editorial

അധികാരത്തര്‍ക്കത്തിലെ നാണക്കേട്

By webdesk18

December 12, 2025

കേരളത്തിലെ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ (വി സി) നിയമനങ്ങളെച്ചൊല്ലി സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഉടലെടുത്ത രൂക്ഷമായ തര്‍ക്കം ഒടുവില്‍ സുപ്രീംകോടതിയുടെ ഇടപെടലില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ഡിജിറ്റല്‍ സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല എന്നിവിടങ്ങളിലെ വിസിമാരെ തിരഞ്ഞെടുക്കാന്‍ ജസ്റ്റിസ് സുധാംഷു ധൂലിയക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്, രണ്ട് പ്രധാന ഭരണഘടനാ സ്ഥാപനങ്ങളുടെ അധികാരത്തര്‍ക്കത്തിലെ നാണക്കേടുള്ള പരാജയമാണ് അടയാളപ്പെടുത്തുന്നത്. ജനാധിപത്യ സ്ഥാപനങ്ങള്‍ക്ക് കൈമോശം വന്ന വിവേകത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

ജനാധിപത്യ സംവിധാനത്തില്‍, തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും രാഷ്ട്രത്തലവന്റെ പ്രതിനിധിയായ ഗവര്‍ണറും പരസ്പര ബഹുമാനത്തോടെയും ഭരണഘടനാപരമായ മര്യാദയോടെയും പ്രവര്‍ത്തിക്കേണ്ടതുണ്ട്. എന്നാല്‍, കേരളത്തില്‍ നാം കണ്ടത് പരസ്പരം പടവെട്ടുന്നതും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പിടിവാശിയുമാണ്. ഇത് നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഭാവിയെക്കുറിച്ചോ വിദ്യാര്‍ഥികളുടെ താല്‍പര്യങ്ങളെക്കുറിച്ചോ ഉള്ള ആശങ്കകളേക്കാളുപരി രാഷ്ട്രീയമായ മേല്‍ക്കൈ നേടാനുള്ള ശ്രമങ്ങളായിരുന്നു എന്ന് വ്യക്തമാക്കുന്നു.

ഗവര്‍ണര്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയാണ്. അദ്ദേഹത്തിന്റെ ഭരണഘടനാപരമായ ധര്‍മ്മം സര്‍വകലാശാലാ നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതാണ്. അതേസമയം, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നയപരമായ തീരുമാനമെടുക്കാനും വികസന പദ്ധതികള്‍ ആവിഷ്‌കരിക്കാനുമുള്ള അധികാരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനുമാണ്. വിസി നിയമനവുമായി ബന്ധപ്പെട്ട് ഇരു കൂട്ടരും തങ്ങളുടെ അധികാരപരിധിയില്‍ ഉറച്ചുനിന്നുകൊണ്ട്, നിയമപരമായി പരിഹരിക്കാന്‍ സാധിക്കുമായിരുന്ന ഒരു വിഷയത്തില്‍ സമവായത്തിന്റെ എല്ലാ സാധ്യതകളും അടച്ചുപൂട്ടി. സര്‍ക്കാര്‍ തങ്ങള്‍ക്ക് താല്‍പ്പര്യമുള്ളവരെ നിയമിക്കാന്‍ ശ്രമിക്കുന്നു, ഗവര്‍ണര്‍ അതിന് തടയിടുന്നു. തല്‍ഫലമായി, സുപ്രധാനമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃസ്ഥാനം അനിശ്ചിതത്വത്തിലായി. രാഷ്ട്രീയപരമായ ചേരിതിരിവ് സര്‍വകലാശാലകളുടെ അക്കാദമിക സ്വാതന്ത്ര്യത്തെയും ഭരണപരമായ കാര്യക്ഷ മതയെയും ഗുരുതരമായി ബാധിക്കുന്ന അവസ്ഥയാണ് ഇത് സൃഷ്ടിച്ചത്.

വിസി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും സമവായത്തിലെത്താന്‍ സാധ്യക്കാത്ത സാഹചര്യത്തിലാണ് നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതിതന്നെ രംഗത്തെത്തിയത്. ജസ്റ്റിസുമാരായ ജെ.ബി പാര്‍ദിവാലയും കെ.വി വിശ്വനാഥനും അടങ്ങുന്ന ബെഞ്ചാണ് കേരളത്തിലെ ഡിജിറ്റല്‍ സര്‍വകലാശാലയിലേക്കും സാങ്കേതിക സര്‍വകലാശാലയിലേക്കുമുള്ള വിസിമാരുടെ പേരുകള്‍ അടങ്ങുന്ന ശുപാര്‍ശ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. ഗവര്‍ണറും മുഖ്യമന്ത്രിയും എഴുതിയ കത്തുകള്‍ പരിശോധിക്കാനും നിര്‍ദേശം നല്‍കി. ഓരോ പേര് മുദ്രവെച്ച കവറില്‍ നല്‍കാനാണ് ജസ്റ്റിസ് ധൂലിയയോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. മുന്‍ഗണനാക്രമത്തിലുള്ള പട്ടിക മുദ്രവെച്ച കവറില്‍ അടുത്ത ബുധനാഴ്ച സുധാന്‍ഷു ധൂലിയ സുപ്രീംകോടതിക്ക് കൈമാറണം. അതിന്റെ അടിസ്ഥാനത്തില്‍ വിസി നിയമനം നടത്തുമെന്നും കോടതി വ്യക്തമാക്കി. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി സിസതോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍ സലറായി ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കാനാണ് ഗവര്‍ണറുടെ ശുപാര്‍ശ. എന്നാല്‍ സിസ തോമസിന്റെ പേര് ശുപാര്‍ശ ചെയ്യാന്‍ കഴിയില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ധാരണയിലെത്താന്‍ കഴിയാത്ത അവസ്ഥയില്‍, ഭരണപരമായ ഒരു വിഷയത്തില്‍ രാജ്യത്തെ പരമോന്നത നീതിപീഠത്തിന് നേരിട്ട് ഇടപെടേണ്ടിവന്നത് ജനാധിപത്യ രാജ്യത്തിന് ഒട്ടും ഭൂഷണമല്ല. ഉന്നത സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള വ്യക്തികളെ കണ്ടെത്താന്‍ സുപ്രീം കോടതിയെ ആശ്രയിക്കേണ്ടിവരുന്നത്, കേരളത്തിലെ ഭരണനേതൃത്വത്തിന്റെ വിവേകശൂന്യതയുടെ സാക്ഷ്യപത്രമാണ്. ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കേണ്ട രണ്ട് സ്ഥാപനങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടപ്പോഴാണ് കോടതിക്ക് ആ വിടവ് നികത്തേണ്ടി വന്നത്.

ഈ സംഭവം കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിനും ഭരണഘടനാ സ്ഥാപനങ്ങളില്‍ ഇരിക്കുന്നവര്‍ക്കും പാഠമായിരിക്കണം. വ്യക്തിഗത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കപ്പുറം, ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളും പൊതുതാല്‍പര്യവുമാണ് പ്രധാനം. ഇനിയെങ്കിലും, ഉന്നത വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയക്കളരിയുടെ അരങ്ങായി മാറ്റാതെ, അക്കാദമിക മികവിനും ഭരണപരമായ സുതാര്യതക്കും പ്രാധാന്യം നല്‍കി സുഗമമായി മുന്നോട്ട്‌പോകാന്‍ സര്‍ക്കാരും ഗവര്‍ണറും തയ്യാറാകണം. സുപ്രീംകോടതിക്ക് ഭരണപരമായ വിഷയങ്ങളില്‍ വീണ്ടും ഇടപെടേണ്ടി വരുന്നത്, ജനാധിപത്യത്തിന് ഏല്‍ക്കുന്ന തുടര്‍ച്ചയായ പ്രഹരമായിരിക്കും.