kerala

എക്സൈസ് കമ്മീഷണര്‍ എം.ആര്‍. അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയ ഹരജി തള്ളി

By sreenitha

January 29, 2026

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എക്സൈസ് കമ്മീഷണറും എ.ഡി.ജി.പി യുമായ എം.ആര്‍. അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി സമര്‍പ്പിച്ച ഹരജി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി തള്ളി. പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടത് സര്‍ക്കാരാണെന്നും ഇത്തരത്തിലുള്ള അപേക്ഷകള്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.

വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി എ. മനോജാണ് വിധി പ്രഖ്യാപിച്ചത്. നെയ്യാറ്റിന്‍കര സ്വദേശി കൂടിയായ അഭിഭാഷകന്‍ പി. നാഗരാജാണ് ഹരജി സമര്‍പ്പിച്ചത്. നേരത്തെ വിജിലന്‍സ് സമര്‍പ്പിച്ച ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് കോടതി തള്ളുകയും കേസില്‍ തുടരന്വേഷണം നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഈ ഉത്തരവിനെതിരെ എം.ആര്‍. അജിത് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

കേസുമായി മുന്നോട്ട് പോകാന്‍ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമാണ് എന്ന നിലപാട് കോടതി വ്യക്തമാക്കിയിരുന്നെങ്കിലും, സര്‍ക്കാരിനോട് അപേക്ഷ നല്‍കുന്നതിനുപകരം ഹരജിക്കാരന്‍ നേരിട്ട് വിജിലന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതാണ് ഹരജി തള്ളാന്‍ കാരണമായത്.

തിരുവനന്തപുരം കവടിയാറില്‍ ഭാര്യ സഹോദരനൊപ്പം ചേര്‍ന്ന് സെന്റിന് 70 ലക്ഷം രൂപ വില വരുന്ന ഭൂമി വാങ്ങി ആഢംബര കെട്ടിടം നിര്‍മിച്ചതില്‍ അഴിമതിപ്പണം ഉപയോഗിച്ചുവെന്നാണ് ഹരജിക്കാരന്റെ ആരോപണം. ഇതിന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി എ.ഡി.ജി.പിയെ വഴിവിട്ട് സഹായിച്ചതായും ഹരജിയില്‍ ആരോപിച്ചിരുന്നു.