ഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന് രൂക്ഷമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ‘ബിജെപിക്ക് വേണ്ടി ചെയ്തുകൊടുക്കാന്‍ ഉള്ളതൊക്കെ ചെയ്‌തോളൂ.. നിങ്ങളെ സംരക്ഷിക്കാന്‍ മോദി ഉണ്ടാക്കിയ ആ നിയമം ഞങ്ങള്‍ മാറ്റും. നിങ്ങള്‍ക്കെതിരെ മുന്‍കാല പ്രാബല്യത്തോടെ നടപടിയെടുക്കും’- രാഹുല്‍ ഗാന്ധി. ഡല്‍ഹി രാംലീല മൈതാനത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘വോട്ട് ചോര്‍, ഗദ്ദി ഛോഡ്’ റാലിയില്‍ സംസാരിക്കവേയാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ പേരെടുത്തു പറഞ്ഞ് രാഹുല്‍ ഗാന്ധി പരസ്യ വെല്ലുവിളി നടത്തിയത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, കമ്മീഷണര്‍മാരായ വിവേക് ജോഷി, സുഖ്ബീര്‍ സിങ് സന്ധു എന്നിവരെ ലക്ഷ്യമിട്ടായിരുന്നു രാഹുലിന്റെ വാക്കുകള്‍.ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോഴുള്ള നിയമപരമായ പരിരക്ഷ എടുത്തുമാറ്റുമെന്നും, അവര്‍ ചെയ്ത പ്രവൃത്തികള്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ വിചാരണ നേരിടേണ്ടി വരുമെന്നുമാണ് രാഹുല്‍ വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്പക്ഷത പാലിക്കുന്നില്ലെന്നും ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമായി വോട്ട് മോഷണത്തിന് കൂട്ടുനില്‍ക്കുന്നുവെന്നും ആരോപിച്ചാണ് കോണ്‍ഗ്രസ് ഡല്‍ഹിയില്‍ പടുകൂറ്റന്‍ റാലി സംഘടിപ്പിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിലടക്കം ക്രമക്കേടുകള്‍ നടന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു ഈ റാലി. ജനാധിപത്യത്തെ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ രക്ഷപ്പെടില്ലെന്നും രാഹുല്‍ വ്യക്തമാക്കി.