ഗ്വിമാറസ്: കളി തുടങ്ങും മുമ്പേ ചുവപ്പു കാര്‍ഡ് കണ്ട ഫ്രഞ്ച് ഡിഫന്റര്‍ പാട്രീസ് എവ്രക്ക് റെക്കോര്‍ഡ്. യൂറോപ്പ ലീഗില്‍ പോര്‍ച്ചുഗീസ് ക്ലബ്ബ് വിക്ടോറിയ ഗ്വിമാറസിനെതിരായ മത്സരം ആരംഭിക്കും മുമ്പ് വംശീയമായി അധിക്ഷേപിച്ച ആരാധകനെ ചവിട്ടിയതിനാണ് ഒളിംപിക് മാഴ്‌സെ താരമായ എവ്ര ചുവപ്പുകാര്‍ഡ് കണ്ടത്. മത്സരത്തിനുള്ള സബ്സ്റ്റിറ്റിയൂട്ട് ലിസ്റ്റില്‍ ഉണ്ടായിരുന്ന താരത്തെ റഫറി തമാസ് ബോനിയര്‍ കിക്കോഫിന് മുമ്പ് ചുവപ്പു കാര്‍ഡ് കാണിച്ചു പുറത്താക്കുകയായിരുന്നു.

മത്സരത്തിനു മുമ്പായുള്ള വാം അപ്പിനിടെയാണ് എവ്ര പ്രകോപിതനായത്. ത്രോലൈനിനു പുറത്തുള്ള പരസ്യ ബോര്‍ഡുകള്‍ക്കരികില്‍ വാം അപ്പ് നടത്തുന്നതിനിടെ അപ്പുറത്തു നിന്ന് ഒളിംപിക് മാഴ്‌സെയുടെ ആരാധകന്‍ താരത്തെ വംശീയമായി അധിക്ഷേപിച്ചു എന്നാണ് സൂചന. പ്രകോപിതനായ എവ്ര പരസ്യ ബോര്‍ഡിനു മുകളിലൂടെ ആരാധകന്റെ മുഖം ലക്ഷ്യമാക്കി കിക് ചെയ്തു. ആരാധകന്‍ ഓടി രക്ഷപ്പെട്ടതിനാലും എവ്രയെ സഹതാരങ്ങള്‍ പിടിച്ചുമാറ്റിയതിനാലും കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല.

യൂറോപ്പ ലീഗിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു കളിക്കാരന്‍ മത്സരം തുടങ്ങുന്നതിനു മുമ്പ് ചുവപ്പുകാര്‍ഡ് കാണുന്നത്. സംഭവത്തില്‍ എവ്ര ഇന്‍സ്റ്റഗ്രാമിലൂടെ മാപ്പു പറഞ്ഞു. താരത്തിനെതിരായ കൂടുതല്‍ നടപടികള്‍ യുവേഫ പിന്നീട് തീരുമാനിക്കും. അതേസമയം, വംശീയമായി പ്രതികരിച്ച ആരാധകനെതിരെ തത്സമയം പ്രതികരിച്ച എവ്രക്ക് അനുകൂലമായി നിരവധി പേര്‍ രംഗത്തു വന്നിട്ടുണ്ട്.

മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് വിക്ടോറിയ ഗ്വിമാറസ് മാഴ്‌സെയെ തോല്‍പ്പിച്ചു. കളിക്കിടെ മാഴ്‌സെ താരമായ ബൂബക്കര്‍ കമാറ രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായിരുന്നു.