കെയ്‌റോ: ഈജിപ്തിലെ മുസ്ലിം പളളിയിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍. ഭീരുക്കള്‍ നടത്തിയ ക്രൂര കുറ്റകൃത്യത്തിന് കനത്ത ശിക്ഷ നല്‍കുമെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുടെ പ്രതികരിച്ചു. ഇതിനു പിന്നാലെ ലോകരാഷ്ട്രങ്ങള്‍ ഓരോന്നായി ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി. ഹീനകൃത്യം എന്നാണ് ഇന്ത്യ ആക്രമണത്തെ വിശേഷിപ്പിച്ചത്. ഭീകരാക്രമണത്തിനെതിരായി ശക്തമായ നിലപാടുകെള്‍ക്കൊപ്പം ഇന്ത്യ നിലയുറപ്പിക്കുമെന്ന് വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തു.

അങ്ങേയറ്റം ഭയാനകമാണെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചത്. പളളിയില്‍ ആരാധനക്കെത്തിയവരോട് ചെയ്ത ക്രൂരത ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും തീവ്രവാദികളുടെ ഇത്തരം ക്രൂരത വെച്ചുപൊറുപ്പിക്കാനാകാത്തതാണെന്നും ട്രംപ് പറഞ്ഞു. ലോകരാജ്യങ്ങള്‍ തീവ്രവാദികളെ സൈനികമായി നേരിടമെന്നും അവരുടെ പ്രത്യയശാസ്ത്രത്തെ ഒറ്റപ്പെടുത്തണമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നവരെ ഇല്ലാതാക്കാന്‍ ശക്തമായ നടപടി ഉണ്ടാകണമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ഭീകരാക്രമണത്തില്‍ ഇരയായവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് പറഞ്ഞ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ ഇരകള്‍ക്ക് നീതി ലഭിക്ക്യമാക്കണമെന്ന് ആവശ്യപ്പെട്ടു. ബാര്‍ബേറിയന്‍ ആക്രമണം എന്നാണ് ബ്രിട്ടന്‍ ആക്രമണത്തെ വിശേഷിപ്പിച്ചത്. ഭീകരാക്രമണള്‍ക്കെതിരായ സമീപനത്തില്‍ നിലപാട് കടുപ്പിക്കണന്നും ബ്രിട്ടന്‍ ആവശ്യപ്പെട്ടു. തെല്‍ അവീവിലെ മുനിസിപ്പല്‍ ഹാളില്‍ ഈജിപ്തിന്റെ പതാകയുടെ നിറമുളള വിളക്കുകള്‍ തെളിയിച്ചാണ് ഇസ്രഈല്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. പാരീസിലെ ഈഫല്‍ ടവറില്‍ വിളക്കുകള്‍ അണച്ചും ഐക്യദാര്‍ഢ്യം അറിയിച്ചു.