Connect with us

Video Stories

ബി.ജെ.പിക്കുള്ള പാഠം, പ്രതിപക്ഷത്തിനും

Published

on

കോണ്‍ഗ്രസ ്മുക്തഭാരതം മുദ്രാവാക്യമാക്കി കേവലം മുപ്പത്തിയൊന്നുശതമാനം വോട്ടുകളുടെ പിന്‍ബലത്തില്‍ അധികാരത്തിലേറിയ വര്‍ഗീയ ഫാസിസ്റ്റ്കക്ഷിയുടെ യാഗാശ്വങ്ങളെ കൂച്ചുവിലങ്ങണിയിക്കുന്നതാണ് ഇന്നലെപുറത്തുവന്ന രണ്ടുസംസ്ഥാനങ്ങളിലെ അഞ്ച് ഉപതിരഞ്ഞെടുപ്പുഫലങ്ങള്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥ് പ്രവചിച്ചതുപോലെ, 2019 മേയിലെ ലോക്‌സഭാതിരഞ്ഞെടുപ്പിനുള്ള ‘ഡ്രസ് റിഹേഴ്‌സലായി’ ഈഫലങ്ങളെ വിലയിരുത്താം. സ്വന്തമായ 282ല്‍ നൂറിലധികം സീറ്റുകള്‍ നേടിത്തന്ന യു.പിയിലെയും ബീഹാറിലെയും ബി.ജെ.പിയുടെ തുറുപ്പുചീട്ടാണ് ഇന്നലത്തെ ഫലത്തോടെ ഛിന്നഭിന്നമായിരിക്കുന്നത്. ലോക്‌സഭാംഗങ്ങളായിരുന്ന യോഗിആദിത്യനാഥും ഉപമുഖ്യന്‍ കേശവ്പ്രസാദ് മൗര്യയും രാജിവെച്ച ഗോരഖ്പൂരിലും ഫൂല്‍പൂരിലും ആ പാര്‍ട്ടിക്ക് കനത്തപ്രഹരം യു.പി. ജനത നല്‍കിയിരിക്കുന്നു. ബീഹാറിലെ ഒരുലോക്‌സഭാസീറ്റിലെയും രണ്ടു നിയമസഭാസീറ്റുകളിലെയും ഉപതിരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് ഒരു നിയമസഭാമണ്ഡലത്തിലേ വിജയിക്കാനായിട്ടുള്ളൂ.
കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ ഗോരഖ്പൂരില്‍ മുഖ്യമന്ത്രി വിജയിച്ചത് 51 ശതമാനം വോട്ടോടെ 3,12,783 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു. എന്നാല്‍ ഇവിടെ ബി.ജെ.പിയുടെ ഉപേന്ദ്രദത്ത് ശുക്ലയെ ഇന്നലെ വന്‍ഭൂരിപക്ഷത്തോടെ അട്ടിമറിച്ചത് സമാജ്‌വാദിപാര്‍ട്ടിയുടെ പ്രവീണ്‍ നിഷാദാണ് ഫൂല്‍പൂരില്‍ എസ്.പിയുടെതന്നെ നാഗേന്ദ്രസിംഗ് പട്ടേല്‍ ബി.ജെ.പിയുടെ കൗശലേന്ദ്രസിംഗ് പ്‌ട്ടേലിനെ 53, 613 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. അഞ്ചുതവണ വന്‍ഭൂരിപക്ഷത്തോടെ ലോക്‌സഭയിലേക്ക് വണ്ടികയറിയ ആദിത്യനാഥിന്റെ ഗോരഖ്പൂര്‍ കോട്ട കുലുങ്ങിയിരിക്കുന്നു. ഗോരഖ്പൂര്‍ ക്ഷേത്രത്തിലെ പൂജാരികൂടിയാണ് ഹിന്ദുയുവവാഹിനി എന്ന വര്‍ഗീയക്കൂട്ടത്തിന്റെ പ്രണേതാവായ നാല്‍പത്തഞ്ചുകാരനായ ആദിത്യനാഥ്. ക്ഷേത്രനഗരി അതിനുമുമ്പും മൂന്നുതവണ മറ്റൊരു ബി.ജെ.പിയോഗിയെ അവൈദ്യനാഥിനെ, ലോക്‌സഭയിലേക്ക് വിജയിപ്പിച്ചയച്ചിട്ടുണ്ട്. പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍നെഹ്രു 1952ല്‍ വിജയിച്ച ഫൂല്‍പൂരിലും സമാനമായഭൂരിപക്ഷമാണ് (2014ല്‍ 3.08,308) ബി.ജെ.പിക്ക് ലഭിച്ചിരുന്നത്. 2014ല്‍ ബീഹാറിലെ ആകെയുള്ള നാല്‍പതില്‍ മുപ്പതുസീറ്റുകള്‍ നേടിയ ബി.ജെ.പിക്ക് സംസ്ഥാനത്തെ അറാറിയ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലും കനത്തതോല്‍വി ഏറ്റുവാങ്ങേണ്ടിവന്നിരിക്കുകയാണ്. ഇവിടെ ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി ആണ് വിജയിയെങ്കിലും 2014ല്‍ നിതീഷ്‌കുമാറിന്റെ ജനതാദളു(യു)മായി ചേര്‍ന്നായിരുന്നു അതെങ്കില്‍ ഇത്തവണത്തേത് ഒറ്റക്ക് നിന്നാണെന്നത് ചില്ലറ കാര്യമല്ല. ബീഹാറില്‍ ഇന്നലെ ഫലംവന്ന രണ്ടു നിയമസഭാ മണ്്ഡലങ്ങളില്‍ ഒരെണ്ണത്തില്‍മാത്രമാണ് ബി.ജെ.പിക്ക് പേരിനെങ്കിലും വിജയിക്കാനായിരിക്കുന്നത്. അവസരവാദരാഷ്ട്രീയം കളിച്ച നിതീഷ്‌കുമാറിനുള്ള മറുപടികൂടിയാണ് അവിടുത്തെ ഫലം. ഗോരഖ്പൂരില്‍ വോട്ടെണ്ണല്‍ പുരോഗമിച്ചുവരവെ ബി.ജെ.പിക്കെതിരാണ് വിധിയെന്ന് മനസ്സിലാക്കിയയുടന്‍ മാധ്യമപ്രവര്‍ത്തകരെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍നിന്ന് പുറത്താക്കിയ പൊലീസ് നടപടിയും ഈ അസ്‌ക്യതയുടെ പ്രതിഫലനമാണ്.
മോദിയുടെ കഴിഞ്ഞകാല തുടര്‍വിജയങ്ങളെല്ലാം സത്യത്തില്‍ 2014ന്റെ ആവര്‍ത്തനം മാത്രമായിരുന്നു. വിഘടിച്ചുനില്‍ക്കുന്ന പ്രതിപക്ഷമാണ് ഇതിന് പ്രധാനകാരണം. 2016ലെ നോട്ടുനിരോധനത്തിന്റെ മറവില്‍ മോദിയും അമിത്ഷായുമുള്‍പ്പെടെ വന്‍അധികാരപ്പട പ്രചാരണരംഗത്ത് കോടികളൊഴുക്കിയപ്പോള്‍ പ്രതീക്ഷിക്കപ്പെട്ടതുപോലെ ആ പക്ഷത്തിനുതന്നെയായി 2017ലെ നിയമസഭാതിരഞ്ഞെടുപ്പുഫലവും യു.പി ഭരണവും.അതിനുമുമ്പ് മുസഫര്‍നഗറിലും മറ്റും മുസ്്‌ലിംവിരുദ്ധ നരനായാട്ട് നടത്തി വര്‍ഗീയതയുടെ വളക്കൂറുള്ള മണ്ണൊരുക്കി.സ്വാഭാവികമായും ഫലംവന്നയുടന്‍ അതിതീവ്രവാദിയായ തീപ്പൊരി സംഘിനേതാവിനെ മുഖ്യമന്ത്രിക്കസേരയിലേക്ക് പിടിച്ചിരുത്തി. ഒട്ടനവധി കലാപങ്ങള്‍ക്ക് കാരണക്കാരനും മതന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും പേടിസ്വപ്‌നവുമായ ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയതുവഴി വരാനിരിക്കുന്ന ഹിന്ദുത്വകേന്ദ്രീകൃത രാഷ്ട്രീയത്തിനും ഫാസിസ്റ്റ് ഭരണത്തിനുമുള്ള സാക്ഷ്യപത്രമാണ് ബി.ജെ.പി ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും മുമ്പാകെ മുന്നോട്ടുവെച്ചത്. അധികാരമേറ്റയുടന്‍തന്നെ മുസ്്‌ലിംകള്‍ക്ക് ബഹുഭൂരിക്ഷമുള്ള പശ്ചിമ യു.പി മേഖലയിലെ അവരുടെ പ്രധാനവരുമാനമായ കശാപ്പുശാലകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു യോഗിസര്‍ക്കാര്‍. സംഘ്പരിവാര്‍ അക്രമികളുടെ അഴിഞ്ഞാട്ടമാണ് യു.പിയില്‍ പലയിടത്തും ന്യൂനപക്ഷങ്ങള്‍ക്കുനേരെ ഉണ്ടായത്. വന്‍തോതില്‍ ദലിതുകളും ഈ കാലത്തുതന്നെ യോഗിസര്‍ക്കാരിന്റെ സവര്‍ണനയനിലപാടുകള്‍ക്കെതിരെ രംഗത്തുവരികയുണ്ടായി. ഒരു വര്‍ഷത്തിനിടെ മുന്നൂറോളം പേരാണ് സംസ്ഥാനത്ത് കൊലക്കത്തിക്കിരയായത്. ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും പഞ്ചാബിലും ഗോവയിലും മണിപ്പൂരിലും ഗുജറാത്തില്‍ ഒരുപരിധിവരെയും കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നടന്ന ലോക്‌സഭാ-നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് അടക്കമുള്ള മതേതരകക്ഷികള്‍ക്കാണ് വിജയക്കൊടി നാട്ടാനായതെന്നത് മോദിയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും നാളുകള്‍ എണ്ണപ്പെട്ടുവെന്നാണ് വ്യക്തമാക്കുന്നത്. വര്‍ഗീയ-ഗോവാദിക്കോമരങ്ങളുടെ ഇരകള്‍ ഇനിയെങ്കിലും രക്ഷപ്പെട്ടേ തീരൂ.
യു.പിയിലും മറ്റും കോണ്‍ഗ്രസ് തീരെ മെലിയുന്നുവെന്ന സത്യംകൂടി യു.പി ഫലങ്ങള്‍ തരുന്നുണ്ടെങ്കിലും ഇന്നും രാജ്യത്തെ വലിയ മതേതരകക്ഷി അവര്‍തന്നെ. സമാജ്‌വാദിപാര്‍ട്ടിയുടെയും ബി.എസ്.പിയുടെയും സഖ്യങ്ങള്‍ വലിയ പ്രതീക്ഷയാണ് വരുംകാലത്തേക്കായി മുന്നോട്ടുവെച്ചിരിക്കുന്നത്. അന്ധമായ കോണ്‍ഗ്രസ്‌വിരോധം പറഞ്ഞിരിക്കുന്ന സി.പി.എം പോലുള്ള കക്ഷികളുടെ ബി.ജെ.പിവിരുദ്ധത തെളിയിക്കുന്നതിനുള്ള ലിറ്റ്മസ് പരീക്ഷണം കൂടിയാണ് ഈ ഫലം. 2004ലും 2009ലും 2015ലെ ബീഹാര്‍ നിയമസഭാതിരഞ്ഞെടുപ്പിലും ബി.ജെ.പി വിരുദ്ധശക്തികള്‍ ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഉണ്ടായതിന് സമാനമായ ഫലമാണ് ഇപ്പോഴും സംഭവിച്ചിരിക്കുന്നത്. പഠിക്കാനും തിരുത്തലിനുള്ള അവസരമാണ് ബി.ജെ.പിക്ക് ഇതിലൂടെ ജനം നല്‍കിയിരിക്കുന്നത്. എങ്കിലും അവരുടെ ഇദംപ്രഥമമായ അപരിഷ്‌കൃതവും ഹിംസാത്മകവുമായ രാഷ്ട്രീയം കൊണ്ട് അതിനൊന്നും അവര്‍ തയ്യാറാവില്ലെന്നുതന്നെയാണ് അനുമാനിക്കേണ്ടത്. ഈ ഫലങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പും പാഠവും അതുകൊണ്ടുതന്നെ ഫാസിസ്റ്റുകളേക്കാള്‍ മതേതരപക്ഷത്തിനാണ്.

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending