News

ലോകത്ത് 8000 മീറ്ററിന് മുകളില്‍ ഉയരമുള്ള 14 കൊടുമുടികള്‍ കീഴടക്കി റെക്കോര്‍ഡിട്ട് പതിനെട്ടുകാരന്‍

By webdesk17

October 09, 2024

ലോകത്ത് 8000 മീറ്ററിന് മുകളില്‍ ഉയരമുള്ള 14 കൊടുമുടികള്‍ കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോര്‍ഡ് നേടി നേപ്പാള്‍ സ്വദേശി പര്‍വതാരോഹകന്‍ നിമ റിന്‍ജി ഷെര്‍പ്പ. 18 വയസ്സാണ് ഷെര്‍പ്പയ്ക്കുള്ളത്.

ബുധനാഴ്ച രാവിലെ ടിബറ്റിലെ 8,027 മീറ്റര്‍ ഉയരമുള്ള ഷിഷാപാങ്മ കൊടുമുടി കീഴടക്കിയതോടെയാണ് ഷെര്‍പ്പ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഇതോടെ 2022 സെപ്റ്റംബറില്‍ ആരംഭിച്ച പര്‍വതാരോഹണ പരമ്പര അദ്ദേഹം അവസാനിപ്പിച്ചു.

മകന്‍ നന്നായി പരിശീലിച്ചിരുന്നുവെന്നും ലക്ഷ്യസ്ഥാനത്ത് എത്തുമെന്നതില്‍ ഉറപ്പുണ്ടായിരുന്നെന്നും ഷെര്‍പ്പയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

16-ാം വയസ്സില്‍ ഷെര്‍പ്പ 8136 മീറ്റര്‍ ഉയരമുള്ള മനസ്സ്‌ലു പര്‍വതം കീഴടക്കിയിരുന്നു. ഈ വര്‍ഷം ജൂണിലാണ് തന്റെ പതിമൂന്നാം പര്‍വതമായ കാഞ്ചന്‍ജംഗ കയറിത്. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതമാണ് കാഞ്ചന്‍ജംഗ.