കണ്ണൂര്‍: തന്റെ മുഖം അനാവശ്യമായി പ്രചരിപ്പിച്ചു എന്നു പറഞ്ഞ് ഷിംജിത മുസ്തഫയ്‌ക്കെതിരെ ബസിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ പരാതി. കണ്ണൂര്‍ പൊലീസിലാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ദീപകിന്റെ കുടുംബമാണ് ഇങ്ങനെയൊരു പരാതി ഉള്ളതായി പറഞ്ഞത്.
ഈ പരാതിയുടെ വിശദാംശം ആവശ്യപ്പെട്ട് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് വിവരാവകാശ അപേക്ഷ നല്‍കിയെന്നും ദീപകിന്റെ ബന്ധു സനീഷ് പറഞ്ഞു. ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 17 നാണ് പരാതി നല്‍കിയത്.
അതേസമയം, കേസില്‍ പ്രതിയായ ഷിംജിതയുടെ റിമാന്റ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ബസ്സില്‍ അസ്വാഭാവികമായ യാതൊരു സംഭവങ്ങളും നടന്നിട്ടില്ലെന്നും ഇരുവരും സാധാരണ നിലയില്‍ ബസ്സില്‍ നിന്നും ഇറങ്ങിപ്പോയതായും റിമാന്റ് റിപ്പോര്‍ട്ട്.
ദീപക്കിന്റെ ഭാഗത്തുനിന്ന് ശല്യപ്പെടുത്തലുകളോ മോശം പെരുമാറ്റമോ ഉണ്ടായിട്ടില്ലെന്ന് ബസ് ജീവനക്കാരും മൊഴി നല്‍കിയിട്ടുണ്ട്. മരിച്ച ദീപക്കിനെ ഉള്‍പ്പെടുത്തി ഏഴോളം വീഡിയോകള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതായും ശേഷം ആയവ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.