india

പ്രണബ് മുഖര്‍ജി എന്നും വ്യക്തിത്വം മുറുകെ പിടിച്ച പ്രഗത്ഭന്‍: ഇ.ടി ബഷീര്‍

By chandrika

September 01, 2020

കോഴിക്കോട്: പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. പ്രതിഭാശാലിയായിരുന്ന പ്രണബ് മുഖര്‍ജി എല്ലാ നിലയിലും ശോഭിച്ചിരുന്ന വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ രാഷ്ട്രത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുന്നതായും ഇ.ടി ബഷീര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു,

പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ രാഷ്ട്രത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുന്നു. അതുല്യ പ്രതിഭാശാലി, പ്രഗത്ഭന്‍, എന്നതല്ലാം എല്ലാവരും പറയുന്ന കാര്യമാണ് അതിലൊന്നും യാതൊരുവിധ വ്യത്യാസങ്ങളില്ല. ഇടപെട്ട, ഏറ്റെടുത്ത മേഖലയിലെല്ലാം അദ്ദേഹം ശോഭിച്ചു. ഞാനദ്ദേഹത്തില്‍ കണ്ട പ്രത്യേകത ഏത് പദവിയിലിരിക്കുമ്പോഴും അദ്ദേഹം കാണിക്കുന്ന വ്യക്തിത്വമാണ്. തന്റെ വ്യക്തമായ കാഴ്ചപ്പാട് എവിടെ ആയിരുന്നാലും മുറുകെ പിടിക്കണമെന്ന അദ്ദേഹത്തിന്റെ സൈദ്ധാന്തിക നിര്‍ബന്ധ ബുദ്ധിയെ പ്രകീര്‍ത്തീകാതെ വയ്യ. മറ്റൊരു കാര്യം അദ്ദേഹം ധനകാര്യ മന്ത്രിയായിരിക്കെ പാര്‍ലമെന്റില്‍ നടത്തിയ പല പ്രസംഗങ്ങളും ശ്രദ്ധാപൂര്‍വ്വം ഞങ്ങളൊക്കെ കേട്ടുനില്‍ക്കാറുണ്ട്. കാരണം പുസ്തകം നോക്കാതെ, നോട്ട് കുറിക്കാതെ ഇന്ത്യയുടെ സാമ്പത്തിക സാഹചര്യങ്ങളും ഓരോ സെക്ടറിലും ഈ നാട് കൈവരിച്ച നേട്ടങ്ങളും കോട്ടങ്ങളും ഇന്ത്യയുടെ അന്താരാഷ്ട്ര ബന്ധങ്ങളും എല്ലാം കൃത്യമായി പറയാന്‍ കഴിയുന്ന വിശകലന ശേഷി അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു നോട്ടും കുറിക്കാതെ ഈ കാര്യങ്ങളെ പറ്റിയെല്ലാം അതിമനോഹരമായി, കൃത്യമായി പറയാന്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ ധിഷണാപരമായ പാണ്ഡിത്യവും അറിവും എന്നെ വളരെയധികം ആകര്‍ഷിച്ച കാര്യമാണ്.