editorial

എസ്‌ഐആര്‍ നടത്തിപ്പിലെ ശരി തെറ്റുകള്‍

By webdesk17

November 07, 2025

അടിസ്ഥാനപരമായി ഇന്ത്യന്‍ പൗരനായിരിക്കുകയെന്നതും 18 വയസ്സ് പൂര്‍ത്തികരിക്കുക എന്നതുമാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മാനദണ്ഡം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഴിമതി പ്രവര്‍ത്തികളോ മറ്റു കുറ്റകൃത്യങ്ങള്‍ കാരണമായോ അയോഗ്യനാക്കപ്പെട്ടാല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നതിന് അയോ ഗ്യനാക്കപ്പെടാം. 19-ാം വകുപ്പ് അനുസരിച്ച് 18 വയസ്സ് പൂര്‍ത്തീകരിക്കുന്ന പൗരന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ചേര്‍ക്കപ്പെടേണ്ട മണ്ഡലത്തില്‍ സ്ഥിരതാമസക്കാരനാണ് എന്ന് തെളിയിക്കപ്പെടുകയും വേണം. ഒരു വ്യക്തി ഒരു നിയോജകമണ്ഡലത്തില്‍ സ്ഥിരതാമസക്കാരനാണോ എന്ന് പരിശോധിക്കപ്പെടേണ്ടത് 1950 ജനപ്രതിനിധി നിയമത്തിലെ സെക്ഷന്‍ 20 പ്രകാരവും കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കുന്ന ചട്ടങ്ങള്‍ പ്രകാരവുമാണ്. അതായത് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെങ്കില്‍ ആ വ്യക്തി മൂന്ന് കാര്യങ്ങള്‍ തെളിയിക്കണം; 1. ഇന്ത്യന്‍ പൗരനാണ്. 2. 18 വയസ്സ് തികഞ്ഞിട്ടുണ്ട്. 3. ഒരു നിയോജകമണ്ഡലത്തില്‍ സ്ഥിരതാമസക്കാരനാണ്. 10-ാം ക്ലാസ് പൂര്‍ത്തികരിച്ച വ്യക്തികളെ സംബന്ധിച്ച് മെട്രിക്യൂലേഷന്‍ സര്‍ട്ടിഫിക്കറ്റിലൂടെ പൗരത്വവും പ്രായവും തെളിയിക്കാനാകും. 10-ാം ക്ലാസ് പൂര്‍ത്തീകരിക്കാത്ത ആള്‍ക്ക് പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ അതിലൂടെ പ്രായവും പൗരത്വവും തെളിയിക്കാം. പാസ്‌പോര്‍ട്ട് ഇല്ലാത്ത 10-ാം ക്ലാസ് വിദ്യാഭ്യാ സം ഇല്ലാത്ത ഒരാള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ പൗരത്വവും പ്രായവും തെളിയിക്കാനാകും. 10-ാം ക്ലാസ് പൂര്‍ത്തീകരിക്കാത്ത പാസ്‌പോര്‍ട്ട് ഇല്ലാത്ത ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ലക്ഷകണക്കിന് ജനങ്ങള്‍ ജീവിക്കുന്ന രാജ്യമാണ് നമ്മുടേത്. അവര്‍ ഇന്ത്യയില്‍ ജനിച്ചതാണ്. അവരുടെ മാതാപിതാക്കള്‍ ഇന്ത്യയില്‍ ജനിച്ചതാണ്. അവര്‍ ഇന്ത്യന്‍ പൗരന്മാരുമാണ്. എന്നാല്‍ രേഖകള്‍ ചോദിച്ചാല്‍ അതുണ്ടാവണമെന്നില്ല. രേഖകളില്ല എന്ന ഒറ്റ കാരണത്താല്‍ അവര്‍ക്ക് പൗരത്വവും വോട്ടവകാശവും നഷ്ടപെട്ടേക്കാം. അതാണ് അടിസ്ഥാനപരമായ ഒരു പ്രശ്നമായി കാണുന്നത്.

01.01.2002 യോഗ്യത തീയതിയായി കണക്കാക്കി രേഖകള്‍ ഉള്ളവരും ഇല്ലാത്തവരും പൗരത്വവും പ്രായവുമൊക്കെ തെളിയിച്ചു വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാ നായുള്ള തയാറെടുപ്പിലാണ് അധികൃതര്‍. ആന്‍ഡമാന്‍, ഛത്തിസ്ഗഡ്, ഗുജറാത്ത്, കേരളം, ലക്ഷദ്വീപ്, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാന്‍, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് 01.01.2026 യോഗ്യത തീയതിയായി കണക്കാക്കി വോട്ടര്‍ പട്ടികയുടെ പ്രത്യേക സമഗ്ര പുനപരിശോധന നടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്. 24.06.2025ലെ ഉത്തരവിലൂടെ ബിഹാറില്‍ നടത്തിയ പ്രക്രിയ മറ്റു സംസ്ഥാനങ്ങളില്‍ നടത്തുക എന്നതാണ് നിര്‍ദേശം. ബൂത്ത്തല ഉദ്യോഗസ്ഥന്മാരെ എന്യുമെറേഷന്‍ ഫോം കൊടുത്ത് വീടുകളില്‍ അയച്ച് ഫോം പൂരിപ്പിച്ചു വാങ്ങുക എന്നതാണ് ആദ്യത്തെ പ്രക്രിയ, വീട്ടില്‍ ചെല്ലുമ്പോള്‍ വീട് പൂട്ടിയിരിക്കുകയാണെന്ന് കണ്ടാല്‍ വീടിന്റെ ഏതെങ്കിലും ഭാഗത്തു എന്യൂമെറേഷന്‍ ഫോം വെച്ച് മൂന്നു തവണയെങ്കിലും വീടുകള്‍ കയറി പൂരിപ്പിച്ച ഫോമുകള്‍ വാങ്ങാനാണ് നിര്‍ദ്ദേശം. നിലവിലുള്ള വോട്ടര്‍മാര്‍ക്ക് എന്യൂമെറേഷന്‍ ഫോമുകള്‍ ഓണ്‍ലൈനില്‍ ഡൗണ്‍ലോഡ് ചെയുകയും പൂരിപ്പിച്ച ഫോമുകളും രേഖകളും ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യാവുന്നതുമാണ്. ഏതെങ്കിലും ഒരു വോട്ടര്‍, ഫോമും രേഖകളും ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ ആ വോട്ടറുടെ വീട്ടിലെത്തുമ്പോള്‍ ബൂത്ത് തല ഉദ്യോഗസ്ഥന്‍ പരിശോധിക്കേണ്ടതാണ്. ലഭിച്ച എന്യൂമെറേഷന്‍ ഫോമുകളുടെ അടിസ്ഥാനത്തില്‍ ഇലക്ഷന്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ കരട് വോട്ടര്‍ പട്ടിക തയ്യാറാക്കണം, കരട് വോട്ടര്‍ പട്ടിക പ്രസിദ്ധപ്പെടുത്തിയതിന് ശേഷം പട്ടി കയിലുള്ള വോട്ടര്‍മാരുടെ യോഗ്യത സംബന്ധിച്ച് അന്വേഷണം നടത്തി യോഗ്യരല്ലാത്തവരെ വോട്ടര്‍ പട്ടികയില്‍നിന്നും പുറത്താക്കാവുന്നതാണ്. യോഗ്യത എന്ന് വെച്ചാല്‍ പൗരത്വം, 18 വയസ്സ്, സ്ഥിരതാമസം എന്നിവയാണ്. പൗരത്വത്തില്‍ സംശയമുള്ള ആളുകളുടെ വിവരങ്ങള്‍ 1955ലെ പൗരത്വ നിയമ പ്രകാരമുള്ള കൊമ്പിറ്റെന്റ് അതോറിറ്റിക്ക് നല്‍കാന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ ബാധ്യസ്ഥനാണ്. ഇവിടെയും ഒരു പ്രശ്‌നമുണ്ട്. ഇന്ത്യന്‍ പൗരത്വമില്ലാത്ത ആളെ വിദേശി എന്ന് വിളിക്കാം. ഇന്ത്യന്‍ പൗരത്വം തെളിയിക്കാന്‍ രേഖയില്ലാത്ത ഒരാളെയും ബൂത്ത് തല ഉദ്യോഗസ്ഥന് വിദേശി എന്ന് വിളിക്കാം. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ ഉത്തരവിന്മേല്‍ ജില്ലാ മജിസ്‌ട്രേറ്റിനു ഒന്നാം അപ്പീലും മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് രണ്ടാം അപ്പിലും ഉണ്ടായിരിക്കുന്നതാണ്. പ്രത്യേക സമഗ്ര പുനപരിശോധനയുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചു അവരുടെ ബൂത്ത് തല ഏജന്റുമാരുടെ പട്ടിക ആവശ്യപ്പെടാവുന്നതാണ്. വീടുകള്‍ തോറും എന്യൂമെറേഷന്‍ നടത്തുന്നതിന് മുമ്പായി ബൂത്ത് തല ഓഫിസര്‍മാര്‍ ബുത്ത് തല ഏജന്റുമാരുടെ യോഗം വിളിച്ചു പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതാണ്. കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളുമെല്ലാം നടത്തിയതിനുശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതാണ്.

എന്യുമെറേഷന്‍ ഫോമിന്റെ പ്രത്യേകതകള്‍

. 01.07.1987ന് മുമ്പ് ജനിച്ചവര്‍ ജനനത്തി യതിയും ജനിച്ച സ്ഥലവും തെളിയിക്കാനു ള്ള രേഖകള്‍ നല്‍കണം. . 01.07,1987നും 02.12.2004നും ഇടയില്‍ ജനിച്ചവര്‍ അപേക്ഷകന്റെ ജനനത്തീയതിയും ജനന സ്ഥലത്തോടൊപ്പം മാതാവിന്റെയോ പിതാവിന്റെയോ ജനന തീയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖകള്‍ നല്‍കേണ്ടതാണ്. . 02.12.2004-ന് ശേഷം ജനിച്ചവര്‍ അപേക്ഷകന്റെ ജനനത്തീയതിയും ജനന സ്ഥലവും തെളിയിക്കുന്നതോടൊപ്പം മാതാവിന്റെയും പിതാവിന്റെയും ജനന തീയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖകള്‍ നല്‍കേണ്ടതാണ്. മാതാവോ പിതാവോ ആരെങ്കിലും ഇന്ത്യന്‍ പൗരനല്ലെങ്കില്‍ അപേക്ഷകന്‍ ജനിച്ച സമയത്ത് അവര്‍ക്കുണ്ടായിരുന്ന സാധുവായ പാസ്‌പോര്‍ട്ടിന്റെയും വിസയുടെയും കോപ്പി നല്‍കേണ്ടതാണ്

ഇതൊക്കെ കൊടുക്കല്‍ നിര്‍ബന്ധമാണെങ്കില്‍ മാതാവിന്റെയും പിതാവിന്റെയും രേഖകളും വിദേശിയായ മാതാവോ പിതാവോ ഉണ്ടെങ്കില്‍ അപേക്ഷകന്‍ ജനിച്ച സമയത്ത് ഉള്ള വിസ എവിടെ നിന്ന് കൊടുക്കും. ജനന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, മെട്രിക്യുലേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ കൂടാതെ അനുവദനീയമായ രേഖ കള്‍ എന്ന് പറയുന്നത് കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ ഉദ്യോഗസ്ഥനെന്നുള്ള ഐഡന്റിറ്റികാര്‍ഡോ, പെന്‍ഷന്‍ പേയ്‌മെന്റ് ഓര്‍ഡറോ, വ നാവകാശ രേഖയോ, ജാതി സര്‍ട്ടിഫിക്കേറ്റോ, എന്‍.ആര്‍.സിയില്‍ ഉള്‍പ്പെട്ട രേഖയോ, സര്‍ക്കാര്‍ വീടോ ഭൂമിയോ പതിച്ചു നല്‍കിയതിന്റെ രേഖയോ, സര്‍ക്കാര്‍ അ ധികാരികള്‍ നല്‍കുന്ന സ്ഥിരതാമസ സര്‍ട്ടിഫിക്കേറ്റോ, സംസ്ഥാനങ്ങളോ തദ്ദേശ സ്ഥാപനങ്ങളോ നല്‍കുന്ന കുടുംബ രജിസ്റ്ററോ ഒക്കെയാണ്. ജനന സര്‍ട്ടിഫിക്കറ്റ്. പാസ്‌പോര്‍ട്ട്, മെട്രിക്യൂലേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ കഴിഞ്ഞാല്‍ മറ്റു രേഖകളൊക്കെ വളരെ കുറഞ്ഞ ആളുകള്‍ക്ക് മാത്രം കൈവശമുള്ളതാണ്. സ്ഥിരതാമസ സര്‍ട്ടിഫിക്കേറ്റോ കുടുംബ രജിസ്റ്ററോ ലഭിക്കണമെങ്കില്‍ തന്നെ മേല്‍പറഞ്ഞ രേഖകളില്ലാത്ത ഒരാള്‍ക്ക് ബുദ്ധിമുട്ടുമാണ്.

08.09.2025ലെ സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആധാര്‍ കാര്‍ഡിനെ പൗരത്വം തെളിയിക്കുന്ന രേഖയല്ലാതെ ഒരു വ്യക്തിയെ തിരിച്ചറിയാനുള്ള രേഖ മാത്രമായി കണക്കാക്കി 1200 ത്തെ രേഖയായി ഇലക്ഷന്‍ കമ്മിഷന്‍ അനുവദിച്ചിട്ടുണ്ട്. പ്രവാസികളെ സംബന്ധിച്ച് പ്രത്യേകമായി 1950ലെ ജനപ്രതിനിധി നിയമവും 1960 ലെ രജിസ്‌ട്രേഷന്‍ ഓഫ് ഇലക്ടര്‍സ് ചട്ടവും 10.02.2011ല്‍ യു.പി.എ സര്‍ക്കാര്‍ ഭേദഗതി ചെയ്യുകയും ജനപ്രാധിനിധ്യ നിയമത്തിലെ സെക്ഷന്‍ 20 എ ഉള്‍പെടുത്തുകയും ചട്ടങ്ങളില്‍ ചട്ടം # A, B എന്നിവ ഒക്കെ ഉള്‍പ്പെടുത്തി വോട്ടവകാശം ലഭിക്കുന്ന സാഹചര്യം ഒരുക്കിയിരുന്നു. ഇന്ത്യന്‍ പൗരന്മാരായ പ്രവാസികള്‍ക്ക് തീര്‍ച്ചയായും പാസ്‌പോര്‍ട്ട് എന്ന രേഖ ഉണ്ട് എന്ന് ഉറപ്പുള്ളതിനാല്‍ മറ്റുള്ളവരേക്കാള്‍ വോട്ടര്‍ പട്ടികയില്‍ രേഖകളുടെ അടിസ്ഥാന ത്തില്‍ ഉള്‍പെടാന്‍ കൂടുതല്‍ സാധ്യതയുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പ്രത്യേക സമഗ്ര പുനപരിശോധനയില്‍ വീടുകള്‍ കയറി എന്യൂമെറേഷന്‍ നടത്തുമ്പോള്‍ നാട്ടില്‍ ഇല്ലാത്ത പ്രവാസികള്‍ എങ്ങനെയാണ് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നതിനായി അപേക്ഷിക്കേണ്ടത് എന്ന് വ്യക്തമായി പറയുന്നില്ല. എന്നാല്‍ എന്യൂമറേഷന് വരുമ്പോള്‍ വീട്ടിലെ ഒരംഗം ഉണ്ടെങ്കില്‍ അവര്‍ക്ക് പ്രവാസിയുടെ ഫോമും കൊടുക്കാവുന്നതാണെന്ന് ചില ഉദ്യോഗസ്ഥര്‍ പറഞ്ഞറിഞ്ഞു. അനുവദനിയമാണെങ്കില്‍ അതും വിജ്ഞാപനത്തില്‍ പറയലല്ലേ ശരി. അല്ലെങ്കില്‍ മുറ പറയുന്ന ഏതെങ്കിലും ബി.എല്‍.ഒമാരുടെ കരുണക്കായി ചിലപ്പോള്‍ യാചിക്കേണ്ടിവരും.

സാധാരണ ചട്ടപ്രകാരം ഇന്ത്യയില്‍ ഉള്ള ഒരാള്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെങ്കില്‍ ഫോം 6 ല്‍ അപേക്ഷ നല്‍കണം. പ്രവാസിയാണെങ്കില്‍ ഫോം 6A യില്‍ പോസ്റ്റലായോ ഇലക്ട്രോണിക്കലായോ അപേക്ഷയും രേഖകളും നല്‍കി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണം. കരട് പട്ടികയില്‍ പേരില്ലെങ്കില്‍ ഫോം 6ല്‍ അപേക്ഷ നല്‍കാം എന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. എന്നാല്‍ ഫോം 5A യില്‍ പ്രവാസികള്‍ക്ക് പേര് ചേര്‍ക്കുന്നത് സംബന്ധിച്ച പുതിയ വിഞാപനം എവിടെയും പറഞ്ഞു കാണുന്നില്ല. അപ്പോള്‍ കരട് പട്ടികയില്‍ പേരില്ലെങ്കില്‍ പ്രവാസി എങ്ങനെ അപേക്ഷ കൊടുക്കും. ജനങ്ങളുടെ പൗരത്വം, വോട്ടവകാശം എന്നിവയൊക്കെ എത്ര ലാഘവത്തോടെയാണോ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ കാണുന്നത്. പ്രവാസികള്‍ ഉള്‍പ്പടെ വളരെ അധികം ആളുകളെ ബാധിക്കുന്ന പ്രശ്‌നം നിയമപര മായി പരിഹരിക്കപ്പെടേണ്ടതുണ്ട്. ഇത് സംബന്ധിച്ചു ഇലക്ഷന്‍ കമ്മിഷനുമായും ചിഫ് ഇലക്ടറല്‍ ഓഫീസറുമായും സമഗ്ര ചര്‍ച്ച നടത്തേണ്ടതുണ്ട്. ഇലക്ഷന്‍ കമ്മിഷന്‍ വഴങ്ങാത്ത പക്ഷം അവകാശ നിഷേധത്തിനെതിരെ ഭരണ ഘടനപരമായും നിയമപരമായും പരിഹാരം കാണേണ്ടതുണ്ട്.