india

ഡല്‍ഹിക്കുശേഷം മുംബൈ ഹൈക്കോടതിക്കും ഇമെയില്‍ ബോംബ് ഭീഷണി

By webdesk17

September 12, 2025

ന്യൂഡല്‍ഹി: ഡല്‍ഹിക്ക് പിന്നാലെ മുംബൈ ഹൈക്കോടതിയിലും ഇമെയില്‍ വഴി ബോംബ് ഭീഷണി. ഉച്ചയ്ക്ക് ഏകദേശം 1 മണിയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പിന്നാലെ ജീവനക്കാരുള്‍പ്പെടെയുള്ളവരെ അടിയന്തരമായി കോടതിയില്‍ നിന്നൊഴിപ്പിച്ചു.

ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. വ്യാജ ഭീഷണിയാകാമെന്നതാണ് പ്രാഥമിക നിഗമനം. പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ പ്രവീണ്‍ മുണ്ഡെ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍നോട്ടം വഹിച്ചു. ഇതിനുമുമ്പ് ഇസ്‌കോണ്‍ ടെമ്പിളടക്കമുള്ളവക്ക് നേരെ നിരവധി തവണ ബോംബ് ഭീഷണി ലഭിച്ചിരുന്നതായി ഉദ്യാഗസ്ഥര്‍ അറിയിച്ചു.

രാവിലെ ഡല്‍ഹി ഹൈക്കോടതിയിലും ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചിരുന്നു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. ഡല്‍ഹി ഹൈക്കോടതി ഉടന്‍ പൊട്ടിത്തെറിക്കുമെന്നും 1998ലെ കോയമ്പത്തൂര്‍ സ്ഫോടനം പാറ്റ്‌നയില്‍ പുനരാവര്‍ത്തിക്കുമെന്നും, ഉദയനിധി സ്റ്റാലിന്റെ മകന്‍ ഇമ്പ നിധിക്കെതിരെ ആസിഡാക്രമണം നടത്തുമെന്നുമാണ് ഭീഷണി സന്ദേശത്തിലുണ്ടായിരുന്നത്.