ലണ്ടന്‍: നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണില്‍ വോള്‍വ്‌സ് ആദ്യജയം സ്വന്തമാക്കി. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ വെസ്റ്റ് ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു. ജോണ്‍ അറിയാസ് (4), ഹുവാങ് ഹീ ചാന്‍ (31, പെനാല്‍റ്റി), മാത്യൂസ് മാനെ (41) എന്നിവര്‍ ആദ്യ പകുതിയില്‍ നേടിയ ഗോളുകളാണ് വിജയം ഉറപ്പിച്ചത്. ആറ് പോയന്റുമായി പട്ടികയുടെ അടിത്തട്ടില്‍ 20-ാം സ്ഥാനത്തുള്ള വോള്‍വ്‌സിന് ഇതുവരെ ഒരു ജയവും മൂന്ന് സമനിലയും 16 തോല്‍വിയുമാണ്. തരംതാഴ്ത്തല്‍ ഭീഷണി ശക്തമാണ്.
പോയന്റ് പട്ടികയില്‍ ലീഡ് കൂട്ടി ആഴ്‌സനല്‍ കിരീടപ്പോരാട്ടത്തില്‍ മുന്നേറുന്നു. ബോണ്‍മൗത്തിന്റെ മൈതാനത്ത് പത്താം മിനിറ്റില്‍ പിറകിലായ ശേഷമാണ് ഗണ്ണേഴ്‌സ് തിരിച്ചടിച്ചത്. എവാനില്‍സണ്‍ (10) ബോണ്‍മൗത്തിനെ മുന്നിലെത്തിച്ചെങ്കിലും 16-ാം മിനിറ്റില്‍ ഗബ്രിയേല്‍ സമനില നേടി. രണ്ടാം പകുതിയില്‍ ഡെക്ലാന്‍ റൈസ് (54, 71) ഇരട്ടഗോള്‍ നേടി വിജയം ഉറപ്പിച്ചു. 76-ാം മിനിറ്റില്‍ എലി ജൂനിയര്‍ ക്രൂപ്പി ഒരു ഗോള്‍ മടക്കിയെങ്കിലും 32 ജയം ആഴ്‌സനലിനൊപ്പം. 20 മത്സരങ്ങളില്‍ 48 പോയന്റുമായാണ് ആഴ്‌സനല്‍ മുന്നില്‍.
ലീഡ്‌സ് യുനൈറ്റഡിനെതിരെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സമനിലയില്‍ തളര്‍ന്നു. 62-ാം മിനിറ്റില്‍ ബ്രണ്ടന്‍ ആരോണ്‍സണ്‍ ലീഡ്‌സിനെ മുന്നിലെത്തിച്ചെങ്കിലും 65-ാം മിനിറ്റില്‍ മാത്യൂസ് കുഞ്ഞ റെഡ് ഡെവിള്‍സിനായി സമനില ഗോള്‍ നേടി. മാഞ്ചസ്റ്റര്‍ സിറ്റിചെല്‍സി മത്സരം ഞായറാഴ്ച നടക്കാനിരിക്കെ, 31 പോയന്റുമായി യുനൈറ്റഡ് അഞ്ചാം സ്ഥാനത്താണ്.