india

ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീപിടിച്ചു; യുവതി വെന്തുമരിച്ചു

By webdesk13

November 20, 2024

ബെംഗളൂരുവിലെ ഡോ.രാജ്കുമാർ റോഡ് നവരംഗ് ബാർ ജംഗ്ഷനിലെ ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിന് തീപിടിച്ച് ജീവനക്കാരി വെന്തുമരിച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം. കമ്പനിയുടെ ക്യാഷ്യറായ രാമചന്ദ്രപുര സ്വദേശിനി പ്രിയ (20) ആണ് മരിച്ചത്.

തീപിടുത്തത്തിൽ 45 ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു. ദി ഹിന്ദുസ്ഥാൻ ടൈംസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്‌. ചാർജ് ചെയ്യുന്നതിനിടെ സ്കൂട്ടറിലെ ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് റിപ്പോർട്ട്. അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം കണ്ടെത്തിയത്.

രാത്രി ഏറെ വൈകിയാണ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്.തീപിടിത്തമുണ്ടായപ്പോൾ ഷോറൂമിൽ ആറു ജീവനക്കാരാണുണ്ടായിരുന്നത്. ഈ സമയം പ്രിയ കാഷ്യർ റൂമിലായിരുന്നു. കനത്ത പുകയും തീയും കാരണം പ്രിയക്ക് പുറത്തിറങ്ങാൻ സാധിച്ചില്ല. ഇവിടെയുണ്ടായിരുന്ന മറ്റു മൂന്നു പേർക്ക് ശ്വാസതടസം നേരിട്ടു.

സംഭവശേഷം ഷോറൂം ഉടമ ഒളിവിൽ പോയെന്നാണ് വിവരം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് പിറന്നാൾ ആഘോഷിക്കാൻ തയാറെടുക്കുന്നതിനിടെ ഉണ്ടായ അപകടം പ്രിയയുടെ സുഹൃത്തുക്കള്‍ ഉൾപ്പെടെയുള്ളവരെ ദുഃഖത്തിലാഴ്ത്തി.