Video Stories
കെവിന് വധക്കേസ് വിധി പാഠമാകണം
‘പഴകിയ തരുവല്ലി മാറ്റിടാം, പുഴയൊഴുകുംവഴി വേറെയാക്കിടാം, കഴിയുമവ മനസ്വിമാര്‍ മനസ്സൊഴിവതശക്യമൊരാളിലൂന്നിയാല്‍’. മഹാകവി കുമാരനാശാന്റെ അര്‍ത്ഥസമ്പുഷ്ടവും കാലിക പ്രസക്തിയുള്ളതുമായ മലയാളത്തിന്റെ വരികള്‍. ഒരു പെണ്‍കുട്ടിക്ക്് പരപുരുഷനിലുണ്ടാകുന്ന പ്രണയമെന്ന ചേതോവികാരത്തെ ആരു തടുത്താലും തടയാനാവില്ലെന്നാണ് കവി ഉണര്‍ത്തുന്നത്. കോട്ടയം നട്ടാശേരി സ്വദേശി കെവിന് പി. ജോസഫും സഹപാഠിയായിരുന്ന കൊല്ലം തെന്മല സ്വദേശിനി നീനുചാക്കോയും തമ്മിലുണ്ടായ പ്രണയ വിവാഹത്തിന്റെ പേരില്‍ നടന്ന കേരളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയെ ഇതുമായി ചേര്‍ത്തുവായിക്കണം. ഇതുസംബന്ധിച്ച കേസില്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നലെ പുറപ്പെടുവിച്ച ശിക്ഷാവിധി അതുകൊണ്ടുതന്നെ പ്രതികളെയും പൊതുസമൂഹത്തെയും സംബന്ധിച്ച് ഏറെ പ്രസക്തവും മുന്നറിയിപ്പിന്റെ സ്വഭാവമുള്ളതുമാണ്. പതിനാല് പ്രതികളില്‍ നാലുപേരെ നേരത്തെ വെറുതെവിട്ട കോടതി ബാക്കിപത്തു പേര്‍ക്കും ഇരട്ട ജീവപര്യന്തം വിധിച്ചത് രാജ്യത്തൊരിടത്തും ഇനിയൊരിക്കലും ഇത്തരത്തിലൊരു വധം സംഭവിച്ചുകൂടെന്ന നിശ്ചയദാര്‍ഢ്യത്തോടെയായിരിക്കണം.
മനുഷ്യജീവന് ദൈവികമാണ്. അതുകൊണ്ടുതന്നെ മറ്റൊരാളുടെ ജീവന് കവര്‍ന്നെടുക്കാനുള്ള അവകാശം മനുഷ്യര്‍ക്കില്ല. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ അവളുടെ പൂര്‍ണ സമ്മതത്തോടെ വിവാഹംചെയ്തു എന്നതുകൊണ്ട് 23 വയസ്സുമാത്രം പ്രായമുള്ള ദലിത്ക്രിസ്ത്യന്‍ യുവാവിനെ അതേ ക്രിസ്ത്യന്‍ സമുദായത്തില്‍പെട്ട വധുവിന്റെ വീട്ടുകാര്‍ നിഷ്കരുണം കൊന്ന് പുഴയില്‍തള്ളിയതിനെ സാമാന്യബോധമുള്ള ആര്‍ക്കും നീതീകരിക്കാനാവില്ല. കേസില്‍ വാദികളുടെയും പ്രോസിക്യൂഷന്റെയും സാക്ഷികളുടെയും പ്രതികളുടെയുമൊക്കെ അഭിപ്രായം കണക്കിലെടുത്തുകൊണ്ടാണ് കോടതി ശിക്ഷാവിധി പുറപ്പെടുവിച്ചത്. ദുരഭിമാനക്കൊലയായി പരിഗണിച്ച് വിധിപ്രസ്താവം പതിമൂന്നുദിവസത്തേക്ക് നീട്ടിവെച്ചതുതന്നെ നീതിപീഠം അതീവ സൂക്ഷ്മതയോടെ കേസിനെ പരിഗണിച്ചുവെന്നതിന് തെളിവാണ്. നീനുവിന്റെ പിതാവ് ചാക്കോയടക്കം നാലു പേരെ മതിയായ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചതും മുഖ്യപ്രതിയും ചാക്കോയുടെ മകനുമായ സാനു ചാക്കോക്ക് ജീവപര്യന്തം ശിക്ഷനല്‍കിയതും കോടതിയുടെ നിഷ്പക്ഷതക്കുള്ള ദൃഷ്ടാന്തമായി.
കൊലപാതകം (302), തട്ടിക്കൊണ്ടുപോകല്‍ (364 എ) എന്നീ വകുപ്പുകളിലായാണ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. എല്ലാവരും നാല്പതിനായിരം രൂപ വീതം പിഴയൊടുക്കണം. ഇതില്‍നിന്ന് ഒന്നാം സാക്ഷി അനീഷ് സെബാസ്റ്റ്യന്‍ ലക്ഷം രൂപയും ബാക്കിയുള്ളതില്‍നിന്ന് നീനുവിനും കെവിന്റെ പിതാവിനും തുല്യമായി നല്‍കുകയും വേണം. ഇരട്ട ജീവപര്യന്തം ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. അതുകൊണ്ടുതന്നെ താരതമ്യേന ഇളംപ്രായക്കാരായ പ്രതികള്‍ക്ക് പുറത്ത് ശിഷ്ട ജീവിതം തുടരാനാകും. വധശിക്ഷ ഒഴിവാക്കപ്പെട്ടതും ഈയൊരു പരിഗണന വെച്ചുകൊണ്ടാണ്. ജീവപര്യന്തത്തിനുപുറമെ ചില പ്രതികള്‍ക്ക് കഠിന തടവും വിധിച്ചിട്ടുണ്ട്. സംഭവത്തിലെ സുപ്രധാനമായ വസ്തുത താന്‍ സ്നേഹിച്ച് വിവാഹം ചെയ്ത കെവിന്റെ വീട്ടുകാരുമൊത്താണ് നീനു ഇപ്പോഴും കഴിയുന്നതെന്നതാണ്. അതുകൊണ്ട് നീനുവിന് നല്കുന്ന തുക അര്ഹമായതുതന്നെ. കേസ് നടത്തിപ്പിനും മറ്റുമായി കെവിന്റെ പിതാവ് രാജന് എന്ന ജോസഫിന് നല്കുന്ന തുകയും അനര്‍ഹമല്ല. സാധാരണയില്‍നിന്ന് ഭിന്നമായി വെറും 90 ദിവസം കൊണ്ടാണ് കേസ് വിചാരണനടത്തി വിധി പറഞ്ഞതെന്നത് മാതൃകാപരമാണ്. അതേസമയം തര്‍ക്കത്തെ കൊലപാതകത്തിലേക്ക് എത്തിച്ചത് പൊലീസിലെ എ.എസ്.ഐ, ഡ്രൈവര്‍ എന്നിവരുടെ കുബുദ്ധികൊണ്ടുകൂടിയാണെന്നത് സര്‍ക്കാരിനേറ്റ തിരിച്ചടിയാണ്.
2018 മെയ് 28നായിരുന്നു കേരളത്തെ ഞെട്ടിച്ച കെവിന്റെ അരുംകൊല. പൊലീസ് മാധ്യസ്ഥതയിലിരിക്കുന്ന പരാതിയായിട്ടും നീനുവിന്റെ സഹോദരന് സാനുചാക്കോയും സുഹൃത്തുക്കളുമാണ് അര്‍ധരാത്രി കെവിനെ കാറില്‍ പിടിച്ചുകെട്ടിക്കൊണ്ടുപോയി ചാലിയക്കര പുഴയില്‍ കൊന്നുതള്ളിയത്. മുങ്ങിമരണം എന്നായിരുന്നു ആദ്യ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇത് കൊലപാതകമാണെന്ന് തെളിയിക്കാന്‍ പിന്നീട് സാഹചര്യത്തെളിവുകളേ പൊലീസിന് ഉണ്ടായിരുന്നുള്ളൂ. കാറിലെ രക്തക്കറ, കൊല്ലുമെന്ന് രണ്ടാം പ്രതി നിയാസ് ഭീഷണിമുഴക്കിയെന്ന കെവിന്റെ ഫോണ്‍ സന്ദേശം, ചെളി തേച്ച നമ്പര്‍ പ്ലേറ്റ്, മുങ്ങിമരണമല്ലെന്ന പൊലിസ് സര്‍ജന്റെ മൊഴി, പൊലീസുദ്യോഗസ്ഥരുടെയും ജോസഫിന്റെയും നീനുവിന്റെയും മൊഴികള്‍ ഇവയെല്ലാം വിധിക്ക് തുണയായി. കീഴ് ജാതിയില്‍പെട്ടയാളെ വിവാഹം ചെയ്യുന്നത് കുടുംബത്തിന് അപമാനമാകുമെന്ന് പിതാവും മറ്റും പറഞ്ഞതായ നീനുവിന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. കാമുകനോ ഭര്‍ത്താവോ കൊല്ലപ്പെട്ടാല്‍ സ്വന്തം വീട്ടില്‍ രക്ഷിതാക്കളുടെ തണലിലേക്ക് തിരിച്ചുപോകേണ്ട പെണ്‍കുട്ടി ഭര്‍ത്താവിന്റെ ബന്ധുക്കളോടൊപ്പം പ്രയാസപ്പെട്ട് ജീവിക്കുക. അപൂര്‍വതയാണ് കെവിന് കൊലക്കേസിന്റെ പ്രാധാന്യം. മകള്‍ തങ്ങള്‍ക്കെതിരെ ലവലേശംപോലും മനശ്ചാഞ്ചല്യമില്ലാതെ അന്വേഷണോദ്യോഗസ്ഥരുടെ മുന്നിലും കോടതിയിലും മൊഴി നല്‍കിയത് രക്ഷിതാക്കളായ ചാക്കോക്കും കൂടുംബത്തിനുമുള്ള തിരിച്ചടിയായി. എന്തുകൊണ്ട് ഇവ്വിധം മകള്‍ പ്രതികാരവാഞ്്ഛ പുലര്‍ത്തുന്നുവെന്ന് ആലോചിക്കാനുള്ള വിശാലമനസ്കത ചാക്കോക്കും കുടുംബത്തിനും ഉണ്ടാകേണ്ടിയിരുന്നു.
രാജ്യത്ത് ദുരഭിമാനക്കൊലകളുടെ പരമ്പരയാണ് അടുത്തകാലത്തായി റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതില്‍ മഹാഭൂരിപക്ഷവും ഉത്തരേന്ത്യയിലാണ്. എന്നാല്‍ തമിഴ്നാട്ടില്‍ രണ്ടുവര്‍ഷംമുമ്പ് നടന്ന ദുരഭിമാനക്കൊലയും കോട്ടയം സംഭവവും താരതമ്യേന വിദ്യാസമ്പന്നവും ഉച്ചനീചത്വം കുറഞ്ഞുവെന്നഭിമാനിക്കുന്നതുമായ തെക്കേ ഇന്ത്യയില്‍ സംഭവിച്ചുവെന്നത് വല്ലാത്ത അപമാനമാണ്. നൊന്തുപ്രസവിച്ച് തോലോലിച്ച്, നാടല്ലാനാടുകളില്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന കാശുകൊണ്ട് ഇഷ്ടപ്പെട്ടതെല്ലാം നല്കി കാലും കൈയും വളരുന്നതും കാത്തിരിക്കുന്നവരുടെ മക്കള്‍ മുതിര്‍ന്നു കഴിയുമ്പോള്‍ ഒരുപ്രഭാതത്തില്‍ വിട്ടുപിരിയുന്നതുമൂലം മാതാപിതാക്കള്‍ക്കുണ്ടാകുന്ന അടക്കാനാവാത്ത മാനസിക പ്രയാസത്തെ വിലമതിക്കാനാകില്ല. എന്നാല്‍ ജാതീയവും സാമ്പത്തികവുമായ പരിഗണനകള്‍വെച്ചുമാത്രം മക്കളുടെ ഭാവി ജീവിത തീരുമാനത്തെ അളക്കുന്നതും അതിനുവേണ്ടി സ്വജീവിതം അപകടത്തിലാക്കുന്നതും ബുദ്ധിയുള്ളവര്‍ക്ക് ഭൂഷണമല്ല. രാജ്യത്തെ ഉന്നത നീതിപീഠം ഇതിനനുസൃതമായാണ് ദുരഭിമാനക്കൊല എന്ന സംജ്ഞയില്‍പെടുത്തി ഇത്തരം കേസുകള്‍ കൈകാര്യംചെയ്യാനും അപൂര്‍വങ്ങളില്‍ അപൂര്‍വ കേസായി പരിഗണിക്കാനും ഉത്തരവിട്ടത്. തിരുത്താന്‍ ശ്രമിക്കാം, ഒരുപരിധിവരെ. തല്ലാനും തള്ളാനും കൊല്ലാനും മാത്രമല്ല, മറക്കാനും പൊറുക്കാനുമുള്ളതുകൂടിയാണ് വൈവേകമായ മനുഷ്യജീവിതമെന്നത് മറന്നുപോകരുത്.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india16 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News17 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്

