Cricket

പാകിസ്താനെ തകര്‍ത്ത് ഇംഗ്ലണ്ട് സെമിയില്‍; ബ്രൂക്കിന് തകര്‍പ്പന്‍ സെഞ്ച്വറി

By webdesk17

February 24, 2026

പല്ലേകെലെ: ടി20 ലോകകപ്പില്‍ പാകിസ്താനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമിയില്‍. സൂപ്പര്‍ എട്ടിലെ രണ്ടാം മത്സരത്തില്‍ അവസാന ഓവര്‍ വരെ നീണ്ടുനിന്ന ആവേശപ്പോരാട്ടത്തിനൊടുവിലാണ് മുന്‍ ചാമ്പ്യന്മാരുടെ തകര്‍പ്പന്‍ വിജയം. ഹാരി ബ്രൂക്കിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് കരുത്തായത്.

51 പന്തില്‍ നിന്ന് 100 റണ്‍സ് നേടിയ ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ മി്ന്നും താരം. 10 ഫോറുകളും 4 സിക്‌സറുകളും അടങ്ങുന്നതായിരുന്നു ബ്രൂക്കിന്റെ ഇന്നിങ്‌സ്.

പാകിസ്താന്‍ ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം 5 പന്തുകള്‍ ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. 19-ാം ഓവറില്‍ മുഹമ്മദ് നവാസ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി പാകിസ്താനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും, അവസാന ഓവറിലെ ആദ്യ പന്ത് ഫോറടിച്ച് ജോഫ്രാ ആര്‍ച്ചര്‍ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് ഉയര്‍ത്തി. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍, ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാന്റെ (45 പന്തില്‍ 63) മികവിലാണ് 164 റണ്‍സ് നേടിയത്. ബാബര്‍ അസമും ഫഖര്‍ സമാനും 25 റണ്‍സ് വീതം നേടി.

ഇംഗ്ലണ്ടിനായി ലിയാം ഡോസണ്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയ ഇംഗ്ലണ്ട്, ഈ വിജയത്തോടെ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി സെമിഫൈനല്‍ ഉറപ്പിച്ചുകഴിഞ്ഞു.