Football

ബംഗ്ലാദേശിനെതിരെ തോറ്റാലും പുറത്താകില്ല; ലോകകപ്പ് സെമിയില്‍ ഇന്ത്യ ഉറപ്പ്

By webdesk17

October 24, 2025

മുംബൈ: വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ 53 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടി ഇന്ത്യന്‍ വനിത ടീം സെമിഫൈനല്‍ പ്രവേശനം ഉറപ്പിച്ചു. നിലവില്‍ നാലാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ആറ് പോയിന്റ്. ന്യൂസിലാന്‍ഡിനും ശ്രീലങ്കയ്ക്കും നാല് പോയിന്റ് വീതമുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. അതിനാല്‍ അവസാന ലീഗ് മത്സരത്തില്‍ ബംഗ്ലാദേശിനോട് തോറ്റാലും സെമി സ്ഥാപനത്തിന് ഭീഷണി ഇല്ല. നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലാണ് വ്യാഴാഴ്്ച ഇന്ത്യ വിജയം കരസ്ഥമാക്കിയത്. ഓപ്പണര്‍മാരായ സ്മൃതി മന്ദാന (109)യും പ്രതിക റാവല്‍ (122)ഉം ചേര്‍ന്ന് ഇരട്ട സെഞ്ച്വറിയോടെ ഇന്ത്യയെ ഭേദപ്പെട്ട നിലയിലാക്കി. ജെമിമ റോഡ്രിഗഡ് 55 പന്തില്‍ 76 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇന്ത്യ 49 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സ് നേടി. മഴ കാരണം ന്യൂസിലാഡിന്റെ ലക്ഷ്യം 44 ഓവറില്‍ 325 റണ്‍സായി ചുരുക്കിയെങ്കിലും കീവീസ്് എട്ടുവിക്കറ്റിന് 271 റണ്‍സില്‍ നില്‍ക്കുകയായിരുന്നു. ന്യൂസിലാന്‍ഡ് നിരയില്‍ ബ്രൂക്ക് ഹാലിഡേ (81), ഇസ്സി ഗാഡെ (65 നോട്ടൗട്ട്), അമേലിയ കെര്‍ (45), ജോര്‍ജിയ പ്ലിമ്മര്‍ (30) എന്നിവരാണ് പ്രതിരോധം നടത്തിയവര്‍. മത്സരത്തില്‍ സെഞ്ച്വറി നേടിയ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന ഒരു കലണ്ടര്‍ ലോക റെക്കോഡും സ്വന്തമാക്കി വനിത ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയ താരമായി. ദക്ഷിണാഫ്രിക്കയുടെ ലിസെല്ലെ ലീയുടെ 28 സിക്സുകളുടെ റെക്കോഡ് മറികടന്ന് മന്ദാന 30 സിക്സുകളുമായി മുന്നിലെത്തി. മന്ദാനയുടെ 14-ാം ഏകദിന സെഞ്ച്വറിയാണ് ഇത്. വനിത ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമായ ഓസ്ട്രേലിയയുടെ മെഗ് ലാന്നിങ്ങ് (15)ന് പിന്നാലെ മന്ദാന രണ്ടാമതെത്തി. ഈ വര്‍ഷം മന്ദാനയുടെ അഞ്ചാം സെഞ്ച്വറിയാണിത്. ഇന്ത്യയുടെ അവസാന ലീഗ് മത്സരം ഞായറാഴ്ച ബംഗ്ലാദേശിനെതിരെയായിരിക്കും.