രോഹ്ത്തക്: ഹരിയാനയില്‍ കനത്ത മൂടല്‍മഞ്ഞ് കാരണം വാഹനങ്ങള്‍ കൂട്ടിയിടിച്ച് എട്ട് പേര്‍ മരിച്ചു. സ്‌കൂള്‍ ബസ് ഉള്‍പ്പെടെ അമ്പതോളം വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയേയും ഹരിയാനയേയും ബന്ധിപ്പിക്കുന്ന റോഹ്തക്-റെവാരി ഹൈവേയില്‍ ഝജ്ജാര്‍ മേല്‍പാതയ്ക്ക് സമീപമാണ് ഇന്നലെ രാവിലെ അപകടമുണ്ടായത്. മരിച്ച എട്ട് പേരില്‍ ഏഴ് പേരും സ്ത്രീകളാണ്. കാറില്‍ യാത്ര ചെയ്തവരാണ് മരിച്ചത്. പരിക്കേറ്റ പത്തോളം പേരുടെ നില ഗുരുതരമാണ്.

അപകടത്തെ തുടര്‍ന്ന് ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു. മൂടല്‍മഞ്ഞ് കാരണം റോഡ് വ്യക്തമായി കാണാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ആദ്യം ഒരു ജീപ്പ് ട്രക്കിലിടിക്കുകയായിരുന്നു. പിന്നാലെ മുന്‍പിലും പിന്‍പിലുമുള്ള വാഹനങ്ങളും കൂട്ടിയിടിച്ചു. പരിക്കേറ്റവരെ ഏറെ കഷ്ടപ്പെട്ടാണ് പുറത്തെടുത്തത്. ഹരിയാന സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും പ്രഖ്യാപിച്ചു. കര്‍ണാല്‍ ജില്ലയിലെ അന്തരീക്ഷ താപനില ഞായറാഴ്?ച പൂജ്യം ഡിഗ്രിയിലേക്ക് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കനത്ത മൂടല്‍ മഞ്ഞും രൂപപ്പെട്ടത്.

ഹരിയാനക്ക് പുറമെ ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍ പ്രദേശ്, രാജ്സ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും കനത്ത മൂടല്‍മഞ്ഞ് ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. 500 മീറ്റര്‍ ദൂരത്തോളം വരെ കാഴ്ച മങ്ങിയ രീതിയിലാണ് മഞ്ഞ് രൂപപ്പെടുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് പഞ്ചാബിലെ രാജ്പുരയിലും വാഹനങ്ങള്‍ കൂട്ടിയിടിച്ചിരുന്നു. ഏകദേശം 20 വാഹനങ്ങളാണ് അന്ന് അപകടത്തില്‍പ്പെട്ടത്. ഇതോടെ ദേശീയപാത 44ല്‍ ഒരു മണിക്കൂര്‍ ഗതാഗത തടസവും നേരിട്ടു.