വിഴിഞ്ഞം (തിരുവനന്തപുരം): കടയുടെ മുന്നില്‍ അസഭ്യം പറഞ്ഞതിനെ വിലക്കിയ വയോദികനെ മര്‍ദിച്ച മൂന്ന് യുവാക്കളെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. വെണ്ണിയൂര്‍ കാട്ടുകുളം സ്വദേശി ശേഖരന്‍(65) ആണ് ആക്രമണത്തില്‍ പരിക്കേറ്റത്. അറസ്റ്റിലായവര്‍ വെണ്ണിയൂര്‍ നെടിഞ്ഞല്‍ ചരുവിള വീട്ടില്‍ സഹോദരങ്ങളായ അജിന്‍(23) അഖില്‍(24) എന്നിവരും ഇവരുടെ സുഹൃത്തായ അജയ് (24) യുമാണ്. സംഭവങ്ങളുടെ തുടക്കം കഴിഞ്ഞ 28 നാണ്. ശേഖരന്റെ കടയുടെ മുന്നില്‍ എത്തി മൂവരും അസഭ്യം പറയുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. ഇത് ശേഖരന്‍ വിലക്കിയതിനെ തുടര്‍ന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി സ്ഥലം വിട്ടു. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കാറിലെത്തിയ സംഘം വീണ്ടും കടയില്‍ കയറി ശേഖരനെ ആക്രമിക്കുകയായിരുന്നു. കമ്പിവടി ഉപയോഗിച്ച് അടിച്ചതിനെ തുടര്‍ന്ന് വയോദികന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ എസ്എച്ച്ഒ സുനില്‍ ഗോപിയുടെ നേതൃത്വത്തില്‍ എസ്‌ഐമാരായ പ്രശാന്ത്, യേശുദാസ് എസ്എസ്പിഒ വിനയകുമാര്‍. സിപിഒ റെജിന്‍ എന്നിവര്‍ ചേര്‍ന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പിന്നീട് റിമാന്‍ഡ് ചെയ്തു.