പി. മുഹമ്മദ് കുട്ടശ്ശേരി

ഇന്ന് വെള്ളിയാഴ്ച. സൂര്യോദയം നടന്ന ദിനങ്ങളില്‍ ഏറ്റവും വിശിഷ്ടമായ ദിവസം. വിശ്വാസികളെല്ലാം കുളിച്ച് ശരീരം വൃത്തിയാക്കി ഏറ്റവും നല്ല വസ്ത്രങ്ങളിഞ്ഞു അല്ലാഹുവിന്റെ ഭവനമായ പള്ളിയില്‍ സംഗമിക്കുന്നു. പള്ളിയില്‍ എന്തൊരാത്മീയ നിര്‍വൃതിയാണനുഭവപ്പെടുക. കെട്ടുപിണഞ്ഞ ജീവിത പ്രശ്‌നങ്ങളില്‍ നിന്നും തിരക്കുകളില്‍ നിന്നുമെല്ലാം മുക്തമായി ദൈവ ചിന്തയിലും പ്രാര്‍ത്ഥനയിലും മാത്രം മുഴുകുമ്പോള്‍ മനസ്സില്‍ സമാധാനവും സമാശ്വാസവും വെണ്മ ചാര്‍ത്തുന്നു. ഈ അനുഭൂതി വിശേഷം മറ്റെവിടെ നിന്നും മനുഷ്യന് ലഭിക്കുകയില്ല. അതുകൊണ്ട് തന്നെ ഒരു വിശ്വാസിയുടെ ഹൃദയം സദാ പള്ളിയിലെത്താന്‍ വെമ്പുന്നു. ഒരുതണലും കിട്ടാതെ മനുഷ്യന്‍ വിഷമിക്കുന്ന അന്ത്യനാളില്‍ ദൈവം തണലേകുന്ന ഏഴ് വിഭാഗങ്ങളില്‍ ഒരാള്‍ സദാ പള്ളിയുമായി ഹൃദയബന്ധം പുലര്‍ത്തുന്നവനാണ് എന്ന് പ്രവാചകന്‍ പ്രസ്താവിക്കുന്നു. ഒരു പാര്‍ക്കില്‍ പ്രവേശിച്ചാല്‍ ലഭിക്കുന്ന ആനന്ദം ഭൗതികമാണെങ്കില്‍ പള്ളിയില്‍ നിന്ന് ലഭിക്കുന്ന ആത്മീയാനുഭൂതി വര്‍ണനാതീതമാണ്. ബഹളമയവും അശാന്തി നിറഞ്ഞതുമായ അന്തരീക്ഷത്തില്‍ നിന്ന് മുക്തിനേടി പള്ളിയിലെ പള്ളിയിലെ ഏകാന്തതയില്‍ ദൈവ സാന്നിധ്യത്തിന്റെ മധുരിമയാസ്വദിച്ച് കഴിച്ചുകൂട്ടാന്‍ അവസരമാകുന്ന നിമിഷങ്ങള്‍ എത്ര സുന്ദരങ്ങളാണ്.
വിശ്വാസികളുടെ വ്യക്തി ജീവിതത്തിലെന്നപോലെ സാമൂഹ്യജീവിതത്തിലും പള്ളികള്‍ക്ക് വലിയ സ്വാധീനമാണുള്ളത്. പ്രദേശത്തെ വിശ്വാസികളെല്ലാം അഞ്ചു നേരവും പള്ളിയില്‍ ഒത്തുകൂടി അണിചേര്‍ന്ന് കൂട്ടായ പ്രാര്‍ത്ഥന നടത്തുന്നു. വെള്ളിയാഴ്ച നടക്കുന്ന ജുമുഅ സംഗമത്തില്‍ നിര്‍ബന്ധമായും എല്ലാവരും പങ്കെടുത്തു ഖുതുബ ശ്രദ്ധിക്കുകയും തോളോട് തോള്‍ ചേര്‍ന്ന് നമസ്‌കാരം നിര്‍വഹിക്കുകയും വേണം. പള്ളിയിലേക്ക് നടക്കുന്ന ഓരോ അടിക്കും പുണ്യമുണ്ട്. പള്ളിയില്‍ ഒത്തുകൂടി ഒരു നേതാവിന്റെ പിന്നില്‍ കൂട്ടായി നമസ്‌കരിക്കുന്നതിന് ഒറ്റക്ക് നമസ്‌കരിക്കുന്നതിനേക്കാള്‍ ഇരുപത്തേഴ് മടങ്ങ് കൂടുതല്‍ പുണ്യമുണ്ട്. വിശ്വാസികള്‍ തമ്മിലുള്ള ഐക്യവും സൗഹൃദവും ശക്തിപ്പെടുത്തുന്നതില്‍ പള്ളികള്‍ നിര്‍ണായക പങ്കുവഹിക്കുന്നു. പള്ളിയിലെ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ അവര്‍ പരസ്പരം അഭിവാദ്യമര്‍പ്പിക്കുകയും സുഖവിവരങ്ങള്‍ കൈമാറുകയും ചെയ്യുന്നു.
സ്രഷ്ടാവുമായുള്ള ബന്ധത്തിന്റെ കേന്ദ്രമായതു പോലെ പള്ളികള്‍ സൃഷ്ടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടേയും കേന്ദ്രമാണ്. പ്രവാചകന്റെ കാലത്ത് മദീന പള്ളി അതിഥി മന്ദിരവും അഗതികള്‍ക്കുള്ള അഭയകേന്ദ്രവും കോടതിയും ജയിലും പൊതുഖജനാവും വിവാഹവേദിയും എല്ലാമായിരുന്നു. നജ്‌റാനിലെ ക്രിസ്ത്യാനികള്‍ നബിയെ സന്ദര്‍ശിക്കാന്‍ വന്നപ്പോള്‍ അവരെ സ്വീകരിച്ചിരുത്തിയത് പള്ളിയിലായിരുന്നു. അവരുടെ പ്രാര്‍ത്ഥനയുടെ സമയമായപ്പോള്‍ ആചാരപ്രകാരമുള്ള പ്രാര്‍ത്ഥന നടത്താന്‍ അനുമതി നല്‍കി. പള്ളി വരാന്തയിലാണ് വീടില്ലാത്ത പാവങ്ങള്‍ താമസിച്ചിരുന്നത്. പള്ളിയില്‍ വെച്ചാണ് ഖാസി കേസ് കേള്‍ക്കുകയും വിധി നടത്തുകയും ചെയ്തിരുന്നത്. പള്ളി മിമ്പറുകളില്‍ നിന്നാണ് ഭരണാധികാരികള്‍ ഉത്തരവുകള്‍ നല്‍കിയിരുന്നത്. സകാത്തിന്റെ സ്വത്ത് പള്ളിയില്‍ സംഭരിച്ച് വിതരണം ചെയ്യുകയായിരുന്നു. വിവാഹം പള്ളിയില്‍ വെച്ച് പരസ്യപ്പെടുത്താന്‍ നബി ആജ്ഞാപിച്ചു.
പള്ളിയായിരുന്നു പൂര്‍വകാലത്ത് മദ്രസയും കോളജും. പള്ളിയില്‍ ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ് തുടങ്ങിയ വിഷയങ്ങള്‍ മാത്രമല്ല, സാഹിത്യം, വൈദ്യം, കല, ജോമട്രി, മാത്തമാറ്റിക്‌സ് തുടങ്ങിയ വിഷയങ്ങളും പഠിപ്പിച്ചിരുന്നു. ആയിരം വര്‍ഷം മുമ്പ് ജാമിഉല്‍ അസ്ഹറില്‍ തുടങ്ങിയ പഠനമാണ് പിന്നീട് ജാമിഅത്തുല്‍ അസ്ഹര്‍-അല്‍അസ്ഹര്‍ സര്‍വകലാശാല ആയി മാറിയത്. കേരളത്തില്‍ ധാരാളം പണ്ഡിതന്മാരെയും ഗ്രന്ഥകര്‍ത്താക്കളെയും വാര്‍ത്തെടുത്ത പള്ളിയാണ് പൊന്നാനി പള്ളി. മലപ്പുറം ജില്ലയിലെ വാഴക്കാട് പള്ളി ദര്‍സില്‍ നിന്നാണ് കേരളത്തില്‍ നവോത്ഥാന നായകന്മാരായ പല പണ്ഡിതന്മാരും പുറത്തുവന്നത്. ഉന്നത മത വിദ്യാഭ്യാസ രംഗത്ത് മഹത്തായ സേവനങ്ങള്‍ അര്‍പ്പിച്ച പരമ്പര്യമാണ് കേരളത്തിലെ പള്ളി ദര്‍സുകള്‍ക്കുള്ളത്.
പൂര്‍വകാല മുസ്‌ലിം സഞ്ചാരികളുടെ അനുഭവ വിവരണങ്ങളില്‍ നിന്ന് ആ കാലഘട്ടത്തില്‍ പള്ളികള്‍ക്ക് സമൂഹം കല്‍പിച്ചിരുന്ന ഉന്നത സ്ഥാനം മനസിലാക്കാന്‍ കഴിയും. സഞ്ചാരികള്‍ പരിചയമില്ലാത്ത ഒരു നാട്ടില്‍ എത്തിയാല്‍ ആദ്യം അവിടത്തെ പള്ളി അന്വേഷിച്ചു കണ്ടുപിടിക്കും. പിന്നെ അവിടെ ഒത്തുകൂടിയ ഭക്തന്മാര്‍ക്ക് തങ്ങളെ സ്വയം പരിചയപ്പെടുത്തും. അതോടെ അവരുടെ താമസം ഭക്ഷണം, സൗകര്യങ്ങള്‍ തുടങ്ങിയവയെല്ലാം വിശ്വാസികള്‍ ഏറ്റെടുക്കുകയായി. അബൂബക്കര്‍ ഇബ്‌നുല്‍ അറബി അത്ഭുതം നിറഞ്ഞ ഒരു സംഭവം വിവരിക്കുന്നു. അദ്ദേഹവും പിതാവും സ്‌പെയിനില്‍ നിന്ന് അലക്‌സാണ്ട്രിയയിലേക്ക് കടല്‍ യാത്ര ചെയ്യുകയാണ്. ഭയങ്കരമായ കാറ്റില്‍ അവരുടെ വാഹനം ട്രിപ്പോളി തീരത്തിനടുത്ത് വെച്ച് വെള്ളത്തില്‍ മുങ്ങി. എങ്ങനെയോ രണ്ടു പേരും നീന്തി തീരത്തേക്കെത്തി, വസ്ത്രം പോലും നഷ്ടപ്പെട്ട് അവശനിലയില്‍. അവരെ കണ്ടെത്തിയവര്‍ ഉടനെ പള്ളിയിലേക്ക് കൊണ്ടുപോയി. ഓടിക്കൂടിയ ആളുകള്‍ ആദ്യം അവര്‍ക്കാവശ്യമായ വസ്ത്രങ്ങള്‍ നല്‍കി. പിന്നെ ഗ്രാമത്തലവന്റെ സമീപത്തേക്കെത്തിച്ചു. അദ്ദേഹം അവര്‍ക്ക് വലിയ ആഭരണമാണ് നല്‍കിയത്. മുഹ്‌യദ്ദീന്‍ ഇബ്‌നുല്‍ അറബി തന്റെ സഞ്ചാരത്തിനിടയില്‍ കണ്ട ഒരനുഭവം പറയുന്നതിങ്ങനെ: ഇശാ നമസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ജനങ്ങള്‍ ഭക്ഷണം നിറച്ച പിഞ്ഞാണങ്ങളുമായി പുറത്തു കാത്തുനില്‍ക്കുന്നുണ്ടാകും, പുറം നാട്ടുകാരെ സല്‍ക്കരിക്കാന്‍. പ്രസിദ്ധ മുസ്‌ലിം ഭിഷഗ്വരനായിരുന്ന അഹ്മദുല്‍ ജസ്സാര്‍ ഇശാ നമസ്‌കാരം കഴിഞ്ഞാല്‍ പള്ളി വാതിലില്‍ ഇരുന്ന രോഗികളെ ചികിത്സിക്കുമായിരുന്നു. മലബാര്‍ സന്ദര്‍ശന വേളയില്‍ ഇബ്‌നുബത്വൂത ഹീലി (ഏഴിമല) പള്ളിയില്‍ കണ്ട അനുഭവം വിവരിക്കുന്നുണ്ട്. മുസ്‌ലിംകളെപ്പോലെ ഹിന്ദുക്കളും പുണ്യം തേടി പള്ളിയെ സമീപിക്കും. ധാരാളം വിദ്യാര്‍ത്ഥികള്‍ ഈ പള്ളിയില്‍ പഠിക്കുന്നു. പള്ളിയോടനുബന്ധിച്ചുള്ള ഊട്ടുപുരയിലാണ് അവര്‍ക്ക് വേണ്ട ഭക്ഷണം തയ്യാറാക്കുന്നത്. ദരിദ്രന്മാര്‍ക്കും വന്നും പോയും കൊണ്ടിരിക്കുന്നവര്‍ക്കുമെല്ലാം ഇവിടെ നിന്ന് ആഹാരം നല്‍കും. ഈ വിവരങ്ങളില്‍ നിന്നെല്ലാം പള്ളികള്‍ മുസ്‌ലിംകളുടെ സാമൂഹ്യ ബന്ധത്തിന്റെ സിരാകേന്ദ്രങ്ങളായിരുന്നു എന്ന് കണ്ടെത്താം.
ദൈവ ഭവനങ്ങളായ പള്ളികളില്‍ പ്രവേശിക്കുമ്പോള്‍ നല്ല വേഷം ധരിക്കാന്‍ ഖുര്‍ആന്‍ കല്‍പിക്കുന്നു. ദുര്‍ഗന്ധം വമിക്കുന്ന വസ്തുക്കള്‍ തിന്ന് പള്ളിയില്‍ വരുന്നതിനെ പ്രവാചകന്‍ നിരോധിക്കുന്നു. പൂര്‍വകാലത്ത് പള്ളിയില്‍ വരുന്നവരുടെ വൃത്തിയിലും വേഷത്തിലും വലിയ നിഷ്‌കര്‍ഷ പാലിക്കപ്പെടുമായിരുന്നു. പള്ളിയില്‍ പോകാന്‍ നല്ല വസ്ത്രമില്ലെങ്കില്‍ അന്ന് ജുമുഅയില്‍ പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു മാലിദ്വീപുകാരുടെ വിശ്വാസമെന്ന് ഇബ്‌നുബത്വൂത എഴുതുന്നു. ഇറാഖുകാര്‍ കീറിയ വസ്ത്രം ധരിച്ചെത്തുന്നവരെ പള്ളിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുമായിരുന്നില്ല എന്ന് സഞ്ചാരിയായ ഇബ്‌നു ജുബൈര്‍ പ്രസ്താവിക്കുന്നു.
പള്ളികളുടെ നിര്‍മ്മാണത്തിലും രൂപത്തിലുമെല്ലാം ഇന്ന് വലിയ മാറ്റങ്ങള്‍ വന്നിരിക്കുന്നു. വീട് നിര്‍മ്മാണത്തിലെ പരിഷ്‌കരണം പള്ളി നിര്‍മ്മാണത്തിലും സംഭവിച്ചു എന്നതാണ് സത്യം. മിനാരങ്ങളും ഖുബ്ബകളുമെല്ലാം പള്ളികളെ മറ്റു കെട്ടിടങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്നു. എന്നാല്‍ ഒരു യാഥാര്‍ത്ഥ്യം വിസ്മരിക്കാവതല്ല. എയര്‍കണ്ടീഷന്‍ ചെയ്ത പള്ളിയില്‍ മുന്തിയ പരവതാനിയില്‍ നിന്ന് പ്രാര്‍ത്ഥിക്കുകയും സുജൂദ് ചെയ്യുകയും ചെയ്താലും ഒരു ഓലപ്പായയില്‍ ഫാന്‍ പോലുമില്ലാത്ത മണ്‍ചുമരുകളുള്ള പള്ളി മുറികളില്‍ സുജൂദ് ചെയ്താലും ഒന്നിന് മറ്റേതിനേക്കാള്‍ കൂടുതല്‍ ഭക്തിയോ, മേന്മയോ ഉണ്ടെന്ന് അവകാശപ്പെടാന്‍ കഴിയില്ല. പ്രാര്‍ത്ഥിക്കുന്നവന്റെ മനസ്സിലെ ഭക്തിക്കും സംശുദ്ധതക്കുമനുസരിച്ചാണ് പുണ്യം ലഭിക്കുക.
പള്ളികള്‍ അല്ലാഹുവിന്റെ ഭവനങ്ങള്‍ എന്ന നിലവിട്ടു ഇന്ന് പലപ്പോഴും മത സംഘടനകളുടെ ഓഫീസുകള്‍ പോലെ കണക്കാക്കപ്പെടുന്നുണ്ട്. സംഘടനകളുടെ ആശയങ്ങളുടെ പ്രചാരണത്തിനും വിമര്‍ശനത്തിനുമെല്ലാം പള്ളികള്‍ ഉപയോഗിക്കപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ ഒരു പള്ളി നിര്‍മ്മിച്ച് അല്ലാഹുവിന് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ പിന്നെ അതിന്റെ പരിപാലനത്തിനുള്ള അവകാശവും കടമയും മാത്രമേ വിശ്വാസികള്‍ക്കുള്ളു. അത് മുസ്‌ലിം ഉമ്മത്തിന്റെ പൊതുഭവനമായി മാറിക്കഴിഞ്ഞു. ഭിന്നിപ്പല്ല, മറിച്ചു മുസ്‌ലിം ഐക്യമാണ് പള്ളികളുടെ സന്ദേശം. സ്‌നേഹവും സൗഹൃദവുമാണ്, വെറുപ്പും വിദ്വേഷവുമല്ല പള്ളികളില്‍ നിന്ന് ലഭിക്കേണ്ട വികാരം. പള്ളികളില്‍ ആരാധന നടത്തുന്നവര്‍ക്കും പള്ളി നിര്‍മ്മിക്കുന്നവര്‍ക്കും പരിപാലിക്കുന്നവര്‍ക്കുമെല്ലാം പ്രചോദനം ഈമാന്‍ ഒന്നുമാത്രമായിരിക്കണം. ‘അല്ലാഹുവിന്റെ പള്ളികളെ പരിപാലിക്കുക അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും നമസ്‌കാരം ശരിക്ക് നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയപ്പെടാതിരിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ്. അവര്‍ സന്മാര്‍ഗം ലഭിച്ചവരായേക്കാം’-ഖുര്‍ആന്‍.