ജക്കാര്‍ത്ത: പതിനെട്ടാം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. 10 മീറ്റര്‍ മിക്‌സഡ് എയര്‍ റൈഫിള്‍ വിഭാഗത്തില്‍ അപൂര്‍വി ചന്ദേലയും രവികുമാറും വെങ്കലം നേടി. ഫൈനലില്‍ 429.9 പോയിന്റ് സ്‌കോര്‍ ചെയ്താണ് ഇവരുടെ വെങ്കലനേട്ടം. ഈ ഇനത്തില്‍ ചൈനീസ് തായ്‌പെയ് താരങ്ങള്‍ സ്വര്‍ണവും വെള്ളിയും നേടി.

പുരുഷവിഭാഗം 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തില്‍ മലയാളി താരം സജന്‍ പ്രകാശ് ഫൈനലില്‍ കടന്നു. ഹീറ്റ്‌സില്‍ മികച്ച മൂന്നാമത്തെ സമയം കുറിച്ചാണ് സജന്‍ ഫൈനലില്‍ കടന്നത്. വൈകീട്ടാണ് ഫൈനല്‍. ഗെയിംസിന്റെ ഒന്നാമത്തെ ദിനത്തില്‍ തന്നെ പരമാവധി മെഡല്‍ സ്വന്തമാക്കി അക്കൗണ്ട് തുറക്കാനുറച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ കളത്തിലറങ്ങുന്നത്.

ഇന്ന് 21 ഇനങ്ങളില്‍ മെഡല്‍ തീരുമാനിക്കപ്പെടും. ഗുസ്തി, ഷൂട്ടിങ്, ഫെന്‍സിങ്, വുഷു, തയ്ക്വാന്‍ഡോ, നീന്തല്‍ എന്നിവയിലാണ് ഇന്ന് ഫൈനല്‍ നടക്കുന്നത്.