GULF

അബുദാബിയില്‍ പ്രവാസികളുടെ വിവാഹത്തില്‍ വന്‍വര്‍ധനവ്

By webdesk17

August 21, 2025

റസാഖ് ഒരുമനയൂര്‍

അബുദാബി: അബുദാബിയില്‍ വിവാഹം കഴിക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തി. മൂന്നുവര്‍ഷംമുമ്പ് വിദേശി വിവാഹങ്ങളുടെ 14-ാം നമ്പര്‍ നിയമം പ്രാബല്യത്തില്‍ വന്നശേഷം 2025 ന്റെ ആദ്യ പകുതിവരെ അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ 43,000 സിവില്‍ വിവാഹ കരാറുകള്‍ രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.

ഈ വര്‍ഷം ആദ്യപകുതിയില്‍ 10,000ത്തിലധികം സിവില്‍ വിവാഹ അപേക്ഷകള്‍ വിദേശികള്‍ സിവില്‍ ഫാമിലി കോടതിയില്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ ഇരുപത് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

അബുദാബി എമിറേറ്റില്‍ സിവില്‍ വിവാഹത്തെയും അതിന്റെ ഫലങ്ങളെയും കുറിച്ചുള്ള 2021 ലെ 14-ാം നമ്പര്‍ നിയമം നിലവില്‍ വന്നതിനുശേഷം വിവാഹ റജിസ്റ്ററുകളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചതായി അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അണ്ടര്‍ സെക്രട്ടറി കോണ്‍സിലര്‍ യൂസഫ് സഈദ് അല്‍ അബ്രി പറഞ്ഞു.

വിദേശികളില്‍ നിന്നുള്ള സിവില്‍ വിവാഹ സേവനങ്ങള്‍ക്കായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം മിഡില്‍ ഈസ്റ്റിലെ ഈ സേവനത്തിന്റെ ഉയര്‍ന്ന നിലവാരമാണ് വ്യക്തമാക്കുന്നത്. എമിറേറ്റിന്റെ വിശാലമായ വികസന പുരോഗതിക്ക് അനുസൃതമായി നൂതനമായ ജുഡീഷ്യല്‍ സേവനങ്ങള്‍ നല്‍കുന്നതിനുള്ള അബുദാബിയുടെ പ്രതിബദ്ധതയാണ് ഇത് ബോധ്യപ്പെടുത്തുന്നത്.

വിദേശികള്‍ക്കായി ഒരുക്കിയ മേഖലയിലെ ആദ്യത്തെ സിവില്‍ പേഴ്‌സണല്‍ സ്റ്റാറ്റസ് കോടതിയുടെ സ്ഥാപനം ഒരു പ്രധാന നാഴികക്കല്ലാ യി അടയാളപ്പെടുത്തിയതായും, സിവില്‍ വിവാഹ സേവനങ്ങള്‍ തേടുന്നവര്‍ക്ക് അബുദാബി ഇഷ്ട കേന്ദ്രമായി മാറിയതായും കൗണ്‍സിലര്‍ അല്‍ അബ്രി അഭിപ്രായപ്പെട്ടു.

അറബി ഭാഷ സംസാരിക്കാത്തവര്‍ക്ക് നിയമ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതില്‍ അറബിയിലും ഇംഗ്ലീഷിലുമുള്ള സേവനങ്ങള്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സിവില്‍ ഫാമിലി കോടതിയുടെ സ്ഥിതിവി വരക്കണക്ക് റിപ്പോര്‍ട്ട് അനുസരിച്ച്, രജിസ്റ്റര്‍ ചെയ്ത സിവില്‍ വിവാഹങ്ങളുടെ എണ്ണം മൂന്ന് വര്‍ഷത്തിനു ള്ളില്‍ ഗണ്യമായി വര്‍ദ്ധിച്ചു.

2022 ല്‍ 5,400 പേരാണ് റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ 2024ല്‍ പതിനാറായിര മായി ഉയര്‍ന്നു. 2025 ന്റെ ആദ്യ പകുതിയില്‍ മാത്രം 10,000 ആയി വന്‍ വര്‍ധനവ് രേഖപ്പെടുത്തുകയും ചെയ്തതായി അല്‍അബ്രി വ്യക്തമാക്കി.

സഹിഷ്ണുതയും സാംസ്‌കാരിക വൈവിധ്യവും നിറഞ്ഞുനില്‍ക്കുന്ന കേന്ദ്രമെന്ന നിലയില്‍ അബുദാബിയുടെ പ്രശസ്തി കൂടുതല്‍ ഉറപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. എല്ലാ വ്യവഹാര ഘട്ടങ്ങളെയും കുറിച്ചുള്ള പൂര്‍ണ്ണമായ ധാരണയോടെ, വിദേശികള്‍ക്ക് നിയമ നടപടികള്‍ സുതാര്യമായി പൂര്‍ത്തിയാക്കാന്‍ അബുദാബി കോടതി പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നീതിയുടെ തത്വങ്ങളോടുള്ള അബുദാബിയുടെ സമര്‍പ്പണമാണ് ഇത് വ്യക്തമാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.