News

ഇലക്ട്രിക് സ്‌കൂട്ടർ : കര്‍ശന നിര്‍ദ്ദേശങ്ങളുമായി അബുദാബി പൊലീസ്

By vismaya

July 15, 2026

അബുദാബി: ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഉത്തരവാദിത്തത്തോടെയും സുരക്ഷിതമായും ഉപയോഗിക്കണമെന്ന് അബുദാബി പോലീസ് പൊതുജനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.

മോണിറ്ററിംഗ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുമായി സഹകരിച്ചാണ് അബുദാബി പോലീസ് ജനറല്‍ കമാന്‍ഡ്, പൊതുജനങ്ങള്‍ക്കും രക്ഷിതാക്കള്‍ക്കും ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ദുരുപയോഗം ചെയ്യുന്നതിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. അനുവദിക്കപ്പെടാത്ത സ്ഥലങ്ങളിലോ സുരക്ഷാ ആവശ്യകതകള്‍ പാലിക്കാതെയോ ഇ. സ്‌കൂട്ടർ ഓടിക്കുന്നത് ഉപയോക്താക്കളുടെയും പൊതുജനങ്ങളുടെയും അപകടങ്ങള്‍ക്ക് കാരണമാകും.

നിയുക്ത പാതകളിലും നിശ്ചിത സ്ഥലങ്ങളിലും മാത്രം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉപയോഗിക്കേണ്ടതിന്റെയും പ്രധാന റോഡുകളിലും വാഹനങ്ങള്‍ക്കിടയിലോ തിരക്കേറിയ സ്ഥലങ്ങളിലും ഓടിക്കുന്നത് ഒഴിവാക്കേണ്ടതിന്റെയും പ്രാധാന്യം ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍ ഡയറക്ടറേറ്റ് ഊന്നിപ്പറഞ്ഞു.

ഇത് അപകടങ്ങള്‍ കുറയ്ക്കുന്നതിനും ഗതാഗത സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും സഹായകമാകും. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉപയോഗിക്കുമ്പോള്‍ പ്രതിരോധ നടപടികള്‍ പാലിക്കേണ്ടതിന്റെയും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ ധരിക്കേണ്ടതിന്റെയും ആവശ്യകത അബുദാബി പൊലീസ് ഡയറക്ടറേറ്റ് ആവർത്തിച്ചു.

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ സുരക്ഷിതമായി ഉപയോഗിക്കുന്നതിന് കുട്ടികളെ നിരീക്ഷിക്കുന്നതിലും നയിക്കുന്നതിലും മാതാപിതാക്കള്‍ ഉത്തരവാദിത്തം നിറവേറ്റണം. കുട്ടികള്‍ ഹെല്‍മെറ്റുകള്‍, കാല്‍മുട്ട് പാഡുകള്‍, എല്‍ബോ പാഡുകള്‍ എന്നിവ ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കുട്ടികളില്‍ ഗതാഗത നിയമങ്ങളെക്കുറിച്ചു ബോധവല്‍ക്കരിക്കുകയും, പ്രതിരോധ സംസ്‌കാരം പ്രോത്സാഹിപ്പിക്കുകയും വേണം.

എല്ലാവരും ഉത്തരവാദിത്തമുള്ള പൗരന്മാരായിരിക്കണമെന്നും, ഗതാഗത നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും, ആധുനിക ഗതാഗത മാര്‍ഗ്ഗങ്ങളുടെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധം വളര്‍ത്തുന്നതില്‍ ശ്രദ്ധിക്കണമെന്നും പൊലീസ് ആഹ്വാനം ചെയ്തു.