ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വെടിവെച്ചുകൊന്നത് വ്യാജ ഏറ്റുമുട്ടലില്‍ എന്ന് സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തലിന് പിന്നാലെ കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്തെ ഏറ്റുമുട്ടല്‍ കൊലകളും സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം.

കേരളത്തിലും മാവോയിസ്റ്റുകളെന്ന പേരില്‍ എട്ട് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയപ്രവര്‍ത്തകരെയാണ് ഇക്കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ‘ഏറ്റുമുട്ടല്‍’ കൊലപാതകങ്ങളിലൂടെ പോലീസ് ഇല്ലാതാക്കിയത്. ഇവയില്‍ രണ്ട് പേര്‍ സ്ത്രീകളായിരുന്നു. ഇവയെക്കുറിച്ച് നിയമാനുസരണം നടക്കേണ്ട മജിസ്റ്റീരിയല്‍ തല അന്വേഷണങ്ങളുടെ റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ വെളിച്ചം കണ്ടിട്ടില്ലെന്നും വി.ടി ബല്‍റാം ചൂണ്ടിക്കാട്ടി.

അതുകൊണ്ടു തന്നെ ഹൈദരാബാദിലേത് പോലെ ഇവിടെയും സര്‍ക്കാര്‍ ഭാഷ്യങ്ങള്‍ക്കപ്പുറം സത്യം ഇന്നും ജനങ്ങള്‍ക്ക് മുമ്പില്‍ വന്നിട്ടില്ല. കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്തെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളേക്കുറിച്ചും സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ സമഗ്രമായ ഉന്നതതല അന്വേഷണം നടക്കേണ്ടതുണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

2019ലെ ഹൈദരാബാദ് ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് പറഞ്ഞുകൊണ്ട് അന്ന് പോസ്റ്റ് ചെയ്ത തന്റെ ഫേസ്ബുക്ക് പോസ്റ്റും ബല്‍റാം കൂടെ പങ്കുവച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഹൈദരാബാദിലെ ‘ഏറ്റുമുട്ടല്‍ മരണ’ങ്ങള്‍ പോലീസ് ഒരുക്കിയ വ്യാജ ഏറ്റുമുട്ടലുകളാണ് എന്ന് സുപ്രീം കോടതി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നു. പ്രതികളെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുത്ത നാല് മനുഷ്യരെയാണ് പോലീസ് വെടിവെച്ച് കൊന്നുതള്ളിയത്. മനുഷ്യാവകാശ പക്ഷത്തു നിന്നുകൊണ്ട് അന്നതിനെ എതിര്‍ത്തവരും പോലീസ് ഭാഷ്യത്തില്‍ സംശയം പ്രകടിപ്പിച്ചവരുമൊക്കെ രൂക്ഷമായ സൈബറാക്രമണവും തെറിവിളിയുമൊക്കെയാണ് നേരിടേണ്ടി വന്നത്. അത്രത്തോളം വികലവും അരാഷ്ട്രീയപരവുമാണ് നമ്മുടെയിടയിലെ പൊതുബോധം. ഈയിടെയിറങ്ങിയ ‘ജനഗണമന’ സിനിമയൊക്കെ ഇങ്ങനെയുള്ള ‘ഇന്‍സ്റ്റന്റ്റ് ജസ്റ്റീസി’ന്റെ അപകടങ്ങളെക്കുറിച്ച് സാമാന്യമായ ഒരവബോധം സൃഷ്ടിക്കുന്നതില്‍ ഉപകരിച്ചിട്ടുണ്ടെന്ന് തോന്നുന്നു.
കൊലപാതകികളായ പോലീസുകാരെ മാതൃകാപരമായി ശിക്ഷിക്കാന്‍ ഭരണകൂടത്തിന് ആര്‍ജ്ജവമുണ്ടാകുമോ എന്നതാണ് ഇനിയറിയേണ്ടത്.

കേരളത്തിലും മാവോയിസ്റ്റുകളെന്ന പേരില്‍ എട്ട് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയപ്രവര്‍ത്തകരെയാണ് ഇക്കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ‘ഏറ്റുമുട്ടല്‍’ കൊലപാതകങ്ങളിലൂടെ പോലീസ് ഇല്ലാതാക്കിയത്. ഇവയില്‍ രണ്ട് പേര്‍ സ്ത്രീകളായിരുന്നു. ഇവയെക്കുറിച്ച് നിയമാനുസരണം നടക്കേണ്ട മജിസ്റ്റീരിയല്‍ തല അന്വേഷണങ്ങളുടെ റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ ഹൈദരാബാദിലേത് പോലെ ഇവിടെയും സര്‍ക്കാര്‍ ഭാഷ്യങ്ങള്‍ക്കപ്പുറം സത്യം ഇന്നും ജനങ്ങള്‍ക്ക് മുമ്പില്‍ വന്നിട്ടില്ല. കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്തെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളേക്കുറിച്ചും സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ സമഗ്രമായ ഉന്നതതല അന്വേഷണം നടക്കേണ്ടതുണ്ട്.

ജനാധിപത്യത്തിന്റെ വഴി അല്‍പ്പം ദുഷ്‌ക്കരമാണ്. എന്നാല്‍ അതല്ലാതെ ഒരാധുനിക സമൂഹത്തിന് മറ്റ് വഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.