News

അതിശൈത്യം പിടിമുറുക്കി; മൂന്നാറില്‍ താപനില പൂജ്യത്തില്‍, പുല്‍മേടുകള്‍ മഞ്ഞുപാളികളില്‍

By webdesk17

December 23, 2025

ഇടുക്കി: മഞ്ഞില്‍ മൂടപ്പെട്ട മൂന്നാറില്‍ അതിശൈത്യം തുടരുന്നു. ഏറ്റവും കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ എത്തി, പ്രദേശം കടുത്ത തണുപ്പില്‍ വിറങ്ങലിക്കുകയാണ്. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് മൂന്നാറിലെ താപനില മൈനസ് ഒരു ഡിഗ്രി സെല്‍ഷ്യസിലേക്കും താഴ്ന്നിരുന്നു. തുടര്‍ന്ന് വീണ്ടും പൂജ്യം ഡിഗ്രിയിലേക്ക് ഉയര്‍ന്നെങ്കിലും അതിശൈത്യത്തിന്റെ തീവ്രത കുറയാത്ത നിലയിലാണ്.

ഈ മാസം പകുതി മുതല്‍ മൂന്നാറില്‍ ശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്. രാത്രികളിലെ കടുത്ത തണുപ്പിനൊപ്പം പകല്‍ സമയത്തും കനത്ത ശൈത്യം നിലനിന്നിരുന്നു. പുല്‍മേടുകളെല്ലാം മഞ്ഞുപാളികള്‍ കൊണ്ട് മൂടപ്പെട്ടിരിക്കുകയാണ്. അവധിക്കാലം ആരംഭിച്ചതോടെ മഞ്ഞ് വീണ മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ സഞ്ചാരികളുടെ തിരക്കേറിയെത്തുകയാണ്.

പുതുവര്‍ഷം കൂടി സമീപിക്കുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ വിനോദസഞ്ചാരികളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് കണക്കുകൂട്ടല്‍. വരും ദിവസങ്ങളില്‍ താപനില കൂടുതല്‍ താഴാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ സീസണില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില മൈനസ് മൂന്ന് ഡിഗ്രി സെല്‍ഷ്യസായിരുന്നുവെന്നും കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി.