kerala

നിയമസഭ തെരഞ്ഞെടുപ്പ് ; 50 ശതമാനം പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തും

By Test User

February 27, 2021

തിരുവനന്തപുരം: ഇത്തവണ 50 ശതമാനം പോളിംഗ് ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തും. കള്ള വോട്ട് തടയുന്നതിന്റെ ഭാഗമായാണ് നടപടി. മുന്‍ കാലങ്ങളില്‍ പ്രശ്നബാധിത ബൂത്തുകളില്‍ മാത്രമാണ് വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തിയിരുന്നത്. 150 കമ്പനി കേന്ദ്ര സേനയെ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ 30 കമ്പനി സേന കേരളത്തിലെത്തിയിട്ടുണ്ട്. ബി.എസ്.എഫിന്റെ 15, ഐ.ടി.ബി.പി, എസ്.എസ് ബി, സി.ഐ.എസ്. എഫ് എന്നിവയുടെ അഞ്ച് വീതം കമ്പനികളാണ് എത്തിയത്.

പോളിങ് ഉദ്യോഗസ്ഥര്‍ നിഷ്പക്ഷത പാലിക്കണം. നല്ല രീതിയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് സമയത്തും അതിനു ശേഷവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ സംരക്ഷിക്കും. കാഴ്ചപരിമിതരായ വോട്ടര്‍മാര്‍ക്കായി ബ്രെയില്‍ സ്‌ളിപ്പുകള്‍ വിതരണം ചെയ്യും. എല്ലാ പോളിംഗ് ബൂത്തുകളിലും ഇത്തരത്തിലെ ഒരു ഡമ്മി ബാലറ്റ് പ്രിസൈഡിംഗ് ഓഫീസറുടെ മേശപ്പുറത്ത് ഉണ്ടാകും.

കാഴ്ചപരിമിതിയുള്ള വോട്ടര്‍മാര്‍ക്ക് ഇതില്‍ ട്രയല്‍ ചെയ്യാന്‍ അവസരം നല്‍കും. ഇത്തരത്തില്‍ 45000 ഡമ്മി ബ്രെയില്‍ സ്‌ളിപ്പുകള്‍ പ്രിന്റ് ചെയ്യും. ഫോട്ടോ ഒഴിവാക്കിയുള്ള വോട്ടര്‍ സ്‌ളിപ്പുകളാവും ഇത്തവണ വിതരണം ചെയ്യുക. ഇംഗ്‌ളിഷിലും മലയാളത്തിലുമുള്ള വോട്ടര്‍ ഗൈഡും വിതരണം ചെയ്യുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.