india

ഇത്യോപ്യ അഗ്‌നിപര്‍വത സ്‌ഫോടന പുകപടലം: രാജ്യത്തെ വിമാന സര്‍വീസുകള്‍ താറുമാറായി

By webdesk18

November 25, 2025

ന്യൂഡല്‍ഹി: ഇത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്‌നിപര്‍വത സ്‌ഫോടനത്തിനെ തുടര്‍ന്ന് രൂപപ്പെട്ട വന്‍ പുകപടലം ഇന്ത്യയിലെ നിരവധി വിമാന സര്‍വീസുകളെ ഗുരുതരമായി ബാധിച്ചു. ഞായറാഴ്ച നടന്ന സ്‌ഫോടനത്തിനു ശേഷം 14 കിലോമീറ്റര്‍ ഉയരത്തില്‍ ഉയര്‍ന്ന ചാരനിറത്തിലുള്ള പുക യമന്‍-ഒമാന്‍ വഴിയേ കടന്ന് തിങ്കളാഴ്ച രാത്രിയോടെ ഡല്‍ഹിയിലും പിന്നീട് ഉത്തരേന്ത്യയിലെ മറ്റു പ്രദേശങ്ങളിലും വ്യാപിച്ചു.

എയര്‍ ഇന്ത്യ, ആകാശ എയര്‍ തുടങ്ങിയ വിമാന കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. തിങ്കളാഴ്ച മുതല്‍ എയര്‍ ഇന്ത്യ മാത്രം 11 വിമാനങ്ങള്‍ റദ്ദാക്കിയതായി അറിയിച്ചു.

ചൊവ്വാഴ്ച പുകപടലം പാകിസ്താന്റെ ഭാഗങ്ങളിലേക്കും അവിടെ നിന്ന് ചൈനയിലേക്കും നീങ്ങുമെന്ന് പ്രവചിക്കപ്പെടുന്നു. രാത്രി 7.30 ഓടെ പുകമേഘം പൂര്‍ണമായി ഇന്ത്യ വിട്ടേക്കുമെന്നാണ് നിര്‍ദേശം. എന്നാല്‍ ഗുജറാത്ത്, ഡല്‍ഹി എന്‍സിആര്‍, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ പുകപടലം വ്യാപിക്കാനും സാധ്യതയുണ്ട്.

പുകപടലം മണിക്കൂറില്‍ 100120 കി.മീ വേഗതയിലാണ് സഞ്ചരിക്കുന്നത്. 15,000 മുതല്‍ 45,000 അടി വരെ ഉയരങ്ങളില്‍ ചാരവും സള്‍ഫര്‍ ഡയോക്‌സൈഡും പൊടിയും നിറഞ്ഞ പുകമേഘമാണ് നീങ്ങുന്നതെന്ന് വിദഗ്ധര്‍ പറഞ്ഞു. വിമാന എന്‍ജിനുകളുടെ പ്രവര്‍ത്തനത്തെ ചാരകണങ്ങള്‍ പ്രതികൂലമായി ബാധിക്കാനിടയുള്ളതിനാല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അടിയന്തര മുന്നറിയിപ്പ് നല്‍കി.

വിമാനത്താവളങ്ങളില്‍ റണ്‍വേയും ടാക്‌സിവേയും നിരന്തര നിരീക്ഷണത്തില്‍ വയ്ക്കാനും അമിതമായ ചാരക്കൂട്ടം കണ്ടാല്‍ ഉടന്‍ വൃത്തിയാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

അന്തരീക്ഷ സാഹചര്യങ്ങളെത്തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്കുള്ള ഇന്‍ഡിഗോ സര്‍വീസ് അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു. ജിദ്ദകൊച്ചി ആകാശ എയര്‍, ദുബൈകൊച്ചി ഇന്‍ഡിഗോ, കൊച്ചിദുബൈ ഇന്‍ഡിഗോ, കൊച്ചിജിദ്ദ ആകാശ എയര്‍ തുടങ്ങിയ നിരവധി സര്‍വീസുകള്‍ റദ്ദാക്കുകയും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരികയും ചെയ്തു.