തൃശൂര്‍: ഇസ്‌ലാം മതസൗഹാര്‍ദ്ദവും സമഭാവനയും വിശ്വമാനവികതയും പ്രചരിപ്പിക്കുന്ന മതദര്‍ശനമാണെന്നും യഥാര്‍ത്ഥ വിശ്വാസിക്ക് ഒരിക്കലും തീവ്രവാദിയാകാന്‍ സാധ്യമല്ലെന്നും മുന്‍ ഡി.ജി.പി ഡോ. അലക്‌സാണ്ടര്‍ ജേക്കബ്. സംസ്ഥാന വഖഫ് ബോര്‍ഡ് തൃശൂരില്‍ സംഘടിപ്പിച്ച ഇമാം/ഖത്തീബ് പരിശീലന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇസ്‌ലാം ശാസ്ത്രീയ മതമാണ്. സൈബര്‍ യുഗത്തില്‍ മതപ്രബോധനത്തിന് ക്രിയാത്മകമായ പങ്കുവഹിക്കുന്നതിന് പണ്ഡിതന്മാര്‍ തയ്യാറാകണം. പണ്ഡിതന്മാര്‍ ദൂഷ്യങ്ങള്‍ക്ക് വഴിപ്പെടരുതെന്നും ഒരു ജനതതിയുടെ വഴികാട്ടിയാകാന്‍ അവര്‍ മുന്നോട്ടുവരണമെന്നും ഡോ. അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു.

വഖഫ് ബോര്‍ഡ് അംഗം എം.സി മായിന്‍ഹാജി അധ്യക്ഷത വഹിച്ചു. പരിശീലന പരിപാടി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അംഗങ്ങളായ അഡ്വ. പി.വി സൈനുദ്ദീന്‍, അഡ്വ. എം. ഷറഫുദ്ദീന്‍, അഡ്വ. ഫാത്തിമ റോസ്‌ന എന്നിവര്‍ പ്രസംഗിച്ചു. പരിശീലന ക്ലാസിന് ഡോ. എ.പി അബ്ദുല്ലക്കുട്ടി നേതൃത്വം നല്‍കി. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം.കെ സാദിഖ് സ്വാഗതവും ഡിവിഷണല്‍ ഓഫീസര്‍ മഞ്ജു നന്ദിയും പറഞ്ഞു.