kerala

നിലമ്പൂര്‍ എടക്കരയില്‍ ഇലക്ട്രോണിക്ക് കടയില്‍ നിന്ന് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തു

By webdesk17

March 19, 2025

നിലമ്പൂര്‍ എടക്കരയില്‍ ഇലക്ട്രോണിക്ക് കടയില്‍ നിന്ന് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തു. മുഹമ്മദ് കബീര്‍ എന്നയാളുടെ കടയില്‍ നിന്നാണ് രണ്ട് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ എറണാകുളം ചെന്നൈ യൂണിറ്റ് സംയുക്തമായി നടത്തിയ റെയ്ഡിലാണ് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്.

ഇയാളുടെ കടയില്‍ നിന്ന് ആനക്കൊമ്പുകള്‍ വാങ്ങാനെത്തിയ തൃശൂര്‍ മേലാറ്റൂര്‍ സ്വദേശികളായ മൂന്ന് പേരും ഇതില്‍ പങ്കാളികളായ അഞ്ചുപേരും അടക്കം 8 പേരാണ് വനംവകുപ്പിന്റെ കസ്റ്റഡിയിലുള്ളത്.

അതേസമയം കരുളായില്‍ നിന്നാണ് ആനക്കൊമ്പുകള്‍ ലഭിച്ചതെന്ന് പിടിയിലായ കബീര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. റവന്യൂ ഇന്റലിജന്‍സിന് ലഭിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് ഉച്ചയ്ക്ക് ശേഷം നടത്തിയ റെയ്ഡ്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം വനം വകുപ്പ് ആരംഭിച്ചു.