Video Stories
നേരറിയാതിരിക്കാന്‍ സി.ബി.ഐ
രാജ്യത്തെ ഉന്നത കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐയുടെ തലവനെ മോദി സര്‍ക്കാര്‍ നിര്‍ബന്ധിച്ച് അവധിയെടുപ്പിച്ചത് അഴിമതിക്കാരെ അകത്താക്കാന്‍ ശ്രമിച്ചതിന്. കഴിഞ്ഞ ദിവസം മോദിയുടെ അടുത്തയാളായ സി.ബി.ഐയിലെ രണ്ടാമന് സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരെ കേസെടുത്ത് അറസ്റ്റിന് തുനിഞ്ഞതാണ് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചതെങ്കിലും റഫാല്‍ കുംഭകോണമാണ് നടപടിക്ക് കാരണമായതെന്നാണ് വിവരം. ഡയറക്ടര്‍ അലോക് വര്‍മയുടെ നിര്‍ദേശമനുസരിച്ച് ചരിത്രത്തിലാദ്യമായി സി.ബി.ഐയുടെ ഓഫീസില്‍ റെയ്ഡ് നടത്തുകയും അസ്താനയും സഹായികളും നടത്തിയ അഴിമതിയുടെ ചുരുളഴിക്കാന്‍ ശ്രമിച്ചതുമാണ് ഡയറക്ടറുടെ തൊപ്പി തെറിക്കാനിടയാക്കിയത്. ജോ. ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിനാണ് കാബിനറ്റ് നിയമനസമിതി പകരം ചുമതല നല്‍കിയിരിക്കുന്നത്. ഇതിനെതിരെ അലോക്വര്‍മ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
വിദേശത്ത് ആളുകളെവെച്ച് അവര്‍വഴി നിര്‍ണായകമായ അഴിമതിക്കേസുകള്‍ വഴിതിരിച്ചുവിട്ട് പ്രതികളെ രക്ഷപ്പെടുത്താന്‍ കോടികള്‍ കോഴ വാങ്ങിയതിനാണ് ഏതാനും ദിവസം മുമ്പ് ഡയറക്ടര്‍ അലോക്വര്‍മ തന്റെ രണ്ടാമനെതിരെ ക്രിമിനല്‍ നടപടി ആരംഭിച്ചത്. ഇത് അറിഞ്ഞയുടന്‍ തന്നെ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രശ്നത്തിലിടപെട്ട് ഇരു ഉദ്യോഗസ്ഥര്‍ക്കെതിരെയും രംഗത്തുവന്നതായി വാര്‍ത്തയുണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ സല്‍പേരിന് കളങ്കം വരുത്തുന്നത് പ്രധാനമന്ത്രിക്ക് സഹിക്കാനാകില്ലെന്നുമൊക്കെയായിരുന്നു പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട ഓഫീസ് വൃത്തങ്ങള്‍ പുറംലോകത്തെ ബോധിപ്പിക്കാന്‍ ശ്രമിച്ചതെങ്കില്‍ ബുധനാഴ്ച ഉച്ചയോടെ ഡയറക്ടറെയും സ്പെഷല്‍ ഡയറക്ടറെയും അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചത് മോദി സര്‍ക്കാരിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം വെളിച്ചത്താക്കിയിരിക്കുകയാണ്. ഗുജറാത്ത് കേഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന രാകേഷ് അസ്താന അവിടെ മോദിക്കും ബി.ജെ.പിക്കും അനുകൂലമായി ഒട്ടേറെ കേസുകള്‍ കൈകാര്യം ചെയ്തയാളാണെന്നതായിരുന്നു സി.ബി.ഐയിലെ ഡെപ്യൂട്ടേഷനുള്ള കാരണം. ഇതുപോലെ സി.ബി.ഐയുടെ തന്നെ ജോ.ഡയറക്ടറായി എ.കെ ശര്‍മയെയും മോദി രണ്ടു വര്‍ഷം മുമ്പ് ഏജന്‍സിയില്‍ തിരുകിക്കയറ്റുകയുണ്ടായി. ഇദ്ദേഹവും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് കറ തീണ്ടിയിട്ടുള്ള വ്യക്തിയാണ്. ഇവരെയൊക്കെ താന്‍ പ്രധാനമന്ത്രിയായ ശേഷം സി.ബി.ഐയിലേക്ക് നിയമിക്കുക വഴി മോദി സ്വയം തന്റെ നയം വെളിപ്പെടുത്തുകയായിരുന്നു. സി.ബി.ഐയുടെ നയങ്ങളെയും അന്വേഷണ സംവിധാനത്തെയും ഇവരായിരിക്കും ഇനി സ്വാധാനിക്കുക എന്നതായിരുന്നു അത്. അത് അച്ചട്ടായിരിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷമായി കാണാന്‍ കഴിയുന്നത്.
9000 കോടിയുടെ ബാങ്ക് തട്ടിപ്പു കേസ് പ്രതി ബി.ജെ.പി എം.പിയായിരുന്ന വിജയ്മല്യയുടെ വിദേശത്തേക്കുള്ള രക്ഷപ്പെടലിന് വഴിയൊരുക്കിയത് എ.കെ ശര്‍മയാണെന്നതിന് സി.ബി.ഐ വൃത്തങ്ങളില്‍നിന്ന് തന്നെ തെളിവുകള്‍ പുറത്തുവന്നിരുന്നു. അലോക്വര്‍മ ഡയറക്ടറായതിനുശേഷം അഴിമതിക്കറയുള്ള ഇത്തരം ഉദ്യോഗസ്ഥരുടെ നേര്‍ക്ക് സംശയക്കണ്ണുകളോടെയാണ് നോക്കിയിരുന്നതും അവരുടെ ഔദ്യോഗിക മേഖലയില്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തിയതും. ഇതാണ് മുമ്പത്തെ അനില്‍ശര്‍മയെ പോലെതന്നെ ഇപ്പോള്‍ പുറത്തായ അലോക് വര്‍മയെയും മോദിയുടെ അനിഷ്ടത്തിന് പാത്രമാക്കിയത്. റഫാല്‍ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന ബി.ജെ.പിയിലെ വിമതരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി തുടങ്ങിയവര്‍ക്ക് സന്ദര്‍ശനാനുമതി നല്കിയതും മോദിയെ ചൊടിപ്പിച്ചിരുന്നു. ഏറ്റവും ഒടുവിലാണ് അസ്താനയുമായി ബന്ധപ്പെട്ട അഴിമതിക്കഥ പുറത്തുവരുന്നത്. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാംസ കയറ്റുമതി കമ്പനിയുടെ ഉടമ മോയിന്‍ഖുറേഷിയുടെയും ഇയാളുടെ അടുത്തയാളായ സതീശ് സനയുടെയും കേസുകള്‍ തേച്ചുമായ്ച്ചുകളയാന്‍ സ്പെഷല്‍ ഡയറക്ടര്‍ അസ്താന വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുകയും അതിനായി മൂന്നു കോടി രൂപ കൈക്കൂലി വാങ്ങുകയും ചെയ്തതായാണ് വിവരം. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണത്തിലൊടുവിലാണ് റെയ്ഡും ദുബൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അസ്താനയുടെ ഇടനിലക്കാരന് മനോജ് പ്രസാദിന്റെ അറസ്റ്റും. സ്പെഷല്‍ ഡയറക്ടര്‍ അസ്താനയും ഡെപ്യൂട്ടി സൂപ്രണ്ട് ദേവേന്ദ്രകുമാറും തങ്ങള്‍ കേസില്‍ നിരപരാധികളാണെന്നാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്. കോടതി അസ്താനയുടെ അറസ്റ്റ് തല്ക്കാലം തടഞ്ഞിരിക്കുകയുമാണ്. കാലങ്ങളായി സി.ബി.ഐ ഉദ്യോഗസ്ഥരുടെ അഴിമതി ദല്ലാളായി പ്രവര്‍ത്തിച്ചുവരുന്നയാളാണ് പ്രസാദ്. ഇയാളും കേസില്‍ അറസ്റ്റിലാണ്. ഇതെല്ലാം മോദിയിലേക്കും അമിത്ഷായിലേക്കും കാര്യങ്ങളെകൊണ്ടു ചെന്നെത്തിക്കുമോ എന്ന ഭീതി ഭരണകക്ഷിക്കുണ്ടായിരിക്കണം. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ തമ്മിലടിക്കെതിരായ നടപടി എന്ന നിലക്കാണ് മോദി സര്‍ക്കാര്‍ ഇരുവരെയും അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചതെങ്കിലും മോദിക്കെതിരെ നീണ്ടിരിക്കുന്ന സഹസ്ര കോടികളുടെ അഴിമതി തന്നെയാണ് വാസ്തവത്തില്‍ ഡയറക്ടറെ മാറ്റാന്‍ മോദിയെ പ്രേരിപ്പിച്ചതെന്നാണ് വിശ്വാസയോഗ്യമായി അറിവാകുന്നത്.
നാല്പതിനായിരം കോടിയുടെ റഫാല്‍ യുദ്ധ വിമാന ഇടപാടുമായി ബന്ധപ്പെട്ട് മോദിക്കെതിരെ ആരോപണം ഉയര്‍ന്നുവരികയും അത് കോണ്‍ഗ്രസ് വിജിലന്‍സ് കമ്മീഷണറുടെയും സി.ബി.ഐയുടെയും ശ്രദ്ധയില്‍പെടുത്തുകയും ചെയ്തതോടെ അലോക് വര്‍മയെ ഏതുവിധേനയും പുറത്താക്കണമെന്ന് മോദി ആഗ്രഹിച്ചിരുന്നുവെന്ന വാദത്തിന് കഴമ്പുണ്ട്. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന് പ്രശാന്ത് ഭൂഷണും കോണ്‍ഗ്രസ് പാര്‍ട്ടിയും റഫാല്‍ ഇടപാടിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതി അന്വേഷണത്തിന് നിര്‍ദേശം നല്‍കാനിരിക്കെ സി.ബി.ഐ ഡയറക്ടറെ ഈ തക്കത്തിന് മാറ്റി പകരം തന്റെ ഇഷ്ടക്കാരനെ പ്രതിഷ്ഠിച്ചിരിക്കുകയാണിപ്പോള്‍ പ്രധാനമന്ത്രി. റഫാല്‍ അഴിമതിയില്‍ റിലയന്‍സ് മേധാവി അനില്‍ അംബാനിയുടെ പങ്കും വിമാനത്തിന്റെ എണ്ണം വെട്ടിക്കുറച്ചതും മറ്റും വലിയ ഒച്ചപ്പാടാണ ്രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്. അതിനിടെ സി.ബി.ഐയുടെ തലവനെ മാറ്റിയ നടപടിയില്‍ ജനവും പ്രതിപക്ഷവും അരുതായ്മ മണക്കുന്നതില്‍ കുറ്റം കാണേണ്ടതില്ല. ഇതോടെ അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിലല്ല, അവരെ രക്ഷപ്പെടുത്തുന്നതിലാണ് മോദി ഭരണകൂടത്തിന്റെ മുന്‍ഗണന എന്നു വന്നിരിക്കുന്നു. താന്‍ തന്നെയും കുരുക്കിലകപ്പെടാന്‍ താന്‍ നിയമിച്ച ഉദ്യോഗസ്ഥന് കാരണമായേക്കുമെന്ന ഭയമായിരിക്കാം പ്രധാനമന്ത്രിയെ ഈ നടപടിക്ക് പ്രേരിപ്പിച്ചിരിക്കുക. ഇത് നരേന്ദ്രമോദിക്ക് ഭൂഷണമാണെങ്കിലും രാജ്യത്തിന് ഒരുനിലക്കും ഗുണകരമാകില്ല. സര്‍ക്കാര്‍ സംവിധാനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസ്യതയാണ് ഇതിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
News17 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
Sports23 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

