News

ഊട്ടിയില്‍ അതിശൈത്യം; പലയിടത്തും മഞ്ഞുവീഴ്ച, വിനോദസഞ്ചാര മേഖലകളില്‍ വിലക്ക്

By webdesk17

December 24, 2025

നീലഗിരി: ഊട്ടിയില്‍ അതിശൈത്യം. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, കാന്തല്‍, തലൈകുണ്ട അവലാഞ്ച് തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാപകമായ തണുപ്പാണ് അനുഭവപ്പെട്ടത്. തലൈകുണ്ട പ്രദേശത്ത് താപനില -1 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. ഊട്ടിയിലെ മറ്റ് ചില പ്രദേശങ്ങളില്‍ -0.1 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

പ്രദേശത്ത് താമസിക്കുന്നവരുടെ ദൈനംദിന ജീവിതത്തെ കഠിനമായ തണുപ്പ് ബാധിച്ചിട്ടുണ്ട്.  ഈ പ്രദേശത്തുകൂടിയുള്ള യാത്രയും അങ്ങേയറ്റം ദുഷ്‌കരമായി മാറി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കാമരാജ് സാഗര്‍ അണക്കെട്ടിന് സമീപമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിനോദസഞ്ചാരികള്‍ക്ക് വനം വകുപ്പ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

മുന്‍കരുതല്‍ നടപടിയായി വനം വകുപ്പ് നിരോധനം ഏര്‍പ്പെടുത്തിയതോടെ അര്‍ദ്ധരാത്രി മുതല്‍ തലൈകുണ്ട പ്രദേശത്ത് കാഴ്ചകള്‍ കാണാന്‍ എത്തിയ വിനോദസഞ്ചാരികള്‍ക്ക് കാമരാജ് സാഗര്‍ അണക്കെട്ട് പ്രദേശത്തേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ആളുകള്‍ ദൂരെ നിന്ന് റോഡരികില്‍ ഒത്തുകൂടി കാഴ്ചകള്‍ ആസ്വദിച്ച് മടങ്ങി.

തണുപ്പ് കാരണം സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടാണെന്നാണ് വിനോദസഞ്ചാരികള്‍ പറയുന്നത്. വാഹനങ്ങള്‍ക്കും വീടുകള്‍ക്കുമെല്ലാം മുകളില്‍ മഞ്ഞ് കാണപ്പെട്ടു. കഠിനമായ മഞ്ഞുവീഴ്ച കാരണം ഉദയ്പൂരിലെ ഏറ്റവും കുറഞ്ഞ താപനില -0.1ത്ഥഇ ആയിരുന്നു. കഴിഞ്ഞ 10 ദിവസമായി നീലഗിരി ജില്ലയില്‍ മഞ്ഞുവീഴ്ച തുടരുകയാണ്. ഊട്ടിയിലേക്ക് തമിഴ്നാട്ടില്‍ നിന്ന് മാത്രമല്ല, കേരളം, കര്‍ണാടക തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും നിരവധിയാളുകളാണ് തണുപ്പ് അനുഭവിക്കാനായി വിവിധയിടങ്ങളിലേയ്ക്ക് എത്തുന്നത്.