kerala

പരിസ്ഥിതി സംവേദക മേഖല; കോടതി തീരുമാനം വേഗത്തിലാക്കാനുള്ള നടപടികള്‍ക്കായി കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെടും

By Test User

November 15, 2022

പരിസ്ഥിതി സംവേദക മേഖല സംബന്ധിച്ച കോടതി തീരുമാനം വേഗത്തിലാക്കാനുള്ള നടപടികള്‍ക്കായി കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെടാന്‍ എം. പിമാരുടെ യോഗം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ എം. പിമാരും മന്ത്രിമാരും ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.

കേരളത്തിന്റെ സാഹചര്യം പരിഗണിച്ച് ജനവാസമേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കി കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ച പ്രൊപ്പോസലുകള്‍ അംഗീകരിക്കുക. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേരളം പോലുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് അനിവാര്യമെങ്കില്‍ നിയമനിര്‍മ്മാണം നടത്തുക. ജനസാന്ദ്രത കൂടിയ 109 പഞ്ചായത്തുകള്‍ കൂടി സി. ആര്‍. ഇസഡ് 2 കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുക. എന്നീ ആവശ്യങ്ങളാണ് യോഗം മുന്നോട്ട് വെയ്ക്കുന്നത്.

നേമം കോച്ചിംഗ് ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമാക്കാന്‍ എം. പിമാര്‍ കേന്ദ്ര റെയില്‍വേ മന്ത്രിയെ കാണാനും തീരുമാനിച്ചു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വിദേശ കമ്പനികള്‍ക്ക് സര്‍വ്വീസ് നടത്താന്‍ പോയിന്റ് ഓഫ് കോള്‍ അനുവദിക്കുന്നതിന് ആസിയാന്‍ രാജ്യങ്ങളുമായി ഓപ്പണ്‍ സ്‌കൈ പോളിസിയുടെ ഗുണങ്ങള്‍ ലഭ്യമാക്കുന്നതിന് ഇടപെടാനും യോഗം തീരുമാനിച്ചിട്ടുണ്ട്.