Connect with us

Video Stories

രാജ്യം കാക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കൂ

Published

on

ദേശ സ്‌നേഹത്തെക്കുറിച്ചുള്ള ഗീര്‍വാണങ്ങളുടെ കാലഘട്ടത്തു തന്നെയാണ് മൂന്ന് ഇന്ത്യന്‍ സൈനികരുടെ ഭാഗത്തു നിന്ന് മതിയായ ഭക്ഷണ-ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നുവെന്ന് പരാതിപ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. രാജ്യത്തിന്റെ അതിര്‍ത്തി കാക്കുകയും ആഭ്യന്തര ക്രമ സമാധാന ആവശ്യങ്ങള്‍ക്ക് നിയോഗിക്കപ്പെടുകയും ചെയ്യുന്ന സൈനിക-അര്‍ധ സൈനികര്‍ക്ക് മതിയായ ഭക്ഷണവും ആനുകൂല്യങ്ങളും ലഭിക്കുന്നില്ല എന്നത് പ്രതിരോധ മന്ത്രാലയത്തിനും ഭരണ കൂടത്തിനും നാടിനു തന്നെയും തീര്‍ത്തും ലജ്ജാകരമായിപ്പോയി. കശ്മീര്‍ അതിര്‍ത്തിയില്‍ സേവനമനുഷ്ഠിക്കുന്ന ബി.എസ്.എഫിലെ തേജ് ബഹദൂര്‍ യാദവും രാജസ്ഥാനിലെ മൗണ്ട് അബുവില്‍ നിയോഗിക്കപ്പെട്ടിട്ടുള്ള സി.ആര്‍.പി.എഫുകാരന്‍ ഉത്തര്‍പ്രദേശ് സ്വദേശി ജീത്ത്‌സിങും ഡെറാഡൂണില്‍ നിന്ന് യജ്ഞപ്രതാപ്‌സിങുമാണ് പരാതിക്കാര്‍. പ്രധാനമന്ത്രിയുടെ ഓഫീസ് പ്രശ്‌നത്തില്‍ റിപ്പോര്‍ട്ട് തേടിയെങ്കിലും വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് വേണ്ട നടപടി സ്വീകരിക്കുന്നതിനു പകരം സൈനികരെ പ്ലംബര്‍ പോലുള്ള താഴ്ന്ന തസ്തികകളിലേക്ക് സ്ഥലം മാറ്റാനും പരാതിക്കാരെ അവമതിക്കാനുമാണ് സൈന്യത്തിന്റെ മേലാളന്മാര്‍ തുനിഞ്ഞിരിക്കുന്നത്. സൈന്യത്തിനകത്തെ പരാതി പരിഹാര സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നാണ് കര സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഇന്നലെ നിര്‍ദേശിച്ചത്. സേനയില്‍ ആശയ വിനിമയം ശരിയായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് അദ്ദേഹം പറഞ്ഞത് സ്വാഗതാര്‍ഹമാണ്.
ജനുവരി ഒന്‍പതിന് കശ്മീര്‍ അതിര്‍ത്തിയിലെ ബി.എസ്.എഫ് സൈനികനാണ് കൊടും തണുപ്പും ഭീകരരുടെ ഭീഷണിയും സഹിച്ച് വിജനമായ പ്രദേശത്ത് കാവല്‍ നില്‍ക്കുന്ന തനിക്ക് കിട്ടിയ ഒരു പൊറോട്ടയും പരിപ്പുകറി എന്നുപേരുള്ള മഞ്ഞള്‍വെള്ളവും തന്റെ മൊബൈലിലൂടെ ഫെയ്‌സ്ബുക്കില്‍ വീഡിയോപോസ്റ്റ് ചെയ്തത്. സൈന്യത്തിലെ കടുകിട തെറ്റാത്ത അച്ചടക്കം നന്നായി അറിയാവുന്ന ഒരു സൈനികന്‍ എല്ലാവിധ ആഭ്യന്തരമായ പരാതി പരിഹാര സംവിധാനങ്ങളും പരാജയപ്പെട്ടപ്പോഴാണ് നവമാധ്യമത്തിന്റെ സൗകര്യം പ്രയോജനപ്പെടുത്തിയിരിക്കുന്നതെന്നു വേണം കരുതാന്‍.
അടുത്ത കാലത്തായി കശ്മീര്‍ അതിര്‍ത്തികളായ ഉറിയിലും നഗ്രോട്ടയിലും പത്താന്‍കോട്ടിലും പാക് തീവ്രവാദികള്‍ നുഴഞ്ഞുകയറി നമ്മുടെ നിരവധി സൈനികരെ വധിച്ചതും ഈ അരപ്പട്ടിണിയും തമ്മില്‍ ബന്ധമുണ്ടോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഇതിന് പിറ്റേന്നുതന്നെയാണ് സി.ആര്‍.പി.എഫിന്റെ ഒരു സൈനികന്‍ മറ്റൊരു വീഡിയോ പോസ്റ്റിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്യുന്ന ഈ ഫെയ്‌സ്ബുക്ക് വീഡിയോയില്‍ രാജ്യത്തിനകത്തെ അധ്യാപകര്‍ക്കും മറ്റും നല്‍കുന്ന വന്‍തോതിലുള്ള ശമ്പളത്തെയും പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യത്തെയും കുറിച്ച് ചൂണ്ടിക്കാട്ടുന്നു. ഇരുപത് വര്‍ഷത്തോളം സൈന്യത്തില്‍ സേവനം ചെയ്യുന്ന തന്നെപ്പോലുള്ളവര്‍ക്കുള്ള പെന്‍ഷന്‍ നിര്‍ത്തിയതായി സൈനികന്‍ പറയുന്നു. പരാതിപ്പെട്ടാല്‍ കോര്‍ട്ട് മാര്‍ഷ്യല്‍ അടക്കമുള്ള ശിക്ഷാനടപടികളാണ് നേരിടേണ്ടി വരുന്നതെന്നാണ് പ്രതാപ് സിങ്് പറഞ്ഞത്.
രാജ്യത്തിന്റെ ബജറ്റ് വിഹിതത്തിന്റെ പകുതിയിലധികവും നീക്കിവെക്കുന്നത് സൈന്യത്തിനാണെന്നിരിക്കെയാണ് പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുന്ന പണി സൈന്യം ചെയ്തത്. മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജി.ഡി.പി) 2.3 ശതമാനമാണ് -ഏതാണ്ട് മൂന്നര ലക്ഷം കോടി രൂപ- സൈനികാവശ്യത്തിനായി ഇന്ത്യ ഓരോ വര്‍ഷവും നീക്കിവെക്കുന്നത്. ജപ്പാന്‍, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളേക്കാളൊക്കെ കൂടുതലാണിത്. ഇതില്‍ തന്നെ 2014-15 വര്‍ഷം 86 ശതമാനവും കഴിഞ്ഞ വര്‍ഷം 85 ശതമാനവും മാത്രമേ ചെലവഴിച്ചുള്ളൂ എന്ന യാഥാര്‍ത്ഥ്യം കൂടി അറിയണം. സൈന്യത്തിന് നീക്കിവെക്കുന്ന തുകയുടെ നല്ലൊരു പങ്കും ഉന്നത ഉദ്യോഗസ്ഥര്‍ അടിച്ചെടുക്കുകയാണെന്ന പരാതിക്ക് പഴക്കമേറെയുണ്ട്. പൊലീസടക്കമുള്ള സൈന്യത്തിനെതിരെ പോലും ഇത്തരം പരാതികള്‍ പതിവാണ്. കശ്മീര്‍ അതിര്‍ത്തിയിലെ ഗ്രാമീണര്‍ തങ്ങള്‍ക്ക് സൈന്യത്തില്‍ നിന്ന് പകുതി വിലക്ക് ധാന്യങ്ങള്‍ ലഭിക്കാറുണ്ടെന്ന് പറയുമ്പോള്‍ സൈന്യത്തിനകത്ത് നടക്കുന്നത് രാജ്യ സേവനത്തിന്റെ പേരില്‍ ശുദ്ധ തട്ടിപ്പല്ലേ. നാലു തവണ ശിക്ഷക്ക് വിധേയമായ ആളാണ് സൈനികനെന്ന് പറയുന്ന അതിര്‍ത്തി രക്ഷാസേന, ഇയാള്‍ പതിവു മദ്യപാനിയാണെന്നും മാനസിക തകരാറുണ്ടെന്നും പറഞ്ഞതാണ് ഏറെ കൗതുകമുണര്‍ത്തുന്നത്. അങ്ങനെയുള്ള ഒരാളെ എന്തിനാണ് അതിര്‍ത്തിയിലേക്ക് തോക്കും കൊടുത്തുവിട്ടത് എന്ന ഭാര്യയുടെ ചോദ്യം സൈനിക മേലധ്യക്ഷന്മാരുടെ കരണത്തുള്ള അടിയാണ്.
രാജ്യത്തെ യുവാക്കളില്‍ നല്ലൊരു പങ്കും തങ്ങളുടെ യൗവന കാലത്ത് പട്ടാളത്തില്‍ സേവനമനുഷ്ഠിക്കുന്നത് സ്വപ്‌നം കാണുന്നവരാണ്. സാമ്പത്തികമായ താല്‍പര്യത്തേക്കാള്‍ ചോര തിളക്കുന്ന പ്രായം സാഹസികതക്കും രാജ്യ സേവനത്തിനും നീക്കിവെക്കണമെന്ന അദമ്യമായ ആഗ്രഹമാണ് അതിനു പിന്നില്‍. പന്ത്രണ്ടു ലക്ഷത്തോളം പേരാണ് നമ്മുടെ കരസേനയില്‍ സേവനമുഷ്ഠിക്കുന്നത്. മഴയും മഞ്ഞും കാറ്റും പ്രളയവും ഭൂകമ്പവുമെന്നുവേണ്ട അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള വെല്ലുവിളികളെയും ദേശസ്‌നേഹവും കായികബലവും കൊണ്ട് നേരിടുന്നവരാണവര്‍. ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗവും രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ച് തിരിച്ചുവരുമ്പോള്‍ ഇവരെ കാത്തിരിക്കുന്നത് ഏതെങ്കിലും സ്ഥാപനത്തിലെ സെക്യൂരിറ്റി ജോലിയും മിലിട്ടറി കാന്റീനിലെ അല്‍പം നികുതിയിളവുകളും. ബ്രിട്ടീഷ് കാലത്തിന്റെ ബാക്കിപത്രമാണ് ഇന്ത്യന്‍ സൈന്യമെങ്കിലും നല്ല താമസ സൗകര്യവും ഒന്നാംതരം ഭക്ഷണവും ഇന്നും ഉദ്യോഗസ്ഥര്‍ക്കുതന്നെ. ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യ സമരം തന്നെ ജവാന്മാരുടെ ഭാഗത്തുനിന്ന് പൊട്ടിപ്പുറപ്പെട്ട ഒന്നായിരുന്നുവെന്നോര്‍ക്കണം. രാജ്യം സ്വാതന്ത്ര്യം നേടി ഏഴു പതിറ്റാണ്ടിനുശേഷമാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി വെള്ളം ചേര്‍ത്തെങ്കിലും നടപ്പാക്കിയത്.
സൈന്യത്തിലെ രാഷ്ട്രീയവും ഈയടുത്ത് ചര്‍ച്ചക്ക് വിധേയമായി. നിലവിലെ പട്ടാളത്തലന്‍ ബിപിന്റാവത്തിനെ നിയമിച്ചതുതന്നെ കേന്ദ്ര സര്‍ക്കാരിലെ ചിലരുടെ താല്‍പര്യമനുസരിച്ച് രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ മറികടന്നുകൊണ്ടുള്ളതാണ്. പശ്ചിമ കമാന്‍ഡ് മേധാവി പ്രവീണ്‍ ബക്ഷി, ദക്ഷിണ കമാന്‍ഡ് മേധാവി പി.എം ഹാരിസ് എന്നിവരെ മറികടന്നുകൊണ്ടുള്ള നിയമനം നടന്നപ്പോഴും തികഞ്ഞ അച്ചടക്കമാണ് സൈന്യത്തിലെ ഈ ബറ്റാലിയനുകളുടെ ഭാഗത്തുനിന്നുണ്ടായത്. ഏതായാലും പൂച്ചക്ക് മണി കെട്ടാന്‍ തയ്യാറായ ഈ സൈനികരെ ആദരിച്ചില്ലെങ്കിലും അവരുന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലാവട്ടെ രാജ്യത്തിന്റെ ശ്രദ്ധ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending