kerala

ഒരു കുഴിയാണെങ്കില്‍ പോലും ഒരാളുടെ മരണത്തിനിടയാക്കാം; റോഡുകളുടെ ശോചനീയാവസ്ഥയില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

By webdesk17

July 30, 2025

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. റോഡുകളില്‍ കുഴികള്‍ നിറഞ്ഞുള്ള അവസ്ഥയില്‍ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ ഉത്തരവാദിത്തമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രധാന പാതകളിലും, മുഖ്യ റോഡുകളിലും ഏതാനും കുഴികള്‍ മാത്രമേ ഉള്ളൂ എന്ന വാദം കോടതി തള്ളി.

ഒരൊറ്റ കുഴിയാണെങ്കില്‍ പോലും, ഒരാളുടെ മരണത്തിനിടയാക്കാമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. സംസ്ഥാന വ്യാപകമായി ഉടന്‍ റോഡ് സുരക്ഷ ഓഡിറ്റ് നടത്തണമെന്നും റിപ്പോര്‍ട്ട് കൈമാറണമെന്നും കോടതി ഉത്തരവിട്ടു.

റോഡുകളിലെ ശോചനീയാവസ്ഥ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക്, എന്‍ജിനീയര്‍മാരും ഉദ്യോഗസ്ഥരും വ്യക്തിപരമായി തന്നെ ഉത്തരവാദികളാകുമെന്നും കോടതി വ്യക്തമാക്കി. യാത്രക്കാരുടെ മൗലികാവകാശങ്ങള്‍ ഹനിക്കുന്ന, ഉദ്യോഗസ്ഥ തലത്തിലുള്ള ഇത്തരം നിരുത്തരവാദപരമായ സമീപനവും വീഴ്ചകളും അംഗീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം റോഡുകളിലെ അശ്രദ്ധമായ ഡ്രൈവിംഗിനെയും, അമിത വേഗതയെയും കോടതി ശക്തമായി വിമര്‍ശിച്ചു.