india

‘ഇന്നും ബി.ജെ.പിയുടെ നിയമസംഹിത മനുസ്മൃതി; ഭരണഘടനയല്ല’; ലോക്‌സഭയില്‍ ബിജെപിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

By webdesk17

December 14, 2024

ഭരണഘടനക്കെതിരെ സവര്‍ക്കര്‍ ഉന്നയിച്ച പരാമര്‍ശങ്ങള്‍ പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള ചീട്ടാക്കി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മനുസ്മൃതിയാണ് ഭരണഘടനയെന്നു പറഞ്ഞയാളാണ് സവര്‍ക്കറെന്നും ഭരണഘടനയില്‍ ഇന്ത്യയുടേതായി ഒന്നുമില്ലെന്നു പറഞ്ഞ ആര്‍.എസ്.എസ് നേതാക്കളെ ബി.ജെ.പി തള്ളിപ്പറയുമോയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ഭരണഘടനയുടെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായി ലോക്‌സഭയില്‍ നടന്ന പ്രത്യേക ചര്‍ച്ചയിലാണ് രാഹുല്‍ ഗാന്ധി ബിജെപിയെ വിമര്‍ശിച്ചത്.

ഭരണഘടനയുടെ ചെറിയ പതിപ്പ് കൈയിലുയര്‍ത്തിയാണ് രാഹുല്‍ സംസാരിച്ചത്. ഭരണഘടനയില്‍ ഇന്ത്യയുടേതായി ഒന്നുമില്ലെന്നും മനു സ്മൃതിയാണ് ഔദ്യോഗിക രേഖയെന്നതായിരുന്നു സവര്‍ക്കറുടെ വാദം. ഇന്നും ബി.ജെ.പിയുടെ നിയമസംഹിത മനുസ്മൃതിയാണ്, ഭരണഘടനയല്ല. രാജ്യത്തെ പിന്നാക്കം കൊണ്ടുപോകാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും രാഹുല്‍ പറഞ്ഞു. അദാനിക്ക് അവസരം നല്‍കിയും ലാറ്ററല്‍ എന്‍ട്രി അവസരം നല്‍കിയും രാജ്യത്തെ യുവാക്കള്‍ക്ക് അവസരം ഇല്ലാതാക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ഹാഥ്റസ് കേസിലെ പ്രതികള്‍ ഇപ്പോഴും പുറത്താണെന്നും കുറ്റവാളികളെ സംരക്ഷിക്കണമെന്ന് ഭരണഘടനയില്‍ പറയുന്നില്ലെന്നും രാഹുല്‍ ഓര്‍മ്മപ്പെടുത്തി. രാജ്യത്ത് നടക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കെല്ലാം പിന്നില്‍ ബി.ജെ.പിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.അഗ്‌നിവീര്‍ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്നും ബി.ജെ.പി എല്ലാ ദിവസവും ഭരണഘടനയെ ആക്രമിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. കര്‍ഷകരെ സര്‍ക്കാര്‍ ഉപദ്രവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടന കേവലം നിയമപരമായ ഒരു രേഖയല്ലെന്നും അത് നമ്മുടെ രാജ്യത്തിന്റെ ആത്മാവാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും അംബേദ്കറിന്റെയും ആശയമാണ് ഭരണഘടനയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ മനുസ്മൃതിയാണ് പിന്തുടരുന്നതെന്നും രാഹുല്‍ പരിഹസിച്ചു. ഹാത്രസിലെ അതിജീവിതയുടെ കുടുംബത്തെ ഭരണസംവിധാനം ഒറ്റപ്പെടുത്തിയിരിക്കുന്നെന്നും രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക തുല്ല്യത ഇല്ലാതായെന്നും രാഹുല്‍ പറഞ്ഞു.