Views
പുതുവര്‍ഷത്തിലെ യുദ്ധ കാഹളം
എഴുന്നൂറ്ററുപതുകോടി വരുന്ന ലോക മാനവ സമൂഹത്തിന് ജീവിതത്തില്‍ പുതുപുത്തന്‍ പ്രതീക്ഷകള്‍ സമ്മാനിച്ചുകൊണ്ടും അവ പരസ്പരം കൈമാറിയുമാണ് റോമന്‍ കലണ്ടറിലെ ഒരുവര്‍ഷം കൂടി ഇന്നലെ നമ്മിലേക്ക് കടന്നുവന്നിരിക്കുന്നത്. 2017ല്‍ പതിവുപോലെ പ്രതീക്ഷകളോടൊപ്പം വലിയ തോതിലുള്ള ആകുലതകളും ലോകം നമുക്കു മുന്നില്‍ സമര്‍പ്പിക്കുകയുണ്ടായി. തദനുസരണം 2018ലും കാര്യങ്ങള്‍ സമ്മിശ്രമായിരിക്കുമെന്നോ അതിലും ആകുലമായിത്തീരുമെന്നോ ഒക്കെയാണ് ഇന്നലെ പുറത്തുവന്ന വര്‍ത്തമാനങ്ങളില്‍ ചിലത് മാനവരാശിയോട് വിളംബരം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഏതാനും മാസമായി ഡൊണാള്‍ഡ് ജോണ്‍ ട്രംപിന്റെ അമേരിക്കക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തിയിരിക്കുകയാണ് ഏഷ്യാഭൂഖണ്ഡത്തുനിന്ന് ഒരു ചെറിയ രാഷ്ട്രമായ വടക്കന്‍കൊറിയ. അതിന്റെ ഏകഛത്രാധിപതി കിം ജോങ് ഉന്‍ തന്റെ പുതുവല്‍സര സന്ദേശത്തില്‍ അമേരിക്കന്‍ പ്രസിഡണ്ടിനെ യുദ്ധത്തിന് ഒരിക്കല്‍കൂടി വെല്ലുവിളിച്ചിരിക്കുന്നു. തന്റെ കയ്യിലാണ് ആണവായുധത്തിന്റെ, അഥവാ അമേരിക്കയെ തരിപ്പണമാക്കാനുള്ള ബട്ടണെന്ന കിമ്മിന്റെ വീമ്പടിയെ ഡൊണാള്‍ഡ് ട്രംപ് നേരിട്ടത് എന്നാല്‍ നമുക്ക് കാണാം എന്നു പറഞ്ഞായിരുന്നു. അമേരിക്കയുടെ എല്ലാ നഗരങ്ങളെയും ചുട്ടു ചാമ്പലാക്കാന്‍ തനിക്ക് ശേഷിയുണ്ടെന്നാണ് കിമ്മിന്റെ പുതുവര്‍ഷ പ്രഖ്യാപനം. താനാണ് ആദ്യം യുദ്ധമാരംഭിക്കുക എന്നും കിം പറയുന്നു. ഇതുകേട്ട് അമേരിക്ക വിരുദ്ധര്‍ക്ക് ആഹ്ലാദിക്കാന്‍ തോന്നുമെങ്കിലും ഒരു യുദ്ധമുണ്ടായാലുണ്ടാകാവുന്ന കൊടിയ ഭവിഷ്യത്തുകളെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് കദനത്തില്‍ കനല്‍വീണ അനുഭവമാണ് ഉണ്ടായിട്ടുണ്ടാകുക. കിമ്മിന്റെ പ്രഖ്യാപനത്തെ ചോരത്തിളപ്പുള്ളൊരു ചെറുപ്പക്കാരന്റെ അവിവേകമായി മാത്രം കാണാനാവില്ലെന്നതിന് മികച്ച ദൃഷ്ടാന്തമാണ് അദ്ദേഹത്തിന്റെയും സൈന്യത്തിന്റെയും കയ്യിലിരിക്കുന്ന ആണവായുധം. ഒരു ബോംബിനേക്കാള്‍ എത്രയോ മടങ്ങ് നശീകരണശേഷിയുള്ള ആണവായുധം പ്രയോഗിച്ചാല്‍ അതിനിരയാകുന്ന ശതലക്ഷക്കണക്കിന് മനുഷ്യര്‍ ഈ രണ്ടു നേതാക്കളുടെയും കുടുംബക്കാര് ആയിരിക്കില്ല. മറിച്ച് നിരപരാധികളായ മനുഷ്യരാകുമെന്നതിന് ഹിരോഷിമ, നാഗസാക്കി, വിയറ്റ്നാം, നാസി യുദ്ധങ്ങള്‍ നമുക്ക് സാക്ഷ്യപത്രങ്ങളായുണ്ട്. ഈ പശ്ചാത്തലത്തില്‍ വേണം ഈ യുദ്ധ വെറിയെ നാം നോക്കിക്കാണാന്‍. അതേസമയം കിമ്മിനെയും ട്രംപിനെയും തനിക്കറിയാമെന്നും അവര്‍ക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിവുണ്ടെന്നുമുള്ള ഉത്തര കൊറിയന്‍ വിദഗ്ധന്‍ ഡെന്നിസ് റോഡ്മാന്റെ വാക്കുകള്‍ വിശ്വസിക്കുകയുമാകാം.
ഇതിനോടകം ആറു മാസത്തിലധികം പിന്നിട്ട കൊറിയന്‍ യുദ്ധഭീഷണിയും തദനുസാരിയായ സംഘര്‍ഷാവസ്ഥയും കുറയ്ക്കുന്നതിന് റഷ്യ പോലുള്ള വന്‍ ശക്തി രാഷ്ട്രങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇനിയും പുരോഗതിയല്ല മറിച്ച് നിരാശമാത്രമാണ് ഉണ്ടാക്കിയിട്ടുള്ളത്. റഷ്യയുടെ മാധ്യസ്ഥത അംഗീകരിക്കാന്‍ ഇരു രാജ്യങ്ങളും കൂട്ടാക്കുന്നില്ല. മറിച്ച് തൊട്ടടുത്ത ജപ്പാന് പോലുള്ള രാജ്യങ്ങള്‍ കുറേക്കൂടി ചേരിതിരിഞ്ഞാണ് പ്രതികരിക്കുന്നത്. ജപ്പാന്റെ അതിര്‍ത്തി മേഖലയില്‍ മിസൈല്‍ പ്രയോഗം പരീക്ഷിക്കാന്‍ വരെ ഉത്തര കൊറിയ തയ്യാറായി എന്നത് കാര്യങ്ങള്‍ പെട്ടെന്നൊരു ഗര്‍ത്തത്തിലേക്ക് പതിക്കാനുള്ള സാധ്യതയാണ് സന്ദേഹിപ്പിക്കുന്നത്. അതേസമയം 1950 മുതല്‍ വേര്‍പിരിഞ്ഞ ശേഷം നിത്യവൈരികളായ വടക്കന്‍-തെക്കന്‍ കൊറിയകള്‍ തമ്മില്‍ അടുക്കുന്നതിലേക്കുള്ള സൂചനകള്‍ കിമ്മിന്റെ പുതുവല്‍സര പ്രഖ്യാപനത്തില്‍ ഉണ്ടെന്നുള്ളത് നേരിയ പ്രതീക്ഷക്കും വക നല്‍കുന്നുണ്ട്. പിളര്‍ത്തിയ അന്നുമുതല്‍ ദക്ഷിണ കൊറിയയുടെ പക്ഷത്ത് ഏകപക്ഷീയമായി നിലയുറപ്പിക്കുന്ന രാജ്യമാണ് അമേരിക്ക. ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സോളില്‍ നടക്കാനിരിക്കുന്ന ശീതകാല ഒളിമ്പിക്സില്‍ തന്റെ രാജ്യത്തുനിന്ന് താരങ്ങളെ അയക്കാമെന്ന കിമ്മിന്റെ പ്രസ്താവന ഇരു രാജ്യങ്ങളും തമ്മിലുള്ള മഞ്ഞുരുക്കമായും അതേസമയംതന്നെ ട്രംപിനെ വെട്ടിലാക്കാനുള്ള തന്ത്രമായും വിലയിരുത്തപ്പെടാവുന്നതാണ്.
ഭീതി വര്‍ധിപ്പിക്കുന്നത് കിമ്മിന്റെ ആക്രമോല്‍സുക ശൈലിയും കയ്യിലുള്ള സൈനിക ശേഷിയുമാണ്. ലോകത്തെ നാലാമത്തെ വലിയ സൈനികപ്പടയാണ് (അരക്കോടി) ഉത്തര കൊറിയക്കുള്ളതെങ്കില്‍ അമേരിക്കക്ക് മുന്‍നിരയിലുള്ളത് പത്തുലക്ഷത്തില്‍ താഴെമാത്രം. ചൈനയാണ് ഇക്കാര്യത്തില്‍ ലോകത്ത് ഒന്നാമത്. 967 യുദ്ധക്കപ്പലുകള്‍ ഉത്തരകൊറിയക്കുള്ളപ്പോള്‍ അമേരിക്കക്കുള്ളത് 415 മാത്രം. എന്നാല്‍ ആകാശത്ത് കിമ്മിന്റെ ആയിരം യുദ്ധവിമാനങ്ങള്‍ക്ക് പകരം ട്രംപിനുള്ളത് 13500ഉം. അത്യന്തം മാരകശേഷിയുള്ള ഹൈഡ്രജന്‍ ബോംബാണ് കിമ്മിന്റെ കൈവശമുള്ളത്. കഴിഞ്ഞവര്‍ഷം മുഴുവന്‍ കിം ശ്രദ്ധ കേന്ദ്രീകരിച്ചത് മിസൈല്‍ ശേഷി വര്‍ധിപ്പിക്കുന്നതിനായിരുന്നു. തന്റെ കയ്യില്‍ ചാവേര്‍പടയുടെ വന്‍നിരയുണ്ടെന്നതും കിമ്മിന്റെ അതിസാഹസികതയെ കുറച്ചു കാണരുതെന്നുള്ള വിദഗ്ധരുടെ മുന്നറിയിപ്പും വെറുതെയല്ല. ചൈനീസ് കമ്യൂണിസം ഉത്തരകൊറിയയോട് ചേര്ന്നുനില്ക്കുമ്പോള് യുദ്ധം, അതുസംഭവിച്ചാല്‍ ഏതുനിലക്ക് പര്യവസാനിക്കുമെന്നത് അപ്രവചനീയമായിരിക്കും. അതേസമയം ഇറാഖിലെ പഴയ സദ്ദാം ഹുസൈന്റെ വാക്പോരുമായി ചേര്‍ത്ത് കിമ്മിനെ നിസ്സാരവല്‍കരിക്കുന്നവരുമുണ്ട്. പതിവു സഖ്യരാജ്യങ്ങളായ ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്, കാനഡ തുടങ്ങിയ പാശ്ചാത്യ ശക്തികള്‍ ട്രംപിനെ പഴയ അമേരിക്കയെപോലെ വിശ്വസിച്ച് കൂടെനില്‍ക്കുമോ എന്ന സംശയം മറുഭാഗത്തും ഉയരുന്നുണ്ടെന്ന് മറക്കുന്നില്ല. ഫലസ്തീന് പ്രശ്നത്തില്‍ ഈ രാജ്യങ്ങളൊന്നും വിടുവായന് ട്രംപുമായി ചേരുന്നില്ലെന്ന് ഓര്‍ക്കണം. ഇതൊക്കയാണെങ്കിലും ഇപ്പോള്‍ ഐക്യരാഷ്ട്ര രക്ഷാസമിതി പ്രഖ്യാപിച്ചിരിക്കുന്ന സാമ്പത്തിക ഉപരോധം ഉത്തരകൊറിയയെ തളര്‍ത്തുമെന്നത് തീര്‍ച്ചയായ കാര്യമാണ്. ജനങ്ങളെ ഉപരോധക്കെണിയില്‍ ഇട്ട് എത്രകാലത്തേക്ക് യുദ്ധവുമായി കിമ്മിന് മുന്നോട്ടുപോകാന്‍ കഴിയുമെന്ന ചോദ്യം ഉയരുന്നുണ്ട്. അമേരിക്കപ്രതിവര്‍ഷം നീക്കിവെക്കുന്ന പ്രതിരോധച്ചെലവ് 439 ബില്യന്‍ പൗണ്ടാണെങ്കില്‍ (37800 ബില്യന്‍ രൂപ) ഉത്തരകൊറിയ നീക്കിവെക്കുന്നത് വെറും 5.9 ബില്യന്‍ പൗണ്ടാണ് (482 ബില്യന്‍ രൂപ). ഈ കണക്കുകള്‍ക്കെല്ലാമപ്പുറമാണ് ചേതനയറ്റു വീഴേണ്ടിവരുന്ന മനുഷ്യരുടെ സംഖ്യ. യുദ്ധം പടര്‍ന്നുപിടിച്ചാലുണ്ടാകുന്ന നാശനഷ്ടങ്ങള്‍ ഇതിലുമെത്രയോ വരും.
ആധുനിക യുഗത്തിന്റെ വൈരരാഷ്ട്രീയം ഇറക്കിവെച്ച് മുന്നോട്ടുപോകാന്‍ കഴിയില്ലെങ്കിലും പരമാവധി ഇരുരാജ്യങ്ങളെയും വിവേകത്തിന്റെയും സഹിഷ്ണുതയുടെയും സഹവര്‍തിത്വത്തിന്റെയും സമാധാന ഇടങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകാനെങ്കിലും വിവേകികളായ ഇതര രാജ്യഭരണാധികാരികള്‍ക്ക് കഴിയണം. അതാകട്ടെ അന്താരാഷ്ട്ര സമൂഹത്തിന്റെ പുതുവര്‍ഷ പ്രതിജ്ഞ.
kerala
‘എസ്ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി
പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു
ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന് വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്പറേഷന് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
വൈഷ്ണയ്ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.
എസ്ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര് മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
india
ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.
രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് പ്രധാന സമ്പദ്വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു
സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന് പുരസ്കാരം, ജെ സി ഡാനിയേല്‍ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം, കേരള നിയമസഭ പുരസ്കാരം തുടങ്ങി പുരസ്കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന് ഇനിയുണ്ടാകുമോ എന്നറിയില്ല.
-
india10 hours ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
Environment14 hours agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala1 day agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala3 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
kerala2 days agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

