മലപ്പുറം: വാല്‍പ്പാറ ദുരന്തത്തില്‍ നാടിന്റെ കണ്ണീരുണങ്ങും മുമ്പെ പാണക്കാട് നിന്നുമൊരു നന്മയുള്ള പ്രഖ്യാപനം. ചികിത്സയില്‍ കഴിയുന്ന ഷഹദിന്‍ മുഹമ്മദിന്റെ തുടര്‍ ചികിത്സ-പഠന ചെലവുകളും ബസ് ഡ്രൈവര്‍ നൗഷാദിന്റെ കുടുംബത്തിന്റെ ഭവന സ്വപ്നവും ആനപ്പടിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏറ്റെടുത്തു. ഇന്നലെ രാവിലെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. സാദിഖലി തങ്ങളുടെ നിര്‍ദ്ദേശ പ്രകാരം എ.പി അബ്ദുസമദ് ചെയര്‍മാനായ ട്രസ്റ്റാണ് നാടിന്റെ കണ്ണീരുണക്കുന്ന പ്രവര്‍ത്തനം ഏറ്റെടുത്തത്.
അപകടത്തില്‍ മരണപ്പെട്ട പാചകത്തൊഴിലാളി സാജിതയുടെ മകനാണ് ഷഹദിന്‍. അഞ്ച് വര്‍ഷം മുന്‍പ് കുട്ടിക്ക് പിതാവിനെയും നഷ്ടമായിരുന്നു. ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥിയുടെ ചികിത്സക്ക് ആവശ്യമായ തുകയും ഭാവിയില്‍ വിദ്യാര്‍ഥിക്ക് ആവശ്യമായി വരുന്ന പഠനചെലവ് അടക്കം ട്രസ്റ്റ് ഏറ്റെടുത്തുവെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. വിദ്യാര്‍ഥിയുടെ ഇഷ്ടാനുസരണം എത്ര വേണമെങ്കിലും പഠിക്കാമെന്നാണ് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചിട്ടുള്ളത്. സ്‌കൂള്‍ ബസ് ഡ്രൈവര്‍ നൗഷാദിന്റെ ഭാര്യയും മക്കളും താമസിക്കാന്‍ ഒരു ഭവനം നിര്‍മിച്ചുനല്‍കാമെന്നും ആനപ്പടിക്കല്‍ ചാരിറ്റിബിള്‍ ട്രസ്റ്റ് ഉറപ്പ് നല്‍കിയിട്ടുണ്ട്.
അപകടം സംഭവിച്ച ഘട്ടത്തില്‍ വിദ്യാഭ്യാസ മന്ത്രി ധനസഹായം നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. അത് പ്രഖ്യാപിക്കുന്നത് വൈകുന്നതില്‍ പ്രദേശവാസികള്‍ നിരാശയുണ്ട്. സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.
കേരളത്തിലും പുറത്തും ട്രസ്റ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും ട്രസ്റ്റിന്റെ തണല്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായാണ് കുട്ടിയുടെ ചെലവുകള്‍ ഏറ്റെടുക്കുന്നതെന്നും ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രൊഫ. മൂസ സ്വലാഹി പറഞ്ഞു. അച്ഛന്‍മാര്‍ നഷ്ടപ്പെട്ട കുട്ടികളുടെ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, പഠനം, ചികിത്സ സഹായം നല്‍കുന്ന പദ്ധതിയാണ് തണല്‍ ഫോസ്റ്റര്‍ കെയര്‍ കേരളത്തിലെ 124 കുടുംബങ്ങളില്‍ നിന്നുള്ള 285 കുട്ടികള്‍ നിലവില്‍ പദ്ധതിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പാണക്കാട് ചേര്‍ന്ന യോഗത്തില്‍ മഞ്ഞളാംകുഴി അലി എം.എല്‍.എ, കല്പകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എ.പി സബാഹ്, പഞ്ചായത്ത് അംഗം അബ്ദുല്‍ലത്തീഫ് എന്നിവരും പങ്കെടുത്തു.