ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കുറ്റപത്രം തള്ളിയതിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് ഹൈക്കോടതി നടപടി. ഹരജി ഈ മാസം 30ന് വീണ്ടും പരിഗണിക്കും.
കെ. സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ നേരത്തെ നല്‍കിയ റിവിഷന്‍ ഹരജി പിന്‍വലിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ അപ്പീല്‍. എസ്‌സി, എസ്ടി നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റങ്ങള്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ക്കെതിരെ നിലനില്‍ക്കുമെന്നുമാണ് അപ്പീലില്‍ പറയുന്നത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ഥി കെ. സുന്ദരയ്യക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനായി കോഴ നല്‍കിയെന്നാണ് കേസ്. ബദിയടുക്ക പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും കോഴ നല്‍കിയെന്നാണ് കെ. സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള ആറ് നേതാക്കള്‍ക്കെതിരായ ആരോപണം.