പ്രസംഗം നടത്തിയ മന്ത്രി എം.എം മണിയുടെ രാജിക്കു വേണ്ടിയുള്ള മുറവിളിയോട് സര്‍ക്കാര്‍ കാണിക്കുന്ന ധാര്‍ഷ്ട്യം നിറഞ്ഞ നിലപാട് ഇതിന് ഉദാഹരണമാണ്. മൂന്നാര്‍ സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ കഴിയുമോ എന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ നോക്കുന്നത്. കഴിഞ്ഞ ദിവസം മൂന്നാറിലെ സമരപ്പന്തലിലുണ്ടായ നാടകീയ രംഗങ്ങള്‍ ഇതിന് തെളിവാണ്.
മാന്യമായ കൂലിക്കും മറ്റ് അനുകൂല്യങ്ങള്‍ക്കും വേണ്ടിയാണ് പൊമ്പിളൈ ഒരുമൈ എന്ന കൂട്ടായ്മക്കു കീഴില്‍ മൂന്നാറിലെ തോട്ടം സ്ത്രീ തൊഴിലാളികള്‍ തെരുവില്‍ ഇറങ്ങിയതും സമരം ചെയ്തതും. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ജനകീയ മുന്നേറ്റങ്ങളില്‍ ഒന്നായിരുന്നു ഇത്. കൂലിയും ബോണസും വര്‍ധിപ്പിക്കാന്‍ തയ്യാറല്ലെന്ന് നിലപാടെടുത്ത തോട്ടം ഉടമകള്‍ക്കെതിരെയായിരുന്നു ആ സമരമുന്നേറ്റം. ജനകീയ പ്രക്ഷോഭത്തിനൊപ്പം നില്‍ക്കുകയാണ് അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. ന്യായമായ ആവശ്യങ്ങള്‍ തോട്ടം ഉടമകളെക്കൊണ്ട് അംഗീകരിപ്പിക്കാനും അതുവഴി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും അന്നത്തെ യു.ഡി.എഫ് സര്‍ക്കാറിന് കഴിഞ്ഞു. അത്തരമൊരു സമരത്തെയാണ് സംസ്ഥാനത്തെ ഒരു മന്ത്രി ഏറ്റവും തരം താഴ്ന്ന നിലയില്‍ അധിക്ഷേപിച്ചത്. വിവാദ പ്രസംഗങ്ങള്‍ എം.എം മണി മുമ്പും നടത്തിയിട്ടുണ്ട്. എന്നാല്‍ അന്നൊന്നും അദ്ദേഹം മന്ത്രിയായിരുന്നില്ല. ഔദ്യോഗിക പദവിയില്‍ ഇരുന്നുകൊണ്ട് ഇത്തരം തരംതാഴ്ന്ന വാക്കുകള്‍ പ്രയോഗിക്കാനോ അധിക്ഷേപ പ്രസംഗം നടത്താനോ പാടില്ലെന്ന് തിരിച്ചറിയാനുള്ള വകതിരിവ് ഒരു മന്ത്രിക്ക് ഇല്ലാതെ പോകുന്നതിനെ നാടന്‍ ശൈലിയെന്ന മുട്ടാപ്പോക്ക് ന്യായം കൊണ്ട് നേരിടാന്‍ ശ്രമിക്കുന്നത് ബാലിശമാണ്.
മൂന്നാറിലെ ഭൂമി കൈയേറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുമ്പോഴെല്ലാം സംരക്ഷകരുടെ വേഷം കെട്ടി സി.പി.എം രംഗപ്രവേശം ചെയ്യുന്നത് എന്തിനാണെന്ന് കേരളത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യത അവര്‍ക്കുണ്ട്. ചെറുകിട കുടിയേറ്റക്കാരുടേയും മത, ആരാധനാ കേന്ദ്രങ്ങളേയുടെയും പേരില്‍ സഹാനുഭൂതി സൃഷ്ടിച്ചെടുത്ത് വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് തടയാനുള്ള ആസൂത്രിത നീക്കം സി.പി.എം എല്ലാ കാലത്തും നടത്തിയിട്ടുണ്ട്. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ നടന്ന മൂന്നാര്‍ ഒഴിപ്പിക്കല്‍ നടപടിയെയും ഏറ്റവും രൂക്ഷമായ രീതിയില്‍ ചെറുത്തുനിന്നത് സി.പി.എം ആയിരുന്നു. അന്ന് വി.എസ് അച്യുതാനന്ദനെതിരെ പരസ്യ വെല്ലുവിളിയുമായി മുന്നില്‍നിന്നയാളാണ് എം.എം മണി. മന്ത്രി എം.എം മണിയുടെ സഹോദരന്‍ എം.എം ലംബോധരനെതിരെ ഉയര്‍ന്നിരിക്കുന്ന ഭൂമി കൈയേറ്റ ആരോപണം ഈ പശ്ചാത്തലത്തില്‍ പ്രത്യേകം പരിശോധിക്കപ്പെടേണ്ടതുണ്ട്.
കൈയറ്റം ഒഴിപ്പിക്കുന്നത് ഉള്‍പ്പെടെ മിക്ക വിഷയങ്ങളിലും സംസ്ഥാനം ഭരിക്കുന്ന മുന്നണിയിലെ രണ്ട് പ്രബല കക്ഷികള്‍ രണ്ടു വഴിക്കാണ് ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. കൈയറ്റം ഒഴിപ്പിക്കല്‍ തുടരുമെന്ന് റവന്യൂ മന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പറയുമ്പോള്‍, എല്ലാവരുമായും ചര്‍ച്ച ചെയ്തിട്ട് മതിയെന്ന നിലപാടിലാണ് മുഖ്യമന്ത്രി. വന്‍കിട കൈയേറ്റക്കാരെ സംരക്ഷിക്കില്ലെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍തന്നെ, മൂന്നാറില്‍ സി.പി.എം നടത്തുന്ന ചെറുത്തുനില്‍പ്പ് ആര്‍ക്കുവേണ്ടിയാണെന്ന ചോദ്യം ഉയരുന്നുണ്ട്. ഒരു തുണ്ട് സര്‍ക്കാര്‍ ഭൂമിയെങ്കിലും കൈയേറിയിട്ടുണ്ടെങ്കില്‍, അത് ആരില്‍നിന്നായാലും തിരിച്ചുപിടിക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കേണ്ടതുണ്ട്.