നൗഷാദ് മണ്ണിശ്ശേരി

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സൈനിക നീക്കമായ ഓപ്പറേഷന്‍ പോളോ എന്ന ഹൈദരാബാദ് ആക്ഷന് എഴുപതാണ്ട് പൂര്‍ത്തിയായിരിക്കുന്നു; അതിന്റെ മറപിടിച്ച് മുസ്്ലിംലീഗിനെ ഉന്മൂലം ചെയ്യാനുളള ശ്രമത്തിന്റെ ഭാഗമായി പി.എം.എസ്.എ പൂക്കോയ തങ്ങളെ തടവറയില്‍ തളളിയതിന്റെ നൊമ്പരപ്പെടുത്തുന്ന ഉജ്വല അധ്യായത്തിനും അതേ വയസ്. അല്‍പം ചരിത്രം പറയാതെ ഹൈദരാബാദ് ആക്ഷനെക്കുറിച്ച് പറയുന്നത് അവ്യക്തതക്ക് കാരണമാകും.
ഉപഭൂഖണ്ഡത്തില്‍ രണ്ട് സ്വതന്ത്ര്യ രാജ്യങ്ങളായാണ് 1947ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയത്. ചരിത്രകാരന്‍ എം.സി വടകര എഴുതിയപോലെ, ഭാരതാംബ പ്രസവിച്ച രണ്ട് ഇരട്ടക്കുട്ടിക്കള്‍; ഒന്ന് നമ്മുടെ ഇന്ത്യയും മറ്റൊന്ന് പാക്കിസ്ഥാനും. ഇന്ത്യയില്‍ അന്ന് 565 നാട്ടു രാജ്യങ്ങളുണ്ട്. ഇവക്ക് ഒന്നുകില്‍ ഇന്ത്യയിലോ പാക്കിസ്ഥാനിലോ ചേരാം, അല്ലെങ്കില്‍ സ്വതന്ത്രമായി നില്‍ക്കാം എന്നാണ് നിര്‍ദേശം നല്‍കപ്പെട്ടത്. ഇന്ത്യയുടെ ആദ്യത്തെ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന് കീഴില്‍ സെക്രട്ടറിയായിരുന്ന മലയാളിയായ വി.പി മേനോന്‍, സ്റ്റോറി ഓഫ് ഇന്റഗ്രേഷന്‍ ഓഫ് ഇന്ത്യന്‍ സ്റ്റേറ്റ് എന്ന പുസ്തകത്തില്‍ അക്കാലത്തെ രാഷ്ട്രീയ സംഭവവികാസങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
അതില്‍ അദ്ദേഹം രേഖപ്പെടുത്തിയത് പ്രകാരം, പല നാട്ടുരാജ്യങ്ങളും ഇന്ത്യയിലോ പാക്കിസ്ഥാനിലോ ചേര്‍ന്നു. ഗോളിയോര്‍, പാട്യാല, ബിഗനീര്‍ തുടങ്ങിയവ വേഗത്തില്‍ ഇന്ത്യയില്‍ ചേര്‍ന്നവയാണ്. എന്നാല്‍, ചിലര്‍ സ്വതന്ത്രമായി നില്‍ക്കുമെന്ന് പ്രഖ്യാപിച്ചു. അതില്‍പ്പെട്ട നാട്ടുരാജ്യങ്ങളാണ് തിരുവിതാംകൂര്‍, ചിനഗഡ്, ഭോപ്പാല്‍, കാശ്മീര്‍, ഹൈദരാബാദ് തുടങ്ങിയവ. തിരുവിതാംകൂറില്‍ ദിവാനായിരുന്ന സര്‍ സി.പി രാമസ്വാമി അയ്യര്‍ അമേരിക്കന്‍ മോഡല്‍ എന്നാണ് പറഞ്ഞത്. പിന്നീട് അദ്ദേഹം പാക്കിസ്ഥാനില്‍ ചേരാനുളള ശ്രമം നടത്തി. പാക്കിസ്ഥാനില്‍ ചേര്‍ന്നാല്‍ തിരുവിതാംകൂറിന്റെ കയര്‍ ഉല്‍പന്നങ്ങള്‍ക്കും കശുവണ്ടിക്കുമൊക്കെ ലോക പ്രശസ്ത തുറമുഖമായ കറാച്ചി വലിയ മാര്‍ക്കറ്റാവും വികസനക്കുതിപ്പിന് കാരണമാവും എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്.
കാശ്മീരിലെ രാജാവ് ഹൈന്ദവനായ ഹരിസിംഗ് സ്വതന്ത്രമായി നില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അവിടുത്തെ അക്കാലത്തെ ഭൂരിപക്ഷ മുസ്്ലിംകള്‍ പാക്കിസ്ഥാനൊപ്പം നില്‍ക്കാന്‍ ആഗ്രഹിച്ചു. പാക്കിസ്ഥാനില്‍ നിന്ന് നുഴഞ്ഞുകയറ്റക്കാര്‍ വന്ന് കാശ്മീരില്‍ വലിയ പ്രശ്നമുണ്ടായപ്പോള്‍ ജീവന്‍ തന്നെ അപകടത്തിലാകുമെന്ന ഘട്ടത്തില്‍ രാജാ ഹരിസിംഗ് സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിന് കമ്പിയടിച്ചു. വലിയ പ്രശ്നങ്ങളും കലാപങ്ങളുമൊക്കെ നടക്കുന്ന ഒരു അര്‍ധരാത്രിയാണ് സര്‍ദ്ദാല്‍ പട്ടേലിന്റെ ദൂതുമായി മലയാളിയായ വി.പി മേനോന്‍ അവിടെയെത്തുന്നത്. തുടര്‍ന്ന് രാജാവുമായുണ്ടാക്കിയ കരാറിന്റെ ഭാഗമായി കാശ്മീരിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ചു. സര്‍ദാര്‍ പട്ടേല്‍ പറഞ്ഞു, ഒരു രാജ്യത്തിന്റെ ഭാഗഥേയം ആ രാജ്യത്തിന്റെ ഭരണാധികാരി പറയുന്നതാണ്; അവിടുത്തെ ജനങ്ങള്‍ പറയുന്നതല്ല. ഇന്ത്യന്‍ യൂണിയന്‍ മുസ്്ലിംലീഗ് അതിനെ സ്വാഗതം ചെയ്തു.
ഹൈദരാബാദില്‍ സ്ഥിതി മറിച്ചായിരുന്നു. പഴയ ഗോല്‍ഗുണ്ട ഡൈനാസ്റ്റിയുടെ കാലത്ത് മൂസാ നദിക്ക് ഇപ്പുറത്ത് പുതുതായി സൃഷ്ടിക്കപ്പെട്ട ഒരു നഗരമാണ് ഹൈദരാബാദ്. 1562ല്‍ ഇബ്രാഹീം കുത്തുബ് ഷാ എന്ന ഗോല്‍ഗുണ്ടയിലെ രാജാവിന്റെ കാലത്താണ് ഹുസൈന്‍ സാഗര്‍ ഉണ്ടാക്കിയത്. മനുഷ്യനിര്‍മ്മിതമായ വലിയൊരു തടാകമാണ് ഹുസൈന്‍ സാഗര്‍. ഗോല്‍ഗുണ്ട ചക്രവര്‍ത്തിമാര്‍ ഷിയാ വിശ്വാസികളായിരുന്നു. അതുകൊണ്ടു കൂടിയാണ് തടാകം നിര്‍മ്മിച്ചപ്പോള്‍ ഇമാം ഹുസൈന്‍ (റ) വിന്റെ ഓര്‍മ്മയില്‍ അതിന് ഹുസൈന്‍ സാഗര്‍ എന്ന് പേരിട്ടത്.
കുലി കുത്ത്ബ് ഷാ ചക്രവര്‍ത്തിയാണ് മൂസ റിവറിന്റെ ഇരുകരകളിലും ഹൈദരാബാദും സെക്കന്തരാബാദും നിര്‍മ്മിക്കുന്നത്. രത്നങ്ങളുടെയും പവിഴങ്ങളുടെയുമൊക്കെ വലിയ ശേഖരം ഈ രാജാക്കന്മാരുടെ കൈവശം ഉണ്ടായിരുന്നു. എലിസബത്ത് രാജ്ഞിയുടെ കിരീടത്തിലെ കോഹിനൂര്‍ രത്നം പോലും ഹെദരാബാദിലെ കുലി കുത്തുബ് ഷായുടെ ശേഖരത്തിലുണ്ടായിരുന്നതാണെന്നാണ് ഒരു വിഭാഗം ചരിത്ര പണ്ഡിതര്‍ പറയുന്നത്.
ഔറംഗസീബ് മുകള്‍ ചക്രവര്‍ത്തി ആയിരുന്ന കാലത്താണ് ഹൈദരാബാദ് ആക്രമിച്ച് കീഴടക്കിയത്. തുടര്‍ന്നു മുകളര്‍ അവിടെ ഭരിക്കാനായി പ്രതിനിധികളായി നിയമിച്ചവരെയാണ് നൈസാമുമാര്‍ എന്നു പറയുന്നത്. പിന്നീട് മുകള്‍ സാമ്രാജ്യം ദുര്‍ബലമായപ്പോള്‍ നൈസാം ഹൈദരാബാദില്‍ സ്വന്തമായി ഭരണം തുടങ്ങി. 214190 ചതുരശ്ര കിലോമീറ്ററുള്ള വലിയ പ്രദേശമായിരുന്ന ഹൈദരാബാദിന്റെ പകുതിയും നിസാമിന്റെ സ്വന്തം ഉടമസ്ഥതയിലുള്ള സ്വത്തായാണ് കണക്കാക്കിയിരുന്നത്. ഏഴു നൈസാമുമാര്‍ അവിടെ ഭരിച്ചതില്‍ ഏഴാമനായ ഉസ്മാനിയുടെ കാലത്താണ് വലിയ പുരോഗതിയിലെത്തിയത്.
ഹൈദരാബാദിന് സ്വന്തമായി കറന്‍സിയും സൈന്യവും ഗതാഗത സൗകര്യവുമുണ്ടായിരുന്നു. നൈസാമിന്റെ പട്ടാളത്തെ റസാക്കര്‍മാര്‍ എന്നാണ് പറഞ്ഞിരുന്നത്.. സി.പി.എം നേതാവും തദ്ദേശ വകുപ്പ് മന്ത്രിയുമായിരുന്ന പാലോളി മുഹമ്മദ്കുട്ടി നൈസാമിന്റെ പട്ടാളത്തിലെ ഒരു അംഗമായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഹൈദരാബാദ് സ്വതന്ത്രമായി നില്‍ക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു. പല ചര്‍ച്ചകളും ഇന്ത്യയുടെ പ്രതിനിധികള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. അങ്ങിനെ ഏതെങ്കിലും രാജ്യത്തിനൊപ്പം ചേരുകയാണെങ്കില്‍ പാക്കിസ്ഥാന് ഒപ്പമായിരിക്കുമെന്നും നൈസാം പ്രഖ്യാപിച്ചു.
എന്നാല്‍, ഭൂരിപക്ഷം ജനങ്ങളുടെയും താല്‍പര്യം ഇന്ത്യയില്‍ ചേരുക എന്നതായിരുന്നു. പട്ടേല്‍ പറഞ്ഞു; ഒരു രാജ്യത്തിന്റെ ഭാഗഥേയം അവിടുത്തെ ജനങ്ങള്‍ പറയുന്നതാണ്. കാശ്മീരില്‍ അതിന്റെ നേര്‍വിപരീതമായിരുന്നു പറഞ്ഞിരുന്നത് എന്നത് കൗതുകകരമാണ്. തുടര്‍ന്ന്, 1948 സെപ്റ്റംബര്‍ 13 മുതല്‍ 17 വരെ നടന്ന പട്ടാള നടപടികളിലൂടെയാണ് ഹൈദരാബാദിനെ ഇന്ത്യയില്‍ ലയിപ്പിക്കുന്നത്. സെപ്റ്റംബര്‍ 17ന് ഇന്ത്യയില്‍ ലയിപ്പിച്ചപ്പോള്‍ അവരുടെ സൈന്യമായ റസാക്കര്‍മാര്‍ക്ക് ഇന്ത്യന്‍ സേനയില്‍ ചേരാന്‍ അവസരം നല്‍കി. (അന്ന് ഇന്ത്യന്‍ പട്ടാളത്തില്‍ ചേരാതെയാണ് പാലോളി മുഹമ്മദ്കുട്ടി കേരളത്തിലേക്ക് മടങ്ങിയതും രാഷ്ട്രീയത്തില്‍ സജീവമായതും.)
ജനറല്‍ ജയന്ത് ചൗധരിയാണ് 40,000 പട്ടാളക്കാരുമായി തുംഗഭഗ്രാ നദി മുറിച്ചു കടന്ന് ഹൈദരാബാദ് ആക്രമിച്ചത്. വലിയ സമ്പത്തും അളവറ്റ സൗകര്യങ്ങളും നൈസാമില്‍ നിന്ന് പിടിച്ചുവാങ്ങി 1956ല്‍ ഭാഷാ അടിസ്ഥാനത്തില്‍ (ആന്ധ്ര) സംസ്ഥാനം വരുന്നതു വരെ നൈസാമിന് അധികാരത്തില്‍ തുടരാന്‍ അനുമതി നല്‍കിയെങ്കിലും ഹൈദരാബാദ് ആക്ഷന്‍ സ്വതന്ത്ര ഇന്ത്യയിലെ രക്തപങ്കിലമായ കറുത്ത അധ്യായമാണ്. ക്രൂരരായ വേട്ടക്കാരെപോലെയാണ് ഇന്ത്യന്‍ സൈന്യം അന്ന് പെരുമാറിയത്. സ്വതന്ത്ര്യ ഇന്ത്യ കണ്ട ആദ്യ സൈനിക നീക്കമായിരുന്നു അത്. രണ്ടര ലക്ഷത്തോളം മുസ്്ലിംകള്‍ കൊല്ലപ്പെട്ടു എന്നാണ് അനൗദ്യോഗിക കണക്ക്. നാല്‍പതിനായിരത്തോളം എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അന്നു പുറത്തുവിട്ടത്. ആയിരക്കണക്കിന് സ്ത്രീകള്‍ മാനഭംഗത്തിന് ഇരയായി. വലിയ ക്രൂരതയാണ് അന്നവിടെ അരങ്ങേറിയതെന്ന് പല ഏജന്‍സികളും പിന്നീട് രേഖകള്‍ സഹിതം വിവരം പുറത്തുവിട്ടു. പ്രധാനമന്ത്രി നെഹ്റു ഈ വലിയ കൂട്ടക്കുരുതിയെ കുറിച്ച് അന്വേഷിക്കാന്‍ സുന്ദര്‍രാജ് കമ്മീഷനെ നിയമിച്ചു. എന്നാല്‍, കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടെങ്കിലും വെളിച്ചം കണ്ടില്ല.
യഥാര്‍ത്ഥത്തില്‍ ഹൈദ്രബാദ് നൈസാമിനെ ഇന്ത്യന്‍ യൂണിയനോട് ചേരാതെ മാറ്റി നിര്‍ത്തിയതില്‍ മുഖ്യ പങ്ക് വഹിച്ചത് മജ്ലിസെ ഇത്തിഹാദുല്‍ മുസ്്ലിമീന്റെ നേതൃത്വത്തിലുളള ചിലരായിരുന്നു; ഖാസിം റിസ്വിയും കൂട്ടുകാരും. അവര്‍ ഇന്ത്യാ വിരുദ്ധ വിപ്ലവ ശ്രമങ്ങള്‍ അഴിച്ചുവിടുകയും ഇതേ തുടര്‍ന്ന് ഇന്ത്യാഗവണ്‍മെന്റും നൈസാമും തമ്മില്‍ നടന്ന ചര്‍ച്ചകളെല്ലാം തകരുകയുമായിരുന്നു. നൈസാമിന്റെ സമാധാന മോഹങ്ങളെ പ്രസ്തുത സംഘം ഹൈജാക്ക് ചെയ്യുകയുമായിരുന്നു എന്നു വേണം കരുതാന്‍.
എന്നാല്‍, ഹൈദ്രരാബാദ് ആക്ഷനും മുസ്്ലിംലീഗും തമ്മില്‍ ഒരു ബന്ധവുമില്ലെന്നതും എടുത്തു പറയേണ്ട ഒന്നാണ്. മുസ്്ലിംലീഗ് ദേശീയ അധ്യക്ഷന്‍ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്്മായില്‍ സാഹിബ് അന്നു പറഞ്ഞത്, ഹൈദരാബാദ് ഇന്ത്യന്‍ യൂണിയന്റെ അഭിഭാജ്യഘടകമാണ് എന്നു തന്നെയാണ്. മദ്രാസും ബോംബെയും ഏതുപോലെ ഇന്ത്യയുടെ ഭാഗമാണോ അതുപോലെ ഇന്ത്യയുടെ ഭാഗമാണ് ഹൈദരാബാദ് എന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു. പക്ഷെ, മുസ്്ലിംലീഗ് വിരോധം തലക്കുപിടിച്ച ചിലര്‍ സംഘടനയെ നശിപ്പിക്കാനും ഇല്ലാതാക്കാനും ഔദ്യോഗിക തലത്തില്‍ നീക്കം നടത്തുകയായിരുന്നു. മുസ്്ലിംലീഗിനെ നിരോധനത്തിന്റെ മറയില്‍ നിര്‍ത്തി പ്രധാന നേതാക്കളെയെല്ലാം ജയിലിലടച്ചു. ഭയം മൂലം ഒട്ടേറെ പേര്‍ അന്ന് മുസ്്ലിംലീഗില്‍ നിന്ന് രാജിവെച്ചു. മുസ്്ലിംലീഗ് വിട്ടതായി പത്രങ്ങളില്‍ പരസ്യം ചെയ്തവരും ഉണ്ടായിരുന്നു.
കൊടപ്പനക്കല്‍ തറവാടിന്റെ മുറ്റത്ത് പൊലീസിന്റെ ഇടിവണ്ടി എത്തിയപ്പോള്‍ അചഞ്ചലനായി പി.എം.എസ്.എ പൂക്കോയ തങ്ങള്‍ പുഞ്ചിരിച്ചു നിന്നു. പൊലീസ് പറഞ്ഞു, ഉപ പ്രധാനമന്ത്രി വല്ലഭായ് പട്ടേലിന്റെയും മദിരാശി സംസ്ഥാന ആഭ്യന്തര മന്ത്രി സുബ്ബരായന്റെയും നിര്‍ദേശം അനുസരിച്ച് താങ്കളെ അറസ്റ്റ് ചെയ്യാനെത്തിയതാണ് ഞങ്ങള്‍. വിവരമറിഞ്ഞ് നൂറുക്കണക്കിന് നാട്ടുകാര്‍ തടിച്ചുകൂടിയതിനാല്‍ എളുപ്പത്തില്‍ പൂക്കോയ തങ്ങളെയുമായി പോകാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ പൊലീസ് മുസ്്ലിംലീഗില്‍ നിന്ന് രാജിവെച്ചതായി എഴുതിത്തന്നാല്‍ അറസ്റ്റും ജയില്‍ വാസവും ഒഴിവാക്കാമെന്ന് അദ്ദേഹത്തെ അറിയിച്ചു.
ബ്രിട്ടീഷ് സാമ്രാജ്യത്വം സ്വത്തും സ്വാധീനവുമുളള കുടുംബങ്ങള്‍ക്ക് ഖാന്‍ ബഹദൂറും റാവു ബഹദൂരും ഉള്‍പ്പെടെയുള്ള പട്ടങ്ങള്‍ കൊടുക്കുമ്പോള്‍ അതില്‍ ആദ്യം ഇടം പിടിക്കാനുള്ള എല്ലാ യോഗ്യതകളുമുണ്ടായിരുന്നിട്ടും പാണക്കാട്ടെ സയ്യിദ് കുടുംബം അത് ഒരിക്കല്‍ പോലും സ്വീകരിച്ചവരല്ല. ബ്രിട്ടീഷുകാര്‍ക്കെതിരെ സമരത്തിന് പ്രേരിപ്പിക്കുകയും പോരാളികള്‍ക്കായി പ്രാര്‍ത്ഥിക്കുകയുമായിരുന്നു അവര്‍ ചെയതത്. പൂക്കോയ തങ്ങളുടെ പിതാമഹന്‍ സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങളെ ബ്രിട്ടീഷുകാര്‍ പിടികൂടി നാടുകടത്തയത് അതിന്റെ പേരിലായിരുന്നു. പരപ്പനങ്ങാടി വരെ നടത്തിയും അവിടെ നിന്ന് ട്രെയിനിലുമായി വെല്ലൂരിലേക്ക് കൊണ്ടുപോയി ജയിലിലടക്കപ്പെട്ട് മരണം വരിക്കുകയായിരുന്നു സയ്യിദ് ആറ്റക്കോയ തങ്ങള്‍.
ആ മഹത്തായ പാരമ്പര്യം മുറുകെ പിടിക്കുന്ന പേരമകന്‍ പൂക്കോയ തങ്ങള്‍ മാപ്പ് ഹര്‍ജിക്കായി പൊലീസ് വെച്ചു നീട്ടി കടലാസ് ചുരുട്ടി ചവറ്റു കൊട്ടയിലേക്ക് എറിഞ്ഞു. പൊലീസിനോടായി പറഞ്ഞു, മുസ്്ലിംലീഗ് ആയതിന്റെ പേരില്‍ ജയിലറയാണെങ്കില്‍ അതു മണിയറയായി സ്വീകരിക്കാന്‍ എനിക്ക് മടിയില്ല. എന്റെ മാര്‍ഗം സത്യസന്ധവും വ്യവസ്ഥാപിതവുമാണ്. അതുകൊണ്ട് അല്ലാഹു എന്നെ സഹായിക്കും. തടിച്ചു കൂടിയ അനുയായികളോട് ആത്മസംയമനത്തിന് ആഹ്വാനം ചെയ്തു. അസുഖബാധിതയാണ് ഭാര്യ. മൂത്ത മകന്‍ സയ്യിദ് മുഹമ്മദലി ശിഹാബിന് അന്ന് 13 വയസ്സാണ് പ്രായം. രണ്ടാമത്തെ മകന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് മൂന്ന് തികഞ്ഞിട്ടില്ല.
പറക്കമുറ്റാത്ത മക്കളെ വീട്ടില്‍ തനിച്ചാക്കി, ഒരു ജനതയുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ പ്രതാപവും സുഖസൗകര്യവും ത്യജിച്ച് രണ്ട് റക്അത്ത് സുന്നത്ത് നിസ്‌കരിച്ച ശേഷം മന്ദസ്മിതം തൂകി പൊലീസിന്റെ ഇടിവണ്ടിയിലേക്ക് പൂക്കോയ തങ്ങള്‍ കയറിയിരുന്നു. ഹസ്സന്‍കുട്ടി കുരിക്കള്‍, ഇ.എസ്.എം ഹനീഫ ഹാജി, എ.എം കോയ, പേരൂല്‍ അഹമ്മദ് സാഹിബ്, അരീക്കോട്ടെ എന്‍.വി അബുസ്സലാം മൗലവി, ചീക്കോട്ടെ പുലത്തില്‍ മമ്മദ്കുട്ടി ഹാജി, മമ്പാട്ടെ സെക്രട്ടറി അബ്ദുള്ളാക്കയും പി.എ കുട്ടിയും തൃക്കലങ്ങോട്ടെ ചാത്തോലി ബീരാന്‍കുട്ടി ഹാജി, വലിയ പറമ്പിലെ കുടുക്കന്‍ മൊയ്തീന്‍കുട്ടി ഹാജി തുടങ്ങിയവരൊക്കെ അറസ്റ്റിലായി.
അറസ്റ്റിലായവരെ ആദ്യം മഞ്ചേരി സബ് ജയിലിലേക്കും പിറ്റേന്ന് പല സംഘങ്ങളാക്കി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കും കോഴിക്കോട് പുതിയറ സബ് ജയിലിലേക്കുമായി മാറ്റി. ലോക ചരിത്രത്തില്‍ ആദ്യമായി നികുതി നിഷേധ സമരത്തിന് നേതൃത്വം നല്‍കിയ വെളിയങ്കോട് ഉമര്‍ ഖാസിയെ ബ്രിട്ടീഷുകാര്‍ തടങ്കലിലിട്ട പുതിയറ സബ് ജയിലിലാണ് പൂക്കോയ തങ്ങളെ അടച്ചത്. ഹൈദരാബാദ് ആക്ഷന്റെ മറപിടിച്ച് ഒരു ബന്ധവുമില്ലാത്ത മുസ്്ലിംലീഗിനെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചതിന് കാലം മറുപടി നല്‍കി. ഓപ്പറേഷന്‍ പോളോ എന്ന് സര്‍ക്കാര്‍ പേരിട്ട് വിളിച്ച ഹൈദരാബാദ് ആക്ഷന്റെ ഭാഗമായുണ്ടായ കൂട്ടക്കുരുതിയെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സുന്ദര്‍രാജ് കമ്മീഷന്‍ ഇന്നേവരെ വെളിച്ചം കണ്ടില്ലെന്ന ദുഃഖ സത്യം എഴുപതാം ആണ്ടിലും അവശേഷിക്കുന്നു.