മാഡ്രിഡ്: സാന്‍ഡിയോഗോ ബെര്‍ണബുവിലെ അതിഗംഭീര മൈതാനം സാക്ഷി. ചാമ്പ്യന്‍സ് ലീഗിലെ ഏവരും ഉറ്റുനോക്കിയ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ അടിച്ചുകയറ്റി ബാര്‍സക്ക് ജയം. മെസ്സി മാജിക്കിന് കൂടി സാക്ഷിയായ മൈതാനത്തില്‍ ആവേശം കൊടുമുടി കയറിയത് അവസാന നിമിഷം വരെ. ഒടുവില്‍ ലയണല്‍ മെസ്സിയുടെ ഫോട്ടോ ഫിനിഷിങില്‍ റയല്‍ അക്ഷരാര്‍ഥത്തില്‍ സ്തബ്ധരായി. സ്‌കോര്‍ 3-2.

നിശ്ചിത സമയം കഴിഞ്ഞ് കളി നീണ്ടത് രണ്ടു മിനിറ്റിന്റെ അധിക സമയത്തേക്ക്. സ്‌കോര്‍ 2-2. അധിക സമയത്തിന്റെ അവസാന നിമിഷങ്ങള്‍. എന്തു സംഭവിക്കുമെന്ന് ഇരു ടീമിന്റെയും ആരാധകര്‍ നെഞ്ചിടിപ്പോടെ കാത്തിരുന്ന നേരത്ത് അതാ വരുന്നു വെടിയുണ്ട പോലെ ഒരു ഗോള്‍. മെസ്സിയുടെ കാലില്‍ നിന്നും പാഞ്ഞ ആ വെടിയുണ്ട റയലിന്റെ ഗോളിയെ നിസ്സഹായനാക്കി വലക്കുള്ളിലേക്ക്. മത്സരത്തിലെ മെസ്സിയുടെ രണ്ടാമത്തെ ഗോളോടെ റയലിന്റെ പെട്ടിയിലെ അവസാന ആണിയുമായി.

ആദ്യ പകുതി 1-1 സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ മുഴുവന്‍ സമയം അവസാനിക്കുമ്പോഴും സമനില തന്നെ. 2-2. കട്ടക്കു കട്ട പിടിച്ചു നിന്ന റയലിന് മെസ്സി മാജിക്കില്‍ പിറന്ന അധിക സമയത്തെ നിര്‍ണായക ഗോള്‍ കണ്ട് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. മെസ്സിയുടെ ചോര കണ്ട മത്സരത്തില്‍ അനുയോജ്യമായ ഒരു മധുരപ്രതികാരത്തിന്റെ നിര്‍വൃതിയിലാണ് അര്‍ജന്റീനിയന്‍ താരം കളം വിട്ടത്.

നേരത്തെ മെസ്സിയെ ഫൗള്‍ വെച്ച് വീഴ്ത്താന്‍ ശ്രമിച്ച റാമോസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയിരുന്നു.