കൊച്ചി: ശബരിമലയിലെ ആടിയ നെയ്യ് അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ചില ജീവനക്കാര്‍ക്കെരെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ജീവനക്കാര്‍ക്ക് അവരുടെ ജോലി നിര്‍വഹിക്കാനല്ല, പണം തിരിമറി നടത്താനാണ് താല്‍പര്യമെന്നായിരുന്നു കോടതിയുടെ പരാമര്‍ശം.
വിജിലന്‍സ് അന്വേഷണം ആരംഭിക്കാനിരിക്കെ നല്‍കിയ ഉത്തരവിലാണ് കോടതി ശക്തമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത്. ചില ഉദ്യോഗസ്ഥര്‍ക്ക് വ്യക്തിപരമായ ലാഭം മാത്രമാണ് ലക്ഷ്യമെന്നും, ഭക്തരെ സേവിക്കലല്ല അവരുടെ താല്‍പര്യമെന്നും കോടതി ചൂണ്ടിക്കാട്ടി. കണക്ക് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ടും ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി വീണ്ടും മുന്നറിയിപ്പ് നല്‍കി.
സമഗ്രവും കൃത്രിമം കാണിക്കാനാകാത്തതുമായ ഒരു സോഫ്റ്റ്‌വെയര്‍ സംവിധാനം അടിയന്തരമായി കണക്കെടുപ്പ് നടത്താന്‍ ബോര്‍ഡ് ഒരുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഈ വിഷയത്തില്‍ കോടതി ഇതിനുമുമ്പും ആവര്‍ത്തിച്ച് നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും, ഇത് ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി. ശബരിമലയുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ സുതാര്യത ഉറപ്പാക്കാന്‍ ഉടന്‍ ഇടപെടല്‍ അനിവാര്യമാണെന്നും, ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.