crime

ഇസ്‌ലാം മതത്തെ അപമാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്: ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അറസ്റ്റിൽ

By webdesk13

May 30, 2024

ഇസ്‌ലാം  മതത്തെ അപമാനിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം നടത്തിയ സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകനെ തൃശൂര്‍ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.

ബി.ജെ.പി കാട്ടകാമ്പാല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബൈജുവിനെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ബൈജു വേലായുധന്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് 23.5.2024 മുതല്‍ ഇസ്‌ലാം മതത്തെയും പ്രവാചകന്‍ മുഹമ്മദ് നബിയേയും മകളായ ഫാത്തിമ ബീവിയേയും മതപണ്ഡിതരെയും അപമാനിക്കുന്ന തരത്തില്‍ പ്രതി, പ്രചാരണം നടത്തിയിരുന്നു.

ഇസ്‌ലാം  മത വിശ്വാസികളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തനം നടത്തിയതിനാണ് കുന്നംകുളം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കരിക്കാട് സ്വദേശി താഴത്തേതില്‍ വീട്ടില്‍ റാഫിയുടെ പരാതിയിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്കുശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.