ന്യൂഡല്‍ഹി: ഏഴു ദിവസങ്ങള്‍ക്കു ശേഷം മെസേജുകള്‍ താനെ മാഞ്ഞു പോകുന്ന ഡിസപ്പിയറിങ് ഫീച്ചര്‍ സൗകര്യം ജനപ്രിയ ചാറ്റിങ് ആപ്ലിക്കേഷനായ വാട്‌സപ്പില്‍ കൊണ്ടുവന്നത് കഴിഞ്ഞ വാരമാണ്. ഈ സൗകര്യം ഫെയ്‌സ്ബുകിന്റെ മെസഞ്ചര്‍ ആപ്ലിക്കേഷനിലും ഇന്‍സ്റ്റഗ്രമിലും കൊണ്ടു വരാന്‍ ഒരുങ്ങുകയാണ് കമ്പനി.

ലഭിക്കുന്ന മെസേജുകള്‍ ഏഴു ദിവസം വരെ നമുക്ക് കാണാനാകും. ശേഷം തനിയെ മാഞ്ഞു പോകും. ഇതാണ് ഡിസപ്പിയറിങ് ഫീച്ചര്‍. ഡിസപ്പിയറിങ് എന്ന ഒപ്ഷന്‍ ഇനാബിള്‍ ചെയ്യുന്നതോടെ ഏഴു ദിവസങ്ങള്‍ക്കു ശേഷം മെസേജുകള്‍ അപ്രത്യക്ഷമാകും. പിന്നെ മുമ്പ് ചെയ്ത ചാറ്റുകളൊന്നും കാണാനാവില്ല. നേരത്തെ സ്‌നാപ്ചാറ്റിലടക്കം ഈ സൗകര്യം കൊണ്ടു വന്നിട്ടുണ്ട്.

ടെക്സ്റ്റ് മെസേജുകള്‍ മാത്രമല്ല, ചിത്രങ്ങളടക്കമുള്ളവയും മാഞ്ഞുപോകും. അതുകൊണ്ട് ആവശ്യമുള്ള ഭാഗങ്ങള്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് സൂക്ഷിക്കുകയോ ചിത്രങ്ങളാണെങ്കില്‍ സേവ് ചെയ്ത് സൂക്ഷിക്കുകയോ ചെയ്യണം. ആപ്പില്‍ ഓട്ടോ ഡൗണ്‍ലോഡ് എനേബിള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ചാറ്റ് ഡിസപ്പിയര്‍ ആയാലും ചിത്രങ്ങള്‍ ഗാലറിയില്‍ ലഭ്യമായിരിക്കും. ഒരു ഡിസപിയറിംഗ് മെസേജിന് നിങ്ങള്‍ നല്‍കിയ റിപ്ലൈ ഏഴ് ദിവസം കഴിഞ്ഞാലും കാണാന്‍ സാധിക്കും. നിങ്ങള്‍ ചാറ്റ് ബാക്കപ്പ് ചെയ്തിട്ടുണ്ടെങ്കില്‍ ഡിസപിയറിംഗ് മെസേജ് അടക്കം അതില്‍ ലഭ്യമായിരിക്കും.