Culture

സ്‌കൂള്‍ ഘടനയില്‍ പൊളിച്ചെഴുത്തിന് ശിപാര്‍ശ 5+3+3+4 സമവാക്യവുമായി കേന്ദ്ര കരട് വിദ്യാഭ്യാസ നയം

By web desk 1

June 02, 2019

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര പൊളിച്ചെഴുത്തിനുള്ള നിര്‍ദേശവുമായി ദേശീയ വിദ്യാഭ്യാസ നയം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. പാഠ്യപദ്ധതി നവീകരണത്തിനൊപ്പം ബോധന രീതിയിലും നിലവിലെ സ്‌കൂള്‍ഘടനയിലും അടിമുടി മാറ്റിത്തിരുത്തലുകളാണ് കേന്ദ്രം മുന്നോട്ടു വെക്കുന്നത്. ഐ.എസ്.ആര്‍.ഒ മുന്‍ തലവന്‍ കെ കസ്തൂരി രംഗന്‍ ആണ് നവ വിദ്യാഭ്യാസ നയ കമ്മിറ്റിയുടെ തലവന്‍. നിലവിലെ 10+2 സംവിധാനം മാറ്റി 5+3+3+4 എന്ന മാതൃകയാണ് പുതിയ കരട് വിദ്യാഭ്യാസ നയം 2019 (എന്‍.ഇ.പി) മുന്നോട്ടു വെക്കുന്നത്. അഞ്ച് പതിറ്റാണ്ടായി 10+2 രീതിയാണ് സ്‌കൂള്‍ വിദ്യാഭ്യാസത്തിന് രാജ്യത്ത് തുടരുന്നത്. ഇതിനു ബദലായി സ്‌കൂള്‍, പ്രീസ്‌കൂള്‍ വിദ്യാഭ്യാസങ്ങളെ സമന്വയിപ്പിച്ചുള്ള പുതിയ സംവിധാനത്തില്‍ ആദ്യ അഞ്ചു വര്‍ഷം അടിസ്ഥാന ഘട്ടമായി കണക്കാക്കും. (മൂന്ന്് വര്‍ഷം പ്രീ സ്‌കൂള്‍, തുടര്‍ന്ന് രണ്ട് വര്‍ഷം-ഗ്രേഡ് ഒന്ന്, ഗ്രേഡ് രണ്ട്) എന്നിങ്ങനെയായിരിക്കും പ്രവര്‍ത്തിക്കുക. ഇതിന് ശേഷം പ്രിപ്പറേറ്ററി ഘട്ടം (ഗ്രേഡ് മൂന്ന്, നാല്, അഞ്ച്), ശേഷം മിഡില്‍ സ്‌റ്റേജ് (ഗ്രേഡ് 6, 7,8) അവസാനഘട്ടം അഥവാ സെക്കന്ററി സ്റ്റേജ് (ഗ്രേഡ് 9,10,11,12 ) എന്നിങ്ങനെയാണ് പുതിയ ഘടനയില്‍ തരം തിരിച്ചിരിക്കുന്നത്. പുതിയ രീതി അനുസരിച്ച് മൂന്നു മുതല്‍ എട്ടുവരെ പ്രായത്തിലുള്ള കുട്ടികളായിരിക്കും ഒന്നാമത്തെ സ്‌റ്റേജില്‍ ഉള്‍പ്പെടുക. 8-11 പ്രായം, 11-14 പ്രായം, 14-18 പ്രായം എന്നിങ്ങനെ ആയിരിക്കും അടുത്ത മൂന്നു ഘട്ടങ്ങള്‍. ആദ്യത്തെ അഞ്ചു വര്‍ഷങ്ങള്‍ കളികളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും പഠനം സാധ്യമാകുന്ന വിധത്തിലാണ് തയ്യാറാക്കുക. ഏര്‍ലി ചൈല്‍ഡ് ഹുഡ് കെയര്‍ ആന്‍ഡ് എജ്യുക്കേഷന്‍ എന്ന വിഷയത്തില്‍ നടന്ന ഗവേഷണത്തെ ആസ്പദമാക്കി ആയിരിക്കും ഈ ക്ലാസുകളിലെ പാഠ്യഭാഗങ്ങള്‍ തയ്യാറാക്കുക. ആദ്യ മൂന്നു ഘട്ടങ്ങളിലും നിലവിലെ രീതിയോട് സമാനമായി വാര്‍ഷിക പരീക്ഷകളായിരിക്കും. എന്നാല്‍ സെക്കന്ററി സ്റ്റേജിലെ ഓരോ വര്‍ഷവും രണ്ട് സെമസ്റ്ററുകളായി തരം തിരിച്ചിട്ടുണ്ട്. സെക്കന്ററിയില്‍ ഇത് പ്രകാരം നാലു വര്‍ഷത്തില്‍ എട്ട് സെമസ്റ്ററുകളാണ് ഉണ്ടാവുക. ഓരോ സെമസ്റ്ററിലും വിദ്യാര്‍ത്ഥികള്‍ അഞ്ച്, ആറ് വിഷയങ്ങള്‍ പഠിക്കേണ്ടി വരും. എല്ലാവര്‍ക്കും പൊതു വിഷയവും, ഇലക്ടീവ് കോഴ്‌സും ഉണ്ടാവും (ഇലക്ടീവ് കോഴ്‌സില്‍ ആര്‍ട്‌സ്, വൊക്കേഷണല്‍ സബ്ജക്ടുകള്‍, ഫിസിക്കല്‍ എഡ്യുക്കേഷന്‍ തുടങ്ങിയവ). ഓരോ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ താല്‍പര്യത്തിനും കഴിവിനും അനുസരിച്ച് തെരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കുമെന്നാണ് ഇതിന്റെ പ്രത്യേകതയെന്ന് കരട് നയം പറയുന്നു. എല്ലാ ക്ലാസുകളിലും സംസ്‌കൃതം പാഠ്യ വിഷയമാക്കുമെന്നതാണ് മറ്റൊരു നിര്‍ദേശം. എന്നാല്‍ താല്‍പര്യമുള്ളവര്‍ മാത്രം ഈ വിഷയം പഠിച്ചാല്‍ മതിയാകും. പ്രീ സ്‌കൂള്‍ മുതല്‍ 12-ാം ക്ലാസ് വരെ നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസമാണ് പുതിയ കരട് വിദ്യാഭ്യാസ നയം ശിപാര്‍ശ ചെയ്യുന്നത്. അതേസമയം പ്രീ സ്‌കൂള്‍ മുതല്‍ 12-ാംക്ലാസ് വരെ ഹിന്ദി ഭാഷാ പഠനം പുതിയ നിര്‍ദേശമനുസരിച്ച് നിര്‍ബന്ധമാവും. നേരത്തെ വിദ്യാഭ്യാസ അവകാശ നിമയമനുസരിച്ച് ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെയാണ് ഈ നിബന്ധന ഉണ്ടായിരുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് വ്യാപക എതിര്‍പ്പ് ക്ഷണിച്ചു വരുത്താന്‍ ഇടയുള്ളതാണ് ഹിന്ദി പഠനം നിര്‍ബന്ധമാക്കാനുള്ള നീക്കം. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇതിനകം തന്നെ കേന്ദ്ര നിര്‍ദേശത്തോട് എതിര്‍പ്പ് ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കണ്ടറി തലം കൂട്ടിയോജിപ്പിക്കണമെന്ന ഖാദര്‍ കമ്മിറ്റി ശിപാര്‍ശ നടപ്പാക്കാനുള്ള കേരള സര്‍ക്കാറിന്റെ തീരുമാനവും കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പിലാകുന്നതോടെ പ്രതിസന്ധിയിലാകും. വിവിധ തലങ്ങളിലായി വികേന്ദ്രീകൃത വിദ്യാഭ്യാസ ഘടന കേന്ദ്ര വിദ്യാഭ്യസ നയം ശിപാര്‍ശ ചെയ്യുമ്പോള്‍ ഇതിന് നേര്‍വിരുദ്ധമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍.