News

എളമക്കര ആറ് വയസ്സുകാരിയെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവം; കൊല്ലപ്പെട്ട ആറുവയസുകാരി പീഡനത്തിനിരയായതായി റിപ്പോര്‍ട്ട്

By vismaya

February 14, 2026

കൊച്ചി: എളമക്കരയില്‍ ആറുവയസുള്ള മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായകവും ഞെട്ടിക്കുന്നതുമായ കണ്ടെത്തല്‍ പുറത്തുവന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പും കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തില്‍ കേരള പൊലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ശക്തമാക്കി. പീഡനവുമായി ബന്ധപ്പെട്ട് നിര്‍ണായക സൂചനകള്‍ ലഭിച്ചതായും പ്രതിയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ 16നാണ് ദുരന്തം നടന്നത്. വീട്ടിലില്ലാതിരുന്ന അമ്മ മടങ്ങിയെത്തിയപ്പോഴാണ് ഭര്‍ത്താവിനെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് മകളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പുറത്തുവന്ന പുതിയ വിവരം കേസിന് ഗൗരവമേറിയ വഴിത്തിരിവായി.