അഫ്‌സല്‍ കയ്യങ്കോട്
പരീക്ഷാകാലമാണ് വരാന്‍പോകുന്നത്. സ്‌കൂളിലും കോളജിലും പഠിക്കുന്ന വലിയൊരു ശതമാനം കുട്ടികളും പരീക്ഷയെ ഭയപ്പാടോടെയാണ് കാണുന്നത്. മാതാപിതാക്കളുടെ അതിസമ്മര്‍ദ്ദവും മാര്‍ക്ക് കുറഞ്ഞാലുണ്ടാകുന്ന ശകാരവാക്കുകളും ശിക്ഷകളുമാണ് കുട്ടികള്‍ പരീക്ഷയെ ഭയപ്പെടുന്ന പ്രധാന കാരണം. മക്കള്‍ക്ക് ആത്മവിശ്വാസവും ആത്മധൈര്യവും കൊടുക്കാനാണ് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്. ഞങ്ങള്‍ ഒപ്പമുണ്ട്, ധൈര്യമായി പഠിച്ചോളൂ എന്ന നിലപാടാണ് ഈ സമയത്ത് മാതാപിതാക്കള്‍ സ്വീകരിക്കേണ്ടത്. പരീക്ഷയോട് ആരോഗ്യകരമായ സമീപനം കുട്ടികളില്‍ വളര്‍ത്തുക. നിശ്ചിതമാര്‍ക്ക്, ഗ്രേഡ് വാങ്ങിയിരിക്കണം എന്ന് നിഷ്‌കര്‍ഷിക്കുന്നതിന്പകരം ഏത് ഗ്രേഡ് കിട്ടിയാലും ഞങ്ങള്‍ ഹാപ്പിയാകുമെന്ന് പറഞ്ഞ് മകളുടെ കഴിവും കഴിവ് കേടുകളും മനസ്സിലാക്കി ജീവിതത്തിന്റെ ലക്ഷ്യബോധ്യത്തെകുറിച്ചും ഉന്നത വിജയം നേടിയാലുണ്ടാവുന്ന നേട്ടങ്ങളെ കുറിച്ചും വളരെ ശാന്തമായും വിവേകത്തോടെയും സ്‌നേഹ സൗഹാര്‍ദ്ദത്തോടെയും മക്കളോട് പറയണം.
ഏത് സമയവും ‘പഠിക്ക് പഠിക്ക്’ എന്ന് പറഞ്ഞ് കുട്ടികളെ ബോറടിപ്പിക്കുന്നതിന്പകരം മക്കളുടെ താല്‍പര്യത്തിനും അവരുടെ ഇഷ്ടത്തിനും അനുസരിച്ച് പഠിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുക. പഠനത്തോടുള്ള വെറുപ്പ് അവരില്‍ ഉളവാക്കാതെ ആസ്വദിച്ച് പഠിക്കുമ്പോഴുള്ള പഠനം കുട്ടികളില്‍ മികച്ചതായിരിക്കും. കുട്ടികളില്‍ പരീക്ഷയെ കുറിച്ചുള്ള അമിതമായ ഭയം ഇല്ലാതാക്കണം. അമിത ഭയം പഠിച്ച ഭാഗങ്ങള്‍ മറന്ന് പോകാന്‍ ഇടവരും. മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്താതിരിക്കുക, പോഷക സമൃദ്ധമായ ഭക്ഷണം നല്‍കുക, ചുരുങ്ങിയത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, വൈകുന്നേരം മൂന്ന് മണി മുതല്‍ ഏഴ് മണി വരെയുള്ള സമയങ്ങളില്‍ പഠനം ഒഴിവാക്കുക, (ഈ സമയങ്ങളില്‍ കളി, വിനോദങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത് കുട്ടികളുടെ മാനസിക ബലം കൂട്ടുമെന്നാണ് മനഃശാസ്ത്രം പഠിപ്പിക്കുന്നത്) കുട്ടികള്‍ പഠിക്കുന്ന സമയങ്ങളില്‍ രക്ഷിതാക്കള്‍ ടെലിവിഷന്‍ കാണുന്നത് നിര്‍ബന്ധമായും ഒഴിവാക്കുക, പഠനവേളകളില്‍ ചോദ്യംചോദിച്ച് ബുദ്ധിമുട്ടിക്കാതിരിക്കുക, രാവിലെ അഞ്ച് മണിക്ക് എഴുന്നേല്‍പ്പിച്ച് കുളിച്ച് വൃത്തിയായി പ്രാര്‍ത്ഥന നിര്‍വഹിച്ച് ലഘു ഭക്ഷണം കഴിപ്പിച്ചതിന്‌ശേഷം പഠിക്കാന്‍ പറയുക, മൊബൈല്‍ ഉപയോഗിക്കുന്ന കുട്ടികളാണെങ്കില്‍ ബലമായി പിടിച്ച് വാങ്ങിവെക്കുന്നതിന്പകരം സ്‌നേഹത്തോടെ ശാന്തമായി പറഞ്ഞ് മനസ്സിലാക്കി മൊബൈല്‍ സ്വയമേ കുട്ടികള്‍ മാറ്റിവെക്കുന്ന വിധത്തില്‍ പെരുമാറുക. പരീക്ഷക്ക് പോകുമ്പോള്‍ ആവശ്യമായ സാമഗ്രികള്‍ തലേദിവസംതന്നെ ഓര്‍മപ്പെടുത്തി എടുത്ത്‌വെക്കാന്‍ സഹായിക്കുക, പരീക്ഷക്ക് വീട്ടില്‍നിന്ന് കുട്ടികള്‍ ഇറങ്ങുമ്പോള്‍ പ്രാര്‍ത്ഥിച്ച് ആത്മവിശ്വാസം നല്‍കി ചുംബനം നല്‍കി യാത്രയാക്കുക, പരീക്ഷ കഴിഞ്ഞ് വന്നാല്‍ എങ്ങനെയുണ്ട് പരീക്ഷ എന്ന് വേണമെങ്കില്‍ ചോദിക്കാമെന്നല്ലാതെ ചോദ്യപേപ്പര്‍ വാങ്ങി ക്രോസ്‌വിസ്താരം നടത്തുന്നത് തീര്‍ത്തും മാതാപിതാക്കള്‍ ഒഴിവാക്കണം. കഴിഞ്ഞ പരീക്ഷയെ കുറിച്ചുള്ള പോസ്റ്റുമോട്ടവും വിശകലനവും തൊട്ടടുത്ത ദിവസങ്ങളില്‍ എഴുതാനിരിക്കുന്ന പരീക്ഷയെ കുട്ടികളില്‍ ബാധിക്കും.
പരീക്ഷ ഭയപ്പെടാനുള്ളതല്ല. പരാജയങ്ങളെപറ്റി ചിന്തിക്കാതെ മുന്‍പു ലഭിച്ച വിജയങ്ങളെപറ്റി ചിന്തിക്കുക. ജീവിതത്തിലെ വലിയ പരീക്ഷണങ്ങളെ നേരിടാന്‍ പരിശീലനം ലഭിക്കുന്ന വളരെ ചെറിയൊരു സാമ്പിള്‍ മാത്രമായി പരീക്ഷയെ കാണുക. പരീക്ഷകള്‍ ജീവിതത്തി ന്റെ അവസാനമല്ലെന്നും ജീവിതം നീണ്ട്കിടക്കുന്നതാണെന്നുമുള്ള അവബോധത്തോടെ മുന്നേറി പഠിക്കുക. പരീക്ഷാദിവസം അടുത്ത് കൊണ്ടിരിക്കുകയാണ്. ഇനി അങ്ങോട്ടുള്ള ദിവസങ്ങള്‍ തിടുക്കപ്പെട്ടിട്ടുള്ള പഠനം പരമാവധി ഒഴിവാക്കി റിവിഷന് സമയം ചിലവഴിക്കുന്നത് നന്നായിരിക്കും. കുറേയൊക്കെ പഠിച്ചുതീര്‍ത്തു, ഇനിയും കുറേയേറെ പഠിക്കാനുണ്ടൊ? എന്ന ഉത്കണ്ഠയും വേവലാധിയും ഒഴിവാക്കുക. ഇനിയുള്ള ദിവസങ്ങളില്‍ പഠിക്കാന്‍ പ്രയാസം തോന്നുന്ന വിഷയത്തിനു കൂടുതല്‍ സമയം ചിലവാക്കുക. ഉറക്കം ഒഴിവാക്കി പഠിക്കാനും പാടില്ല. എല്ലാം ഒറ്റയടിക്ക് പഠിച്ചുതീര്‍ക്കാന്‍ ശ്രമിക്കാതെ കുറേശ്ശേ പഠിക്കുക. മുന്‍കാല ചോദ്യപേപ്പറുകള്‍ സംഘടിപ്പിച്ച് പഠിക്കുന്നതും സ്വയം പരീക്ഷ എഴുതി മൂല്യനിര്‍ണയം നടത്തുന്നതും ആത്മവിശ്വാസം വര്‍ധിപ്പിക്കും. പരീക്ഷാഹാളിലെത്തി ചോദ്യപേപ്പര്‍ കൈയില്‍ കിട്ടിയാല്‍ ചോദ്യം മുഴുവന്‍ വായിച്ച് നോക്കി അറിയാവുന്ന ഉത്തരങ്ങള്‍ മാര്‍ക്ക് ചെയ്ത് പെട്ടെന്ന് എഴുതിതീര്‍ക്കുക. പരീക്ഷ എഴുതുന്നതിന്റെ ആദ്യത്തെ പത്ത് മിനുട്ട് ചോദ്യങ്ങള്‍ വായിച്ച് നോക്കാനും അവസാനത്തെ പത്ത് മിനുട്ട് എഴുതിയ ഉത്തരങ്ങള്‍ പരിശോധിക്കാനും നീക്കിവെക്കുക. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ കഴിഞ്ഞ പരീക്ഷയെ കുറിച്ച് കൂട്ടുകാരുമായി ചര്‍ച്ച ചെയ്യുന്നതും മാര്‍ക്ക് കൂട്ടി നോക്കുന്നതും ഒഴിവാക്കുക. കഴിഞ്ഞ പരീക്ഷ കഴിഞ്ഞു വരാനിരിക്കുന്ന പരീക്ഷയെ കുറിച്ച് മാത്രം ആലോചിക്കുക.